പെട്രോള്‍ വില ഒന്നര രൂപ വര്‍ധിപ്പിച്ചു
Friday, February 15, 2013 8:06 AM IST
ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ വില ലിറ്ററിനു 1.50 രൂപ വര്‍ധിപ്പിച്ചു. പെട്രോളിനു പുറമെ ഡീസലിന്റെ വിലയും ഉയര്‍ത്തി. ഡീസല്‍ ലിറ്ററിനു 45 പൈസയാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച അര്‍ധ രാത്രി മുതല്‍ പ്രബല്യത്തില്‍ വരും. പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്ത ശേഷമാണ് വില വര്‍ധന എണ്ണ കമ്പനികള്‍ പ്രഖ്യാപിച്ചത്.

വില വര്‍ധനയ്ക്കു മുന്നോടിയായി പൊതുമേഖലാ എണ്ണ കമ്പനികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ മേധാവികള്‍ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ 1.32 രൂപ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നതെന്നായിരുന്നു എണ്ണ കമ്പനികളുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായത്. ഡീസല്‍ വില നിയന്ത്രണാധികാരം കമ്പനികള്‍ക്കു കൈമാറിയതോടെ നഷ്ടം നികത്താന്‍ ഡീസലിനു പ്രതിമാസം 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി കമ്പനികള്‍ ധാരണയില്‍ എത്തിയിരുന്നു. ഡീസലിനു സബ്സിഡി നല്‍കിയതിലൂടെ ലിറ്ററിനു 9.22 രൂപയുടെ നഷ്ടമാണ് കമ്പനികള്‍ സഹിക്കുന്നതായി പറയുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടം നികത്തുന്നതുവരെ 50 പൈസ വീതം വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.