മാവോയിസ്റ് സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു
Friday, February 15, 2013 8:42 AM IST
കണ്ണൂര്‍: കേരളാ അതിര്‍ത്തിയിലെ വനമേഖലയില്‍ കണ്ടെത്തിയ മാവോയിസ്റുകളില്‍ മൂന്നു പേരെ കര്‍ണാടക പോലീസ് തിരിച്ചറിഞ്ഞു. സുന്ദരി, വിക്രംഗൌഡ, മഹേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞതായി കര്‍ണാടക പോലീസ് അറിയിച്ചത്. അതേസമയം, സംഘത്തില്‍ മലയാളിയായ രൂപേഷ് എന്നയാളും ഉള്ളതായി സംശയമുണ്ട്. ഇയാളുമായി സാദൃശ്യം തോന്നുന്നയാളെയാണ് കണ്ടതെന്ന് ചിറ്റാരി ഗ്രാമവാസികള്‍ പോലീസിനു മൊഴി നല്‍കി.

നേരത്തെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാരിമുത്തുവിന്റെ സഹോദരിയാണ് സുന്ദരി. മുമ്പ് 24 പേരുടെ ഫോട്ടോകള്‍ കര്‍ണാടക പോലീസ് പുറത്തുവിട്ടിരുന്നു. മാവോയിസ്റുകളെ കണ്ടുവെന്ന് അവകാശപ്പെട്ട ഗ്രാമവാസികളെ ഫോട്ടോ കാണിച്ചാണ് മൂന്നു പേരെയും തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചത്. കര്‍ണാടക പോലീസ് ഇക്കാര്യങ്ങള്‍ കേരളാ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ നിര്‍ണായക വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാണ് കര്‍ണാടക പോലീസിന്റെ തീരുമാനമെന്നും അറിയുന്നു.