സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പൊതുപരിപാടികള്‍ ബിജെപി ബഹിഷ്കരിക്കും
Friday, February 1, 2013 11:24 AM IST
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ പൊതുപരിപാടികള്‍ ബഹിഷ്കരിക്കാന്‍ ബിജെപി തീരുമാനം. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പരിശീലന ക്യാമ്പുകള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ലോക്സഭാ നേതാവെന്ന നിലയില്‍ ഷിന്‍ഡെ നടത്തുന്ന ആശയവിനിമയങ്ങളോട് പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കോര്‍ കമ്മറ്റിയോഗത്തിലാണ് ബിജെപിയുടെ തീരുമാനം. ഷിന്‍ഡെയെ കരിങ്കൊടി കാട്ടാനും തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍ വ്യക്തമാക്കി. നേരത്തെ ഷിന്‍ഡെയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.