തിരുവനന്തപുരത്ത് ജലവിതരണം പുനസ്ഥാപിച്ചു
Wednesday, February 27, 2013 6:08 AM IST
തിരുവനന്തപുരം: അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മുടങ്ങിയിരുന്ന ജലവിതരണം പുനസ്ഥാപിച്ചു. ഉച്ചയ്ക്ക് ശേഷമാണ് പമ്പിംഗ് പുനരാരംഭിച്ചത്. വൈകിട്ടോടെ പൂര്‍ണതോതില്‍ ജലവിതരണം പുനസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിടങ്ങളില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്നാണ് ജലവിതരണം മുടങ്ങിയത്.

ഇന്നു രാവിലെയായതോടെ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വെള്ളത്തിനായുള്ള രോഗികളുടെയും ബന്ധുക്കളുടെയും കാത്തിരിപ്പ് പ്രതിഷേധത്തിലേക്ക് എത്തിയിരുന്നു. എസ്എടി ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് രോഗികളും ബന്ധുക്കളും ആശുപത്രി സൂപ്രണ്ടിന്റെ മുറിക്ക് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തിരുന്നു. ആശുപത്രിയിലെ അടിയന്തര ശസ്ത്രക്രിയ ഒഴികെയുള്ളവ ഉപേക്ഷിക്കുകയായിരുന്നു. രോഗികള്‍ 125 രൂപ മുടക്കിയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും വെള്ളം വാങ്ങുന്നത്. 15 രൂപ വിലയുള്ള കുപ്പിവെള്ളത്തിന് 20 ഉം 25 രൂപ വരെ പലരും ഈടാക്കി.

ഏറെ നേരത്തെ പ്രതിഷേധത്തിന് ശേഷം 11 മണിയോടെയാണ് വാട്ടര്‍ ടാങ്കില്‍ ഇവിടെ വെള്ളമെത്തിച്ചത്. ഒരു ടാങ്കര്‍ മാത്രമാണ് ആദ്യമെത്തിയത്. വെള്ളമെത്തിക്കാന്‍ വൈകിയതിന് ടാങ്കര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. ഒരു മണിക്കൂറോളം വൈകി രണ്ട് ടാങ്കര്‍ വെള്ളം കൂടി എത്തിയതോടെയാണ് രോഗികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. മെഡിക്കല്‍ കോളജിലെ വാട്ടര്‍ ടാങ്കില്‍ വെള്ളം ശേഖരിക്കാന്‍ കഴിഞ്ഞതിനാല്‍ ഇവിടെ ശസ്ത്രക്രിയ മുടങ്ങിയില്ല. ആശുപത്രികളിലേക്ക് വെള്ളം വിതരണം ചെയ്യാതെ നഗരത്തിലെ ഫ്ളാറ്റുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികള്‍ ആവശ്യമെങ്കില്‍ പിടിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ ഇന്നലെ നിര്‍ദേശിച്ചിരുന്നു. ജലവിതരണത്തിനായി ടാങ്കറുകള്‍ വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയാറാകാഞ്ഞതിനെ തുടര്‍ന്നായിരുന്നു കളക്ടറുടെ നിര്‍ദേശം.