ഒളികാമറയിൽ കുടുങ്ങിയ നേതാവിനെ എഎപി പുറത്താക്കി
Friday, August 26, 2016 7:55 PM IST
ന്യൂഡൽഹി: ഒളികാമറയിൽ കുടുങ്ങിയ നേതാവിനെ ആം ആദ്മി പാർട്ടിയിൽനിന്നു പുറത്താക്കി. ആം ആദ്മി പാർട്ടി പഞ്ചാബ് കൺവീനർ സുച്ചാ സിംഗ് ഛോട്ടേപൂരിനെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കാൻ പാർട്ടിക്കാരനിൽനിന്ന് പണം വാങ്ങുന്ന ഒളികാമറാ ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് പുറത്താക്കൽ.

പാർട്ടി അനുഭാവികളിൽ ഒരാൾ തന്നെയാണ് ഒളികാമറ ഓപ്പറേഷൻ നടത്തിയത്. സുച്ചാ സിംഗിനെ പുറത്താക്കി സത്യസന്ധനായ മറ്റൊരാളെ പാർട്ടിയുടെ സംസ്‌ഥാന കൺവീനറാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയുടെ പഞ്ചാബിലെ രണ്്ട് എംപിമാർ ഉൾപ്പടെ 21 നേതാക്കൾ ഒപ്പിട്ട കത്ത് പാർട്ടി നേതാവ് അരവിന്ദ് കേജരിവാളിന് കൈമാറി. വിഷയം ചർച്ചചെയ്യാൻ മുതിർന്ന പാർട്ടി നേതാക്കളുടെ യോഗം കേജരിവാൾ ഡൽഹിയിൽ വിളിച്ചുകൂട്ടിയിരുന്നു. ഇതിനുശേഷമാണ് പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

ഒളികാമറാ ദൃശ്യങ്ങൾ നിഷേധിച്ച സുച്ചാ സിംഗ് ഗൂഢാലോചനയ്ക്ക് പിന്നിൽ പാർട്ടിക്കാർ തന്നെയാണെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. അകാലിദളിലും കോൺഗ്രസിലും പ്രവർത്തിച്ചിട്ടുള്ള നേതാവാണ് സുച്ചാ സിംഗ്.