റഷ്യയില്‍ ഉല്‍ക്കാ പതനത്തില്‍ 500 പേര്‍ക്ക് പരിക്ക്
Friday, February 15, 2013 7:57 AM IST
മോസ്കോ: റഷ്യയിലെ ഉറല്‍ മേഖലയില്‍ ഭീമന്‍ ഉല്‍ക്ക പതിച്ച് അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. അത്യപൂര്‍വമായാണ് ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതോടെ കത്തിയെരിഞ്ഞ ഭീമന്‍ ഉല്‍ക്ക വന്‍ശബ്ദത്തോടെയാണ് യെകാടരിംഗ്ബര്‍ഗ് നഗരത്തിനു സമീപം തടാകത്തില്‍ പതിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ബോംബ് സ്ഫോടനത്തിനു സമാനമായിരുന്നു ഉല്‍ക്കാ പതനമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉല്‍ക്കാ പതനത്തിന്റെ ആഘാതത്തില്‍ ഭൂചലനത്തിനു സമാനമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഉല്‍ക്കാ പതനത്തിന്റെ ആഘാതത്തില്‍ നിരവധി വീടുകളുടെ ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. അന്തരീക്ഷത്തില്‍വച്ചു തന്നെ ഉല്‍ക്കയുടെ പകുതിയിലേറെ കത്തി നശിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായതായി അധികൃതര്‍ പറഞ്ഞു. 200 കിലോമീറ്റര്‍ ദൂരെ വരെ ഉല്‍ക്കാ പതനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. അത്യപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ഇത്തരം ഉല്‍ക്കാ പതനത്തിന്റെ കാരണം തേടുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. പത്തു ടണ്‍ ഭാരമുള്ള ഉല്‍ക്ക, ഭൂമിയുടെ അന്തരീക്ഷത്തില്‍ കടന്നതോടെ മണിക്കൂറില്‍ 54,000 കിലോമീറ്റര്‍ വേഗത കൈവരിച്ചതായും റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസ് പറഞ്ഞു.