പോൾ ആന്റണിയുടെ കത്ത് കിട്ടിയിട്ടില്ല; വാർത്ത നിഷേധിച്ച് മന്ത്രി
Thursday, January 12, 2017 11:06 AM IST
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിയായ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ സ്‌ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചുള്ള കത്ത് കിട്ടിയിട്ടില്ലെന്നു വ്യവസായമന്ത്രി എ.സി. മൊയ്തീൻ. പോൾ ആന്റണി ചീഫ് സെക്രട്ടറിക്ക് നൽകിയ കത്ത് വ്യവസായമന്ത്രിക്ക് കൈമാറിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം. പുറത്തുവരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് എ.സി. മൊയ്തീൻ പ്രതികരിച്ചു.

ഒരു ഉദ്യോഗസ്‌ഥനെതിരേയും നടപടി എടുക്കാൻ സർക്കാർ ആലോചിക്കുന്നില്ല. അന്വേഷണത്തിന് ശേഷം കുറ്റക്കാരനെന്ന് തെളിഞ്ഞാൽ മാത്രം നടപടി എടുക്കുമെന്നും വ്യവസായ മന്ത്രി വ്യക്‌തമാക്കി. പോൾ ആന്റണിയുടെ പ്രവർത്തനങ്ങളിൽ സംതൃപ്തൻ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

താൻ വ്യവസായ സെക്രട്ടറി സ്‌ഥാനത്ത് തുടരുണോ എന്ന് സർക്കാർ വ്യക്‌തമാക്കണമെന്ന് പോൾ ആന്റണി കത്തിൽ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ട്. ബന്ധു നിയമന വിവാദത്തിൽ മൂന്നാം പ്രതിയാണ് പോൾ ആന്റണി.