സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്‍ പിടിയില്‍
Friday, February 15, 2013 2:22 AM IST
ബാംഗളൂര്‍: സൂര്യനെല്ലിക്കേസിലെ മുഖ്യപ്രതി ധര്‍മരാജനെ പോലീസ് അറസ്റ് ചെയ്തു. കര്‍ണാടകയിലെ സാഗറില്‍ നിന്നാണ് ഇയാളെ അറസ്റ് ചെയ്തത്. ഇവിടെ വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ പോലീസ് തിരിച്ചറിയാതിരിക്കാന്‍ തലമുണ്ഡനം ചെയ്താണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കോട്ടയത്തു നിന്നുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്.

ധര്‍മരാജന് വേണ്ടി കര്‍ണാടകയിലെ വിവിധ മേഖലകളില്‍ പൊന്‍കുന്നം സിഐ രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തെരച്ചില്‍ നടത്തുകയായിരുന്നു. ധര്‍മരാജനുമായി പോലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്. ധര്‍മരാജനെ പിടികൂടിയ വാര്‍ത്ത കോട്ടയം ജില്ലാപോലീസ് മേധാവി വി. രാജഗോപാല്‍ സ്ഥിരീകരിച്ചു.

സൂര്യനെല്ലിക്കേസില്‍ മൂന്നാം പ്രതിയായിരുന്ന അഡ്വ. ധര്‍മരാജനെ മാത്രമാണ് ഹൈക്കോടതി തടവുശിക്ഷക്ക് വിധിച്ചത്. ഹൈക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി ധര്‍മരാജന്‍ മുങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ധര്‍മ്മരാജന് വേണ്ടി പോലീസം സംഘം അന്വേഷണത്തിലായിരുന്നു. താന്‍ പോലീസിന് മുന്നില്‍ കീഴടങ്ങില്ലെന്നും കോടതിയില്‍ കീഴടങ്ങുമെന്നുമായിരുന്നു ധര്‍മ്മരാജന്റെ വെളിപ്പെടുത്തല്‍.

ധര്‍മരാജന്‍ മൈസൂറിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നാല് ദിവസം മുന്‍പാണ് പോലീസ് സംഘം അവിടെയെത്തിയത്. പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ധര്‍മരാജന്‍ മൈസൂറില്‍ നിന്നും മുങ്ങി. തുടര്‍ന്ന് കുടക്, മംഗലാപുരം മേഖലകളിലേക്ക് പോലീസ് അന്വേഷണം വ്യാപിച്ചു. ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ധര്‍മരാജനെ കണ്ടെത്താന്‍ നിയോഗിച്ച സംഘം രണ്ടു സ്വകാര്യ വാഹനങ്ങളിലാണ് അന്വേഷണം നടത്തിയിരുന്നത്. ഒളിവില്‍ കഴിഞ്ഞ ധര്‍മരാജന്‍ വൈക്കത്തുള്ള സഹോദരിയുമായും കോട്ടയത്തെ അഭിഭാഷകരുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതോടെ, സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. ധര്‍മരാജന്‍ കോട്ടയം ജില്ലയിലെ കോടതികളില്‍ ഏതിലെങ്കിലും കീഴടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്ന് പോലീസ് വിവിധ കോടതി പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഒളിവില്‍ കഴിയവേ ധര്‍മരാജന്‍ പി.ജെ.കുര്യനെതിരേ സ്വകാര്യ ചാനല്‍ വഴി മൈസൂറില്‍ നിന്ന് ആരോപണമുന്നയിച്ചതോടെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിനെതിരെയും ഇയാള്‍ ആരോപണമുന്നയിച്ചിരുന്നു. ധര്‍മരാജനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആഭ്യന്തരവകുപ്പിന്റെ വിശദീകരണത്തിനിടെയാണ് ഇയാള്‍ ചാനല്‍ കാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇയാളെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.