ടൂവീലര്‍ യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു
Friday, February 1, 2013 5:53 PM IST
മട്ടാഞ്ചേരി: സംസ്ഥാനത്ത് ടൂവീലര്‍ യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. പുതുതായി രജിസ്റര്‍ ചെയ്യാനെത്തുന്ന ടൂവീലറുകാര്‍ ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മറ്റിന്റെ ബില്‍ കൂടി ഹാജരാക്കിയാല്‍ മാത്രമേ രജിസ്ട്രേഷന്‍ നടത്തുകയുള്ളൂവെന്നാണ് പുതിയ നിബന്ധന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വിളിച്ചു ചേര്‍ത്ത ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ എന്നിവരുടെ കോണ്‍ഫറന്‍സിലാണ് തീരുമാനം.

റോഡപകടങ്ങള്‍ കുറയ്ക്കാനും റോഡ് സുരക്ഷാ ഉപകരണങ്ങള്‍ ഒരു ശീലമാക്കി മാറ്റാനുമുള്ള നടപടികളുടെ ഭാഗമായാണ് ഹെല്‍മറ്റ് വീണ്ടും നിര്‍ബന്ധമാക്കുന്നത്. ഹെല്‍മെറ്റ് നിയമം പ്രാബല്യത്തിലുണ്െടങ്കിലും കര്‍ക്കശമാക്കുകയാണ് ലക്ഷ്യമെന്ന് മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ വി. സജിത്ത് അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള പ്രതിമാസ പരിശീലന പരിപാടി ഇന്നലെ ഫോര്‍ട്ടുകൊച്ചി ജൂബിലി ഹാളില്‍ നടന്നു. മുന്‍ എറണാകുളം ആര്‍ടിഒ സി.ജി. മൈക്കിള്‍, ഷബീര്‍, ജോഷി എന്നിവര്‍ ക്ളാസെടുത്തു. അടുത്ത മാസത്തെ പരിശീലന ക്ളാസ് 27ന് നടക്കും. 100 പേര്‍ക്ക് പ്രവേശനമുള്ള ക്ളാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുള്ളിക്കലുള്ള ഓഫീസില്‍ പേര് രജിസ്റര്‍ ചെയ്യണം.