ഗീതികാ ശര്‍മയുടെ അമ്മ ജീവനൊടുക്കി
Friday, February 15, 2013 8:30 AM IST
ന്യൂഡല്‍ഹി: മുന്‍ എയര്‍ഹോസ്റസ് ഗീതികാ ശര്‍മയുടെ അമ്മ അനുരാധ (62) ജീവനൊടുക്കി. ഗീതികാ ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റിലായ ഹരിയാന മുന്‍മന്ത്രി ഗോപാല്‍ ഖാണ്ഡെയാണ് താന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് അനുരാധ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഗീതികാ ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റിലായ ഖാണ്ഡെ ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.

അശോക് വിഹാറിലുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അനുരാധയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റിലാണ് ഗീതികാ ശര്‍മ ജീവനൊടുക്കിയത്. ഖാണ്ഡെ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതിനാലാണ് ജീവനൊടുക്കുന്നതെന്ന് 23കാരിയായ ഗീതികാ ശര്‍മയുടെ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഖാണ്ഡെയെ പോലീസ് അറസ്റു ചെയ്തത്. ഖാണ്ഡെയുടെ ഉടമസ്ഥതയിലുള്ള എംഡിഎല്‍ആര്‍ എയര്‍ലൈന്‍സിലാണ് ഗീതിക ആദ്യം ജോലി ചെയ്തിരുന്നത്.