കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളുടെ ഉപരോധത്തില്‍ സംഘര്‍ഷം
Thursday, January 31, 2013 8:37 PM IST
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനികളുടെ ഉപരോധം 13 മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രശ്ന പരിഹാരമായില്ല. വനിതാ ഹോസ്റലില്‍ വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍ സലാമിനെ ഉപരോധിക്കാന്‍ ആരംഭിച്ചത്. ഇന്നു രാവിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റു ചെയ്തു നീക്കാന്‍ ശ്രമം നടത്തിയതോടെ സമാധാനപരമായി നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച ഹോസ്റലിലെ അന്തേവാസിയായ ഗവേഷക വിദ്യാര്‍ഥിനിക്കു പാമ്പു കടിയേറ്റതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. അതിനു ശേഷം ഇന്നലെയും പാമ്പിനെ ഹോസ്റലിനുള്ളില്‍ കണ്ടതോടെ, വിഷ ജന്തുക്കള്‍ ഹോസ്റലിനുള്ളില്‍ കടക്കുന്നതായും വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയാറാകുന്നില്ലെന്നും ചാണ്ടിക്കാട്ടിയാണ് ഉപരോധ സമരം തുടങ്ങിയത്. വിദ്യാര്‍ഥിനികളുടെ പ്രതിനിധികളുമായി വിസി ചര്‍ച്ചയ്ക്കു തയാറാകണമെന്നാണ് ആവശ്യം. പെണ്‍കുട്ടികള്‍ പല സംഘങ്ങളായി എത്തി വാഴ്സിറ്റി ഭരണകാര്യാലയത്തിനു മുന്നില്‍ നിറയുകയായിരുന്നു.

എന്നാല്‍ ചര്‍ച്ച വേണമെന്ന ആവശ്യം വിസി അവഗണിച്ചതാണ് ഉപരോധ സമരം അനന്തമായി നീളാന്‍ കാരണം. ഹോസ്റ്റലില്‍ പാമ്പു കയറാതിരിക്കാന്‍ ജനലിനു വല വയ്ക്കാമെന്നും ഭിത്തിയിലെ മാളം അടയ്ക്കാമെന്നുമുള്ള വാഗ്ദാനം അധികൃതര്‍ നടപ്പാക്കിയില്ല എന്നാണ് സമരക്കാരുടെ നിലപാട്. സമരം സമാധാനപരമായിരുന്നു എങ്കിലും തിരൂരങ്ങാടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് കാവലുണ്ടായിരുന്നു. പാമ്പ് വിവാദവുമായി ബന്ധപ്പെട്ട് ഏതാനും ദിവസം മുന്‍പ് വനിതാ ഹോസ്റ്റലും പിവിസിയുടെ ഔദ്യോഗിക വസതിയും പെണ്‍കുട്ടികള്‍ ഉപരോധിച്ചിരുന്നു.