മാവോയിസ്റ് ഭീഷണിയുള്ള പോലീസ് സ്റേഷനിലെ ആയുധങ്ങള്‍ മാറ്റി
Friday, February 15, 2013 12:03 AM IST
കണ്ണൂര്‍/വയനാട്: മാവോയിസ്റ് ആക്രമണ ഭീഷണിയുള്ള കണ്ണൂര്‍, വയനാട് ജില്ലകളിലെ അഞ്ച് പോലീസ് സ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സിവില്‍ സ്റേഷന്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ഉന്നതതല പോലീസ് യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായിരുന്നു.

മാവോയിസ്റ് ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉത്തരമേഖലാ ഐജി ജോസ് ജോര്‍ജ് റേഞ്ചിലെ മുഴുവന്‍ ജില്ലാ പോലീസ് മേധാവികളുടെയും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. വയനാട് എസ്പി ഒഴികെയുള്ള ഉത്തരമേഖലയിലെ ജില്ലാ പോലീസ് മേധാവികള്‍, കോഴിക്കോട്ടെ സ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് എസ്പി, കണ്ണൂരിലെ സ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി, ഉത്തരമേഖലയ്ക്കു കീഴിലെ മുഴുവന്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍, ഐബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.