ഓരോ മാസവും ഡീസല്‍വില 40-50 പൈസ കൂട്ടും: മന്ത്രി
Friday, February 1, 2013 4:58 PM IST
ന്യൂഡല്‍ഹി: നഷ്ടം നികത്തപ്പെടുന്നതുവരെ ഓരോ മാസവും ഡീസല്‍ വിലയില്‍ 40- 50 പൈസ വര്‍ധിപ്പിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇത്തരത്തില്‍ വര്‍ധന നടപ്പിലാക്കാനാണ് എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജനുവരി 17നാണ് ഡീസല്‍ വില നിര്‍ണയാധികാരം ഭാഗികമായി എണ്ണക്കമ്പനികള്‍ക്കു സര്‍ക്കാര്‍ നല്‍കിയത്. സബ്സിഡി നല്‍കുന്നതു കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സംരംഭങ്ങള്‍ക്കായി എണ്ണക്കമ്പനികളില്‍ നിന്ന് ഡീസല്‍ വാങ്ങാതെ പമ്പുകളില്‍ നിന്നു ഡീസല്‍ നിറയ്ക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇതുസംബന്ധിച്ച് ആലോചിച്ചുവരുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി വീരപ്പ മൊയ്ലി പറഞ്ഞു.

പെട്രോള്‍ പമ്പുകളില്‍നിന്ന് ഡീസല്‍ നിറയ്ക്കാതെ അവയുടെ വാറ്റ് നികുതിയിലും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വില്പന നികുതിയിലും ഇളവു വരുത്തുകയാണു സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്‍കിട ഉപഭോക്താക്കളായ റെയില്‍വേ, പ്രതിരോധം, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് തുടങ്ങിയവയ്ക്കുള്ള ഡീസല്‍ വിതരണത്തിനു നല്‍കിയിരുന്ന സബ്സിഡി സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

ഇതേത്തുടര്‍ന്നു ലിറ്ററിനു പത്തു രൂപ നിരക്ക് അധിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഇതുമൂലം കെഎസ്ആര്‍ടിസി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുകയും സംസ്ഥാന സര്‍ക്കാര്‍ ആശ്വാസമായി തുക അനുവദിച്ചതിനെത്തുടര്‍ന്നാണ് പ്രതിസന്ധി ക്കു തത്കാല പരിഹാരമുണ്ടാകുകയും ചെയ്തത്. സംസ്ഥാനങ്ങള്‍ക്കുണ്ടായ ഈ അധികബാധ്യത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തിനു കത്തയയ്ക്കുകയും ചെയ്തിരുന്നു.