കോല്‍ക്കത്ത യാത്ര തടയാന്‍ മമത നിര്‍ദേശം നല്‍കിയിരുന്നതായി സല്‍മാന്‍ റുഷ്ദി
Friday, February 1, 2013 10:07 AM IST
കോല്‍ക്കത്ത: കഴിഞ്ഞ ദിവസം കോല്‍ക്കത്തയിലേക്ക് താന്‍ നടത്താനിരുന്ന യാത്ര തടയാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദേശം നല്‍കിയിരുന്നതായി വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ദീപാ മേത്ത തന്റെ നോവലിനെ ആധാരമാക്കി എടുത്ത മിഡ്നൈറ്റ് ചില്‍ഡ്രന്‍ എന്ന സിനിമയുടെ പ്രചാരണത്തിനായി ബുധനാഴ്ച കോല്‍ക്കത്തയിലെത്താനിരുന്ന റുഷ്ദി യാത്ര റദ്ദാക്കിയിരുന്നു.

കോല്‍ക്കത്തയിലെത്തിയാല്‍ അടുത്ത വിമാനത്തില്‍ പോലീസ് തന്നെ തിരിച്ചയച്ചേനെയെന്നും മമത ബാനര്‍ജി ഈ നിര്‍ദേശമാണ് പോലീസിന് നല്‍കിയിരുന്നതെന്നും റുഷ്ദി ട്വിറ്ററില്‍ വ്യക്തമാക്കി. അതിനിടെ കോല്‍ക്കത്ത സാഹിത്യോത്സവത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന സംഘാടകരുടെ വാദം കളവാണെന്നും റുഷ്ദി പറഞ്ഞു. സംഘാടകര്‍ തന്നെ ക്ഷണിച്ച ഇ മെയില്‍ സന്ദേശവും തനിക്ക് നല്‍കിയ വിമാനടിക്കറ്റും കൈവശമുണ്ടെന്നും റുഷ്ദി പറഞ്ഞു.