യുഎസ് ഊര്‍ജ സെക്രട്ടറി സ്റീവന്‍ രാജി പ്രഖ്യാപിച്ചു
Friday, February 1, 2013 10:02 PM IST
വാഷിംഗ്ടണ്‍: യുഎസില്‍ ബറാക് ഒബാമ ഭരണകൂടത്തിലെ ഊര്‍ജ സെക്രട്ടറിയായ സ്റീവന്‍ ചു രാജി പ്രഖ്യാപിച്ചു. രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഒബാമ പ്രഖ്യാപിച്ച ഉന്നതതല ഭരണ രംഗത്തെ അഴിച്ചുപണികളുടെ ഭാഗമാണ് സ്റീവന്റെ രാജി. സ്റീവന്റെ രാജി അപ്രതീക്ഷിതമായിരുന്നില്ലെന്ന് വാഷിംഗ്ടണ്‍ വൃത്തങ്ങള്‍ അറിയിച്ചു. പിന്‍ഗാമിയെ നിശ്ചയിക്കുന്നതുവരെ ഒബാമയ്ക്കൊപ്പം ഉണ്ടാകുമെന്ന് സ്റീവന്‍ വ്യക്തമാക്കി. 2009ലാണ് സ്റീവന്‍ യുഎസ് ഊര്‍ജ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. ഊര്‍ജതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള സ്റീവന്‍ 1997ല്‍ നൊബേല്‍ പുരസ്കാരം നേടിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിന്റെ കാബിനറ്റില്‍ അംഗമാകുന്ന ആദ്യത്തെ നൊബേല്‍ ജേതാവ് കൂടിയാണ് സ്റീവന്‍. 2010ലെ മെക്സിക്കോ എണ്ണ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയതു സ്റീവന്‍ ആയിരുന്നു.