ദേശീയ സ്കൂള്‍ മീറ്റ്: 15 സ്വര്‍ണവുമായി കേരളം ആധിപത്യം തുടരുന്നു
Thursday, January 31, 2013 6:21 AM IST
തോമസ് വര്‍ഗീസ്

ഇറ്റാവ: ഇറ്റാവയില്‍ നടക്കുന്ന അന്‍പത്തിയെട്ടാമത് ദേശീയ സ്കൂള്‍ മീറ്റില്‍ മൂന്നാം ദിനത്തില്‍ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 15 സ്വര്‍ണവുമായി കേരളം മെഡല്‍പട്ടികയില്‍ ആധിപത്യം തുടരുകയാണ്. 14 വെള്ളിയും 12 വെങ്കലവും കേരളത്തിന്റെ അക്കൌണ്ടിലുണ്ട്. 4*100 മീറ്റര്‍ റിലേകളില്‍ ആറിനത്തില്‍ അഞ്ചെണ്ണത്തിലും കേരളത്തിനായിരുന്നു സ്വര്‍ണം.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗ്രീഷ്മ രാജന്‍, ജൂണിയര്‍ പെണ്‍കട്ടികളുടെ പോള്‍വോള്‍ട്ടില്‍ പാലാ സെന്റ് മേരീസ് സ്കൂളിലെ മരിയ ജെയ്സ് എന്നിവരും ഇന്ന് സ്വര്‍ണമണിഞ്ഞു. 3.15 മീറ്റര്‍ താണ്ടി മീറ്റ് റിക്കാര്‍ഡോടെയാണ് മരിയയുടെ സ്വര്‍ണനേട്ടം. അതേസമയം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന 100 മീറ്റര്‍ ഇനങ്ങളില്‍ കേരളത്തിന് രണ്ട് വെങ്കലമെഡലുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് സംസ്ഥാനത്തിന് തിരിച്ചടിയായി. ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തത്തംപള്ളി സെന്റ് മൈക്കിള്‍സ് എച്ച്എസിലെ സൌമ്യയും സീനിയര്‍ ആണ്‍കുട്ടികളില്‍ കല്ലടി സ്കൂളിന്റെ മുഹമ്മദ് ഷെര്‍സാദുമാണ് വെങ്കലം നേടിയത്.

ജൂണിയര്‍ പെണ്‍കുട്ടികളുടെ ജാവ്ലിന്‍ ത്രോയില്‍ ഗോപിക നാരായണനും ഹൈജംപില്‍ വിജിത വിജയനും വെള്ളി മെഡല്‍ നേടി.