ആശിഷ് നന്ദിയെ അറസ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി
Friday, February 1, 2013 11:53 AM IST
ന്യൂഡല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പിന്നാക്ക വിഭാഗക്കാരെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ആശിഷ് നന്ദിയെ അറസ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എന്നാല്‍ പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാം. അന്വേഷണത്തിന്റെ ഭാഗമായി നന്ദിയെ ചോദ്യം ചെയ്യുന്നതും കോടതി വിലക്കിയിട്ടില്ല.

നന്ദിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കുന്നതിനെക്കുറിച്ച് നിലപാടറിയിക്കാന്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരേ രജിസ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശിഷ് നന്ദി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചാണ് നന്ദിയുടെ അപേക്ഷ പരിഗണിച്ചത്. ഭാവിയില്‍ ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി ആശിഷ് നന്ദിക്ക് താക്കീത് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ നന്ദി നടത്തരുതായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

പിന്നോക്ക വിഭാഗക്കാരാണ് കൂടുതല്‍ അഴിമതി നടത്തുന്നതെന്ന നന്ദിയുടെ പ്രസ്താവനയാണ് വിവാദമായത്. ഇതേതുടര്‍ന്ന് രാജസ്ഥാന്‍ പോലീസ് നന്ദിക്കെതിരേ കേസെടുത്തിരുന്നു.