ശീതളപാനീയത്തിന് അമിതവില ഈടാക്കിയ റെയില്‍വേയ്ക്ക് 10 ലക്ഷം രൂപ പിഴ
Wednesday, February 27, 2013 4:49 AM IST
ന്യൂഡല്‍ഹി: ശീതള പാനീയത്തിന് അമിത വില ഈടാക്കിയ റെയില്‍വേയ്ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ചു. രണ്ടു ഉപഭോക്താക്കളുടെ പരാതിയില്‍ ന്യൂഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിച്ചത്. 12 രൂപയുടെ മാസ 15 രൂപയ്ക്ക് വിറ്റുവെന്ന് കാണിച്ച് ഡല്‍ഹി സ്വദേശികളായ സച്ചിന്‍ ധിമാന്‍, ശരണ്യ എന്നിവരാണ് പരാതി നല്‍കിയത്.

പിഴ തുകയായ 10 ലക്ഷം രൂപ സംസ്ഥാന ലീഗല്‍ സര്‍വീസസ് സൊസൈറ്റില്‍ അടയ്ക്കണമെന്നും പതിനായിരം രൂപ വീതം പരാതിക്കാര്‍ക്ക് നല്‍കണമെന്നുമാണ് വിധി. റെയില്‍വേയുടെ അനുബന്ധ വിഭാഗമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷ(ഐആര്‍സിടിസി)നാണ് പിഴ ലഭിച്ചത്. ഐആര്‍സിടിസി ഒരു സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമാണെന്നും ഇത്തരം കാര്യങ്ങളില്‍ സ്വകാര്യ കമ്പനിയെപ്പോലെ തരംതാഴരുതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ വിധിച്ചത്.