ആശിഷ് നന്ദി സുപ്രീം കോടതിയിലേക്ക്
Thursday, January 31, 2013 12:14 PM IST
ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരേ രജിസ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ എഴുത്തുകാരന്‍ ആശിഷ് നന്ദി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

പിന്നോക്ക വിഭാഗക്കാര്‍ കൂടുതല്‍ അഴിമതി നടത്തുന്നവരാണെന്ന ആശിഷ് നന്ദിയുടെ ജയ്പൂര്‍ സാഹിത്യോത്സവത്തിലെ പ്രസ്താവനയാണ് വിവാദമായത്. ഇതേതുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് നന്ദിക്കെതിരേ കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ പോലീസ് സമന്‍സ് അയച്ചതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

സാഹിത്യോത്സവത്തിന്റെ സംഘാടകന്‍ സഞ്ജയ് റോയിക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് റോയി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി അറസ്റ് ചെയ്യുന്നത് സ്റേ ചെയ്തു.