ലാവ്ലിന്‍ കേസില്‍ വി.എസിന്റെ മൊഴിയെടുക്കാന്‍ സിബിഐ നടപടി വേണമെന്ന് ചെന്നിത്തല
Friday, February 1, 2013 7:28 PM IST
പാലക്കാട്: ലാവ്ലിന്‍ അഴിമതിക്കേസ്സില്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്റെ മൊഴിയെടുക്കാന്‍ സിബിഐ നടപടി വേണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനശ്രീമിഷന്‍ ജില്ലാ വാര്‍ഷികസമ്മേളനം കോട്ടമൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ലാവ്ലിന്‍ ഇടപാട്. എന്നാല്‍ അഴിമതിയല്ലെന്ന് ആദ്യം പറഞ്ഞവര്‍ ഇപ്പോള്‍ അഴിമതിയുണ്െടന്നാണ് പറയുന്നത്. വി എസ് അച്യുതാനന്ദന്റെ വെളിപ്പെടുത്തല്‍ സി പി എമ്മിന്റെ ആഭ്യന്തരകാര്യമായി ചുരുക്കിക്കാണാനാവില്ല. താന്‍ സത്യം പറഞ്ഞതിനാല്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്തായതെന്നാണ് വി എസ് പറഞ്ഞത്. അഴിമതി നടത്തുന്നവരും അത് മൂടിവക്കുന്നവരും അവര്‍ ഏതു സ്ഥാനത്താണെങ്കിലും സമൂഹം പുറന്തള്ളും. ഇന്ന് അഴിമതി വ്യാപകമാവുകയാണ്. അതിനായി അധികാരവും സ്ഥാനങ്ങളും പിടിച്ചുവാങ്ങാന്‍ വടംവലി നടക്കുകയുമാണ്. അധികാരം നേടാന്‍ ഏതു കുത്സിതമാര്‍ഗവും സ്വീകരിക്കാമെന്ന അവസ്ഥ വളര്‍ന്നുവരുന്നത് രാഷ്ട്രീയരംഗത്തെ ദുഷിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

വികസനം സംബന്ധിച്ച കാഴ്ചപ്പാടിലും സമൂലമായ മാറ്റം വേണം. വികസനമെന്നത് ഏതാനും വ്യക്തികള്‍ക്കുള്ളതല്ല. ബഹുരാഷ്ട്ര കുത്തകകളും കോര്‍പറേറ്റുകളും തടിച്ചുകൊഴുക്കുന്നതുമല്ല വികസനം. സമതുലിതമായ വികസനമാണ് നമുക്കാവശ്യം. രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനിലേക്ക് വികസനം എത്തുമ്പോഴാണ് ഇത് സമ്പൂര്‍ണമാവുക. വികസനം പാവപ്പെട്ടവരില്‍ എത്തിക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്െടന്നും അദ്ദേഹം പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലൂടെ വികസനം താഴെത്തട്ടില്‍ എത്തിക്കാനാവും. ചിദംബരത്തിന്റെ മൂന്നു ബജറ്റിലും ഇത്തരത്തില്‍ ഊന്നലുണ്ടായിരുന്നതായും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.