ടുജി ലേലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് സുപ്രീം കോടതി
Friday, February 15, 2013 2:56 AM IST
ന്യൂഡല്‍ഹി: പുതിയ ടുജി ലേലത്തില്‍ പങ്കെടുക്കാത്ത കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ടാറ്റ ടെലി സര്‍വീസ്, ടെലിനോര്‍ എന്നീ കമ്പനികള്‍ക്കാണ് ഉത്തരവ് ബാധകമാകുക.

2012 ഫെബ്രുവരി രണ്ടിന് 122 സ്പെക്ട്രം ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും നവംബറില്‍ നടത്തിയ ലേലത്തില്‍ പങ്കെടുക്കാതിരുന്ന കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണു കോടതി ഉത്തരവിട്ടിരിക്കുന്നത്. റദ്ദാക്കിയ മുഴുവന്‍ ലൈസന്‍സുകളും ഉടന്‍ ലേലം ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2007-ലാണ് ടുജി ലേലം ആദ്യമായി നടന്നത്. ലേലത്തില്‍ 122 ലൈസന്‍സുകള്‍ അന്നത്തെ ടെലികോം മന്ത്രി എ.രാജ അനധികൃതമായി കമ്പനികള്‍ക്കു നല്‍കിയെന്നായിരുന്നു പരാതി. ഇങ്ങനെ ലൈസന്‍സുകള്‍ നല്‍കിയതു വഴി ഖജനാവിന് 1,76,000 കോടി രൂപ നഷ്ടമുണ്ടായെന്ന് സിഎജി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ സിബിഐ അന്വേഷണം നടത്തി വരികയാണ്.