പാപ്പാനു ശമ്പളം ലഭിച്ചില്ല; ആനയുമായി ദേവസ്വം ഓഫീസിനു മുമ്പില്‍ ഉപരോധം
Wednesday, February 27, 2013 6:16 PM IST
ആറന്മുള: ദേവസ്വം ബോര്‍ഡിലെ ആന പാപ്പാന് ഒരുമാസമായി ശമ്പളം ലഭിക്കാത്തതിനേ തുടര്‍ന്ന് ആനയുമായെത്തി ദേവസ്വം ഓഫീസിനു മുമ്പില്‍ ഉപരോധം നടത്തി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഇടപെട്ടു ശമ്പളം നല്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഒടുവില്‍ സമരം പിന്‍വലിച്ചു.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ 'പാര്‍ഥസാരഥി' യെന്ന കൊമ്പനാനയുമായാണ് പാപ്പാന്‍ ശേഖരന്‍ ഉപരോധം നടത്തിയത്.

ഇന്നലെ രാവിലെ 10.30നാണ് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിനു മുമ്പില്‍ ആനയെക്കൊണ്ടുവന്ന് ഉപരോധസമരം നടത്തിയത്. തനിക്കു കഴിഞ്ഞ ഒരുമാസമായി ദേവസ്വം ബോര്‍ഡില്‍ നിന്നു ശമ്പളം ലഭിക്കുന്നില്ലെന്നും പരാതി നല്കി യിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ് ഇത്തരത്തില്‍ സമരം സംഘടിപ്പിക്കേണ്ടിവന്നതെന്നും പാപ്പാന്‍ ശേഖരന്‍ പറഞ്ഞു.

ആറന്മുള ക്ഷേത്രത്തിലെ ഉത്സവത്തിനുപോലും ആനയെ എഴുന്നള്ളിപ്പിക്കാന്‍ പാപ്പാന്‍ തയാറായില്ലെന്നും ഇയാള്‍ അനധികൃതമായി അവധിയെടുത്തിരിക്കുകയായിരുന്നെന്നും പാപ്പാന്റെ നടപടികളില്‍ ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ നോട്ടീസ് നല്കുകയും ഇതിനു തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശമ്പളം തടഞ്ഞുവച്ചതെന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ആനയ്ക്കു മദപ്പാട് കഴിഞ്ഞ നവംബറില്‍ കാണപ്പെടുകയും വിശ്രമം വേണമെന്നു ദേവസ്വം വെറ്ററിനറി ഡോക്ടര്‍മാര്‍ തന്നെ ഉപദേശം നല്കുകയും ജനുവരിയില്‍ ആനയെ വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്നുവെന്ന് പാപ്പാന്‍ പറഞ്ഞു.

മദപ്പാട് ലക്ഷണം പൂര്‍ണമായി മാറിയെങ്കിലും ആനയ്ക്കു ക്ഷീണം ഉള്ളതിനാല്‍ വിശ്രമം ആവശ്യമുണ്െടന്നു നിര്‍ദേശിച്ചതിനേ തുടര്‍ന്നാണ് ആനയെ എഴുന്നള്ളിപ്പിന് ഇറക്കാതിരുന്നതെന്നുമാണ് പാപ്പാന്റെ വിശദീകരണം.

തന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടു ദേവസ്വം ഓഫീസില്‍ അറിയിച്ചതിനുശേഷമാണ് അവധിയില്‍ പോയതെന്നും പാപ്പാന്‍ പറയുന്നു. എന്നാല്‍ ദേവസ്വം അധികൃതര്‍ ഇതംഗീകരിച്ചിട്ടില്ല.

പാപ്പാന്‍ ആനയുമായി ഓഫീസ് പടിക്കല്‍ ഉപരോധം ആരംഭിച്ചതിനേ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍ നായരും മെംബര്‍ സുഭാഷ് വാസുവും പ്രശ്നത്തില്‍ ഇടപെടുകയും ഇയാളുടെ ശമ്പളം അടിയന്തരമായി നല്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ശമ്പളം ലഭിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു പാപ്പാന്‍ മടങ്ങി.

ഇതിനിടെ ആനയെ പാപ്പാന്‍ പരിചരിക്കുന്നില്ലെന്നും പലപ്പോഴും അകാരണമായി പീഡിപ്പിക്കാറുണ്െടന്നും ആനത്താര മോശമായാണിട്ടിരിക്കുന്നതെന്നും പ്രദേശവാസികള്‍ കുറ്റപ്പെടുത്തി.