ഐഎഎസുകാരും ഐപിഎസുകാരും സിപിഎമ്മുകാരല്ലെന്ന് ചെന്നിത്തല
Thursday, January 12, 2017 11:15 AM IST
കൊച്ചി: സംസ്‌ഥാനത്തെ ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർ സിപിഎം പ്രവർത്തകരല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്‌ഥാനത്ത് ഭരണം നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്‌ഥരെല്ലാം ഇന്ന് ഭീതിയുടെ നിഴലിലാണ്. ഏപ്പോഴാണ് ഇവർക്കെതിരേ കേസുകൾ ഉണ്ടാകുന്നതെന്ന് അറിയില്ല. അതിനാൽ ഭരണസ്തംഭനമാണ് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഒരു ഫയലിലും തീരുമാനമുണ്ടാകുന്നില്ല. ഏറ്റവും ഒടുവിൽ ചീഫ് സെക്രട്ടറിക്ക് എതിരേ തന്നെ കേസുണ്ടായിരിക്കുന്നു. വിജിലൻസ് ഡയറക്ടർക്ക് അനിഷ്ടമുള്ളവർക്കെതിരേ എല്ലാം കേസുണ്ടായിരിക്കുന്ന അവസ്‌ഥയാണുള്ളത്. അതേസമയം ലഭിക്കുന്ന പരാതിയിൽ വിജിലൻസ് ഡയറക്ടർ നടപടി സ്വീകരിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്‌ഥ തർക്കത്തിൽ പ്രശ്നപരിഹാരത്തിന് മുൻകൈയെടുക്കേണ്ട മുഖ്യമന്ത്രി അതിനു പകരം ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്‌ഥരുമായി ഊഷ്മള ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ ഊഷ്മള ബന്ധമെന്നും ചെന്നിത്തല ചോദിച്ചു. ഭീഷണിപ്പെടുത്തി ഉദ്യോഗസ്‌ഥരെ സമ്മർദ്ദത്തിലാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഒരു ഭരണത്തലവൻ ചെയ്യേണ്ട നടപടി ഇതാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.