'വിശ്വരൂപം' കാണാതെ സമൂഹം വിവാദത്തിനു പിന്നാലെയെന്ന് മന്ത്രി കെ. ബാബു
Thursday, January 31, 2013 7:34 PM IST
തിരുവനന്തപുരം: സാംസ്കാരിക ജീര്‍ണതയുടെ ഒരു കാലയളവാണിതെന്നും വിശ്വരൂപം സിനിമ കാണാതെ വിവാദങ്ങളില്‍ പങ്കുചേരുന്ന ഒരു സമൂഹത്തെയാണ് നാം ഇന്ന് കാണുന്നതെന്നും മന്ത്രി കെ. ബാബു. കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവ - ശാസ്ത്ര പ്രദര്‍ശന വേദിയില്‍ നോവല്‍ പുരസ്കാരദാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കനകക്കുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നോവല്‍ സാഹിത്യത്തിനുള്ള വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം നോവലിസ്റ് സുഭാഷ് ചന്ദ്രന് മന്ത്രി സമ്മാനിച്ചു. മനുഷ്യനൊരു ആമുഖം എന്ന നോവലിനാണ് അവാര്‍ഡ്. മലയാളി സമൂഹത്തിന് വായന നഷ്ടപ്പെട്ടിട്ടില്ലെങ്കിലും മുന്‍കാലങ്ങളിലേതുപോലുള്ള ആഴമേറിയ വായന ഇന്ന് നടക്കാറില്ല. നമ്മുടെ സാംസ്കാരിക വളര്‍ച്ചയുടെ അളവുകോല്‍ പുസ്തകങ്ങളാണെന്നും മന്ത്രി പറഞ്ഞു.