കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ ഹൈക്കോടതിയിൽ
Wednesday, September 13, 2017 3:18 PM IST
കൊച്ചി: ഫസൽ വധക്കേസിലെ പ്രതി കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകി. കാരായി രാജൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഹർജി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ യോഗം നടക്കുന്ന തലേന്ന് കണ്ണൂരിൽ എത്തി മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തു. ഇതോടെയാണ് സിബിഐ ജാമ്യം വ്യവസ്ഥ ലംഘിച്ച കാരായി രാജന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നേരത്തെ കേസിൽ ജാമ്യം അനുവദിച്ച കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് നൽകിയിരുന്നത്. പിന്നീട് പാർട്ടി നിയന്ത്രണത്തിലുള്ള പ്രസിൽ ജോലി ലഭിച്ചതിനാൽ തിരുവനന്തപുരത്ത് പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ കോടതി അംഗീകരിച്ചിരുന്നു. ജയിലിൽ കിടന്നാണ് കാരായി രാജൻ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടിയത്.

എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ എട്ടാം പ്രതിയാണ് കാരായി രാജൻ.
RELATED NEWS