ത്രിപുരയില്‍ മത്സരരംഗത്ത് 249 സ്ഥാനാര്‍ഥികള്‍
Friday, February 1, 2013 10:45 AM IST
അഗര്‍ത്തല: ഈ മാസം 14 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ മത്സരരംഗത്ത് 14 വനിതകള്‍ ഉള്‍പ്പെടെ 249 സ്ഥാനാര്‍ഥികള്‍. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്ഥാനാര്‍ഥികളുടെ എണ്ണം ഏറ്റവും കുറഞ്ഞ തെരഞ്ഞെടുപ്പാണിതെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അഷുതോഷ് ജിന്‍ഡാല്‍ അഗര്‍ത്തലയില്‍ പറഞ്ഞു.

2008 ലെ തെരഞ്ഞെടുപ്പില്‍ 18 വനിതകള്‍ അടക്കം 313 സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. 60 മണ്ഡലങ്ങളാണ് ത്രിപുരയില്‍ ഉള്ളത്. ഇതില്‍ സോണാമുര, ജൊലൈബാരി എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് രണ്ട് സ്ഥാനാര്‍ഥികള്‍ മുഖാമുഖം പോരാടുക. ബാക്കിയുള്ള മണ്ഡലങ്ങളില്‍ മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ ഉണ്ടെന്ന് അഷുതോഷ് ജിന്‍ഡാല്‍ പറഞ്ഞു. പതിനാറ് രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രതിനിധികളും സ്വതന്ത്രരുമാണ് മത്സരരംഗത്തുള്ളത്. സൌത്ത് ത്രിപുര ജില്ലയിലെ കര്‍ബക്ക്, ധലൈ ജില്ലയിലെ സുര്‍മ, കരംചേര എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ഏഴ് സ്ഥാനാര്‍ഥികള്‍ വീതമുണ്ട്.

ധാലൈ ജില്ലയിലെ ഛാമാനി മണ്ഡലത്തില്‍ നിന്ന് സിപിഎം ടിക്കറ്റില്‍ മത്സരിക്കുന്ന 85 കാരനായ നിരാജോയ് ത്രിപുരയാണ് ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി. കര്‍ബക്കില്‍ സ്വതന്ത്രനായി മത്സരിക്കുന്ന 26 കാരനായ ചൌരേന്ദ്ര റിയാംഗ് ആണ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 18 നും 19 നും ഇടയില്‍ പ്രായമുള്ള 53,580 വോട്ടര്‍മാര്‍ പുതുതായി വോട്ടര്‍പട്ടികയില്‍ ഉണ്ടെന്നും അഷുതോഷ് ജിന്‍ഡാല്‍ വ്യക്തമാക്കി.