പെരുനാട് കുരിശുമല തീര്‍ഥാടനവും പ്രാര്‍ഥനാവാരവും മാര്‍ച്ച് രണ്ടുമുതല്‍
Wednesday, February 27, 2013 8:01 PM IST
പെരുനാട്: പെരുനാട് കുരിശുമല തീര്‍ഥാടനവും പ്രാര്‍ഥനാവാരവും മാര്‍ച്ച് രണ്ടു മുതല്‍ ആറുവരെ നടക്കും. രണ്ടിനു കുരിശുമല കണ്‍വന്‍ഷന്റെ ഒന്നാംദിവസം രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ വഴി. ഒമ്പതിന് തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. പത്തിനു കോട്ടയം ക്രിസ്റ്റീന്‍ ടീം നേതൃത്വം നല്കുന്ന കുട്ടികളുടെ ധ്യാനം. മൂന്നിനു രാവിലെ എട്ടിനു വിശുദ്ധ കുരിശിന്റെ വഴി. 8.30ന് പ്രഭാതനമസ്കാരം, തുടര്‍ന്നു തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് എപ്പിസ്കോപ്പ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പത്തിനു ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ ആന്‍ഡ് ടീം നേതൃത്വം നല്കുന്ന കരിസ്മാറ്റിക് കണ്‍വന്‍ഷന്‍. നാലിനു രാവിലെ 8.30ന് വിശുദ്ധ കുരിശിന്റെ വഴി.

ഒമ്പതിനു പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് ചാമക്കാലായില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. പത്തിനു കരിസ്മാറ്റിക് കണ്‍വന്‍ഷന്‍. അഞ്ചിനു രാവിലെ ഒമ്പതിനു വിശുദ്ധ കുരിശിന്റെ വഴി, 9.30ന് വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി ധ്യാനം. ഫാ. ജോസ് വെട്ടിക്കാട്ട് ഒഎഫ്എം നേതൃത്വം നല്കും.

ആറിനു കുരിശുമലദിനത്തില്‍ രാവിലെ 11നു പത്തനംതിട്ട ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 12.30ന് ഉച്ചഭക്ഷണം. ഉച്ചകഴിഞ്ഞു രണ്ടിനു കുരിശിന്റെ വഴിയേത്തുടര്‍ന്ന് ആഘോഷമായ ഗാഗുല്‍ത്തസ്ഥാപന ശുശ്രൂഷ. അന്നേദിവസം രാവിലെ 8.30 മുതല്‍ തീര്‍ഥാടകര്‍ വലിയപള്ളിയില്‍ എത്തിച്ചേരും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഒരുമിച്ച് കപ്പേളയില്‍ നിന്ന് കുരിശിന്റെ വഴി ആരംഭിക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന പദയാത്രികര്‍ തണ്ണിത്തോട്, ചിറ്റാര്‍, മൈലപ്ര, വടശേരിക്കര എന്നിവിടങ്ങളില്‍ നിന്നാരംഭിക്കുന്ന പ്രധാന സംഘത്തോടുചേര്‍ന്നു ദേവാലയത്തിലേക്ക് എത്തും.

പത്തനംതിട്ട രൂപതമുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് ചാമക്കാലായില്‍, കുരിശുമല മാത്യൂസ് റമ്പാന്‍, വികാരി ഫാ. തോമസ് ഈട്ടിക്കാലായില്‍, ഫാ. ബിനോയ് പുതുപറമ്പില്‍, സെക്രട്ടറി ബിജു പള്ളിപ്പറമ്പില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരുന്നു.