ഓസ്കര്‍ പിസ്റോറിയസിനെ കോടതിയില്‍ ഹാജരാക്കി
Friday, February 15, 2013 5:16 AM IST
ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ബ്ളേഡ് റണ്ണര്‍ ഓസ്കര്‍ പിസ്റോറിയസിനെ കോടതിയില്‍ ഹാജരാക്കി. അതേസമയം, മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണ് താന്‍ നിറയൊഴിച്ചതെന്ന പിസ്റോറിയസിന്റെ വാദം പോലീസ് തള്ളി. ഇവരുടെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്ന് അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.

വാലന്റൈന്‍ ദിനത്തിലാണ് പിസ്റോറിയസ് കാമുകി റീവ സ്റീന്‍കാമ്പിനെ വെടിവച്ച് കൊലപ്പെടുത്തിയത്. തനിക്ക് സമ്മാനങ്ങളുമായി പുലര്‍ച്ചെ നാലോടെ എത്തിയ കാമുകിയെ മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് വെടിവയ്ക്കുകയായിരുന്നുവെന്ന പിസ്റോറിയസിന്റെ വാദമാണ് പൊളിഞ്ഞത്. റീവയുടെ തലയിലും കൈയിലുമാണ് വെടിയേറ്റിരുന്നത്.

കൊല്ലപ്പെട്ട റീവ സ്റീന്‍കാമ്പ് ലോകത്തെ അറിയപ്പെടുന്ന മോഡലാണ്. നിയമ ബിരുദധാരിയായ റീവ സ്ത്രീ വിമോചക പ്രവര്‍ത്തകകൂടിയായിരുന്നു.