അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷ
Friday, February 1, 2013 10:20 AM IST
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ലൈംഗീക അതിക്രമക്കേസുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയുടെ ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ബലാത്സംഗക്കേസുകളില്‍ വധശിക്ഷയാകാമെന്ന നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന പ്രത്യേക കേന്ദ്രമന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്.

ജസ്റീസ് ജെ.എസ് വര്‍മ കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കിയിരിക്കുന്നത്. ബലാത്സംഗം എന്ന വാക്കിന് പകരം ലൈംഗിക പീഡനം എന്ന വാക്കായിരിക്കും നിയമപരമായി ഉപയോഗിക്കുക. ഡല്‍ഹിയില്‍ 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായി കൂട്ടമാനഭംഗത്തിനിരയായതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റീസ് ജെ.എസ് വര്‍മ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ചത്. കഴിഞ്ഞമാസം 23 ന് 630 പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.

പാര്‍ലമെന്റിന്റെ അംഗീകാരത്തിന് കാത്തുനില്‍ക്കാതെ ഓര്‍ഡിനന്‍സ് നിയമമാക്കി പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. രാഷ്ട്രപതി ഒപ്പിട്ടാല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. പിന്നീട് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയാല്‍ മതയാകും.