തെലുങ്കാന സംസ്ഥാനം വേണമെന്നു ശരത് പവാര്‍
Thursday, January 31, 2013 8:18 PM IST
ന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിനു ശക്തമായ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ രംഗത്തെത്തി. സംസ്ഥാനം രൂപവത്കരണം വൈകുന്നതു യുപിഎയ്ക്ക് ദോഷകരമാകുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോടു പവാര്‍ വ്യക്തമാക്കി. തെലുങ്കാനയ്ക്കുവേണ്ടി പരസ്യമായി നിലപാടെടുത്ത ആദ്യത്തെ യുപിഎ ഘടകകക്ഷി നേതാവാണു പവാര്‍.

തെലുങ്കാന സംസ്ഥാനത്തിനു കോണ്‍ഗ്രസ് അനുകൂലമാണെന്ന് പവാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 'എന്നു രൂപവത്കരിക്കുമെന്നതാണു പ്രസക്തം. എത്രയും പെട്ടെന്നു സംസ്ഥാനം രൂപവത്കരിക്കാനാണു ഞങ്ങള്‍ക്ക് ആഗ്രഹം. വൈകുന്നതു യുപിഎയ്ക്കു ഗുണകരമല്ല'-പവാര്‍ പറഞ്ഞു. തന്റെ പാര്‍ട്ടി എക്കാലവും തെലുങ്കാനയ്ക്കുവേണ്ടി നിലകൊണ്ടിട്ടുണ്െടന്നും ഇക്കാര്യമുന്നയിച്ച് ടിആര്‍എസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവുവിനൊപ്പം റാലി നടത്തിയിട്ടുണ്െടന്നും പവാര്‍ പറഞ്ഞു.