ഇംഗ്ളണ്ടിന് തകര്‍പ്പന്‍ ജയം; പരമ്പര
Friday, February 15, 2013 5:40 AM IST
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇംഗ്ളണ്ടിന് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ളണ്ട് 2-1ന് സ്വന്തമാക്കി. 140 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 12.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി.

അലക്സ് ഹെയില്‍സ് (80), മൈക്കിള്‍ ലംബ് (53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇംഗ്ളീഷ് നിരയെ തുണച്ചത്. 42 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു ഹെയില്‍സിന്റെ ഇന്നിംഗ്സ്. അഞ്ച് സിക്സും ഒറു ഫോറും അടക്കം 34 പന്തിലാണ് ലംബ് 53 റണ്‍സ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 139 റണ്‍സ് നേടി. 59 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റില്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. ബ്രണ്ടന്‍ മക്കല്ലം 26 റണ്‍സ് നേടി. ഇംഗ്ളണ്ടിന് വേണ്ടി സ്റുവര്‍ട്ട് ബ്രോഡ്, ജെയ്ഡ് ഡെറന്‍ബാക് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.