സീരിയല്‍ നടി ഹൈടെക് പെണ്‍വാണിഭസംഘത്തിലെ കണ്ണിയെന്നു പോലീസ്
Wednesday, February 27, 2013 7:05 AM IST
കണ്ണൂര്‍: ജ്വല്ലറി ജീവനക്കാരിയായ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് അറസ്റിലായ സീരിയല്‍ നടി ഹൈടെക് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയെന്നു സൂചന ലഭിച്ചതായി പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. മമ്പറം സ്വദേശിനിയായ ഗ്രീഷ്മ (38) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ അറസ്റിലായത്. റിമാന്‍ഡിലായിരുന്നു ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കണ്ണൂര്‍ ഫസ്റ് ക്ളാസ് മജിസ്ട്രേട്ട് (ഒന്ന്) മുജീബ് റഹ്മാന്‍ നാളെ വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ഇന്നുരാവിലെ കോടതിയില്‍ ഹാജരാക്കിയ ഗ്രീഷ്മയെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ വിനോദ് കുമാര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തിന്റെ ഏജന്റ് കൂടിയാണ് സീരിയല്‍ നടിയെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. കോള്‍സെന്ററിന്റെ മറവിലാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഇടനിലക്കാര്‍ മുഖാന്തിരമാണ് വാണിഭവുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നതെന്നും പറയുന്നു.

ഇടപാടുകാരന്‍ താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന പ്രതിഫലവും മറ്റും വ്യക്തമാക്കിയാല്‍ ആവശ്യക്കാരന്റെ താല്‍പര്യമനുസരിച്ച് യുവതികളെ തരപ്പെടുത്തികൊടുക്കുകയാണ് ചെയ്യുക. ഇ-മെയിലില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ശേഷം ആവശ്യക്കാരന്റെ ഫോണില്‍ വിളിച്ച് ഇക്കാര്യം അറിയിക്കും. ഇ-മെയിലിന്റെ പാസ്വേര്‍ഡ് ഫോണിലൂടെ വിളിച്ചുപറയുകയും എസ്എംഎസായി നല്‍കുകയും ചെയ്യും. ഇത്തരത്തിലുള്ള മെയിലില്‍ പിടിയിലായ സീരിയില്‍ നടി ഗ്രീഷ്മയുടെ ഫോട്ടോയും അന്വേഷണത്തില്‍ പോലീസ് കണ്െടത്തിയിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ പെണ്‍വാണിഭ സംഘം യുവതികളെ എത്തിക്കുന്നുണ്െടന്നാണ് വിവരം. മലബാര്‍ മേഖലയില്‍ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടില്ല. എന്നാല്‍ മലബാര്‍ മേഖലയിലുള്ള ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ തിരുവനന്തപുരത്തും എറണാകുളത്തും എത്തിച്ചുകൊടുക്കുന്നതായും അറിവായിട്ടുണ്ട്.

നാലോളം ഫോണുകള്‍ ഗ്രീഷ്മ ഉപയോഗിച്ചിരുന്നതായി പോലീസിനു സൂചന ലഭിച്ചതായി അറിയുന്നു. ഇതിലൊരു ഫോണ്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഗ്രീഷ്മ ഉപയോഗിച്ച ഫോണുകളിലെ കോള്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൊബൈല്‍ കമ്പനികളോടു പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പോലീസിന്റെ കസ്റ്റഡിയിലുള്ള ഫോണിലേക്ക് ചില നമ്പറുകളില്‍ നിന്ന് സ്ഥിരമായി വിളിച്ചിരുന്നതായി വ്യക്തമായി. ഈ നമ്പറുകളുടെ ഉടമകളെ കണ്െടത്താന്‍ സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടി.

തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗ്രീഷ്മ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പിടിയിലായത്. ജീവിക്കാനുള്ള പണം കണ്െടത്താനുള്ള വഴിയുണ്െടന്നു പറഞ്ഞായിരുന്നു യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാസര്‍ഗോഡ് സ്വദേശിനിയായ ഒരു യുവതിയെ ഇതുപോലെ താന്‍ കൊണ്ടുപോയിട്ടുണ്െടന്നും അവര്‍ ഇപ്പോള്‍ നല്ല നിലയിലാണെന്നും തന്നോട് പറഞ്ഞതായി ചപ്പാരപ്പടവ് സ്വദേശിനി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതിനു മുമ്പ് പല യുവതികളെയും ഗ്രീഷ്മ വശീകരിച്ച് കൊണ്ടുപോയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു.

മൂന്നുവര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഗ്രീഷ്മയുള്ളതായാണു മനസിലാക്കിയിട്ടുള്ളത്. ഇവരുടെ സംഘത്തിലുള്ളവരെക്കുറിച്ചും എത്ര യുവതികള്‍ കെണിയില്‍ കുടുങ്ങിയെന്നതിനെക്കുറിച്ചുമാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സാമ്പത്തികലാഭം ചൂണ്ടിക്കാട്ടി വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന് ഇമ്മോറല്‍ ട്രാഫിക് ആക്ട് സെക് ഷന്‍ അഞ്ച് പ്രകാരവും മൊബൈല്‍ ഫോണിലൂടെ പ്രലോഭിപ്പിച്ച് സംസാരിച്ചതിനു കേരള പോലീസ് ആക്ട് 119 പ്രകാരവുമാണ് നടിക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഇന്നു കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തന്റെ അസിസ്റ്റന്റായി ജോലി നല്‍കാമെന്നു പറഞ്ഞാണ് യുവതിയെ സീരിയല്‍ നടി കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നും അതിനു വേശാവൃത്തി എന്ന് അര്‍ഥമില്ലെന്നും ഗ്രീഷ്മയ്ക്കു വേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേസന്വേഷണത്തിന്റെ ആവശ്യത്തിന് പ്രതിയെ പോലീസ് കസ്റഡിയില്‍ വിടാന്‍ മജിസ്ട്രേട്ട് തീരുമാനിക്കുകയായിരുന്നു.