സര്‍ക്കാരിനെ വീഴ്ത്താന്‍ അണിയറനീക്കങ്ങള്‍ സജീവം; കുലുക്കമില്ലാതെ യുഡിഎഫ്
Wednesday, February 27, 2013 7:13 AM IST
എം.ജെ. ശ്രീജിത്ത്

തിരുവനന്തപുരം: സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇടതുപക്ഷത്തിന്റെ അണിയറയില്‍ കൊണ്ടുപിടിച്ച നീക്കം തുടങ്ങി. യുഡിഎഫിലെ അസംതൃപ്തരെ പാട്ടിലാക്കി സര്‍ക്കാരിനെ മറിച്ചിടാനാണു ശ്രമങ്ങളാണു സജീവമായിരിക്കുന്നത്.

യുഡിഎഫിലെ അസംതൃപ്തരെ പാട്ടിലാക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വി.എസ്.അച്യുതാനന്ദന്‍ ഇന്നലെ കെ.എം.മാണി യെ എല്‍ഡിഎഫിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, എല്‍ഡിഎഫ് നടത്തിവന്ന അണിയറ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണു വിഎസിന്റെ പരസ്യ പ്രസ്താവനയെന്ന നിരീക്ഷണവും ഉയര്‍ന്നുവന്നിട്ടുണ്ട്. യുഡിഎഫിലെ കക്ഷികളെ കൊണ്ടുവരാന്‍ നടത്തുന്ന അണിയറ നീക്കങ്ങളെ വെട്ടാനാണോ വിഎസ് പരസ്യമായ പ്രതികരണം നടത്തിയെന്ന സംശയവും ഇടതുകേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. വിഎസിന്റെ പരസ്യപ്രഖ്യാപനത്തെ തുടര്‍ന്നു കെ.എം.മാണി ഉള്‍പ്പെടെയുള്ള യുഡി എഫ് കേന്ദ്രങ്ങള്‍ കടുത്ത മറുപടി നല്കിയതോടെ വിഎസിന്റെ പ്രഖ്യാപനത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.

വിഎസിന്റെ പ്രസ്താവനയെ പിന്തുണയ്ക്കാന്‍ പിണറായി തയാറായില്ലെന്നതും ശ്രദ്ധേയമായാണ്. യുഡിഎഫുമായി ഇടഞ്ഞു നില്‍ക്കുന്ന ജെഎസ്എസ്, സിഎംപി കക്ഷികളേയും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതു പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ജെഎസ്എസിലും സിഎംപിയിലും സമാന ചിന്താഗതിയുള്ള ചിലരുണ്ട്. എന്നാല്‍, ബഹുഭൂരിപക്ഷവും ഇതിനെ അനുകൂലിക്കുന്നു മില്ല. ഇടതുപക്ഷ ചിന്താഗതിയുള്ള പാര്‍ട്ടികളെ ഇടതുമുന്നണിയില്‍ കൂട്ടുന്നതില്‍ മറ്റു ഘടകകക്ഷികള്‍ക്കും കാര്യമായ എതിര്‍പ്പില്ല.

എം.പി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനതയേയും എല്‍ഡിഎഫിലേക്കു കൊണ്ടുവരാന്‍ ശ്രമമുണ്ട്. എന്നാല്‍, അതിനു പിണറായിപക്ഷം സമ്മതിക്കാനിടയില്ല. എല്‍ഡിഎഫിലെ രണ്ടു പ്രമുഖ കക്ഷികളിലെ നേതാക്കളാണ് ഇടതുപക്ഷ മനസുമായി യോജിക്കുന്ന കക്ഷികളെ കണ്െടത്തി ഇടതു പാളയത്തിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത്. ഇതിനു സിപിഎം ഔദ്യോഗികപക്ഷ നേതാക്കളുടെ മൌന പിന്തുണയുമുണ്ട്. അതേസമയം, ഇതൊക്കെ വെറും ബഹളങ്ങള്‍ മാത്രമാണെന്നും യുഡിഎഫിന്റെ കെട്ടുറപ്പിനു യാതൊരു കോട്ടവും വന്നിട്ടില്ലെന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ഇടതു പക്ഷത്തിനു കഴിയില്ല. അസംതൃപ്തരായവരെന്നു പറയുന്ന ചെറുകക്ഷികള്‍ പോയാല്‍ തന്നെ സര്‍ക്കാ രിന് ഒന്നും സംഭവിക്കില്ല. എംഎല്‍ എമാരില്ലാത്ത കക്ഷികളുടെ ചുവടുമാറ്റം സര്‍ക്കാരിനെ ബാധിക്കില്ല. അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനും കൂടി യുഡിഎഫ് മാര്‍ച്ച് ആദ്യവാരം കൂടാന്‍ തീരുമാനിച്ചിട്ടുണ്ട്.