രാമലീലയുടെ റിലീസിന് പോലീസ് സംരക്ഷണം നൽകില്ലെന്ന് ഹൈക്കോടതി
Thursday, September 14, 2017 10:39 AM IST
കൊച്ചി: വിവാദങ്ങളെ തുടർന്ന് റിലീസ് നീട്ടിവച്ച ദിലീപ് ചിത്രം രാമലീലയ്ക്ക് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തീയറ്ററുകളിൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിനിമാ റിലീസിന് പോലീസ് സംരക്ഷണം ഏർപ്പെടുത്താൻ കഴിയില്ലെന്ന നിരീക്ഷണത്തോടെയാണ് ഹർജി തള്ളിയത്.

ദിലീപിന്‍റെ അറസ്റ്റോടെ റിലീസ് നീട്ടിവച്ച ചിത്രം ഈ മാസം 28ന് പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചിരുന്നു. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയതോടെയാണ് നായകന്‍റെ ജയിൽ റിലീസിന് കാത്തുനിൽക്കാതെ ചിത്രം തീയറ്ററുകളിൽ എത്തിക്കാൻ മുളകുപാടം ഫിലിംസ് തീരുമാനിച്ചത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്‍റെ സംവിധായകൻ നവാഗതനായ അരുണ്‍ ഗോപിയാണ്. 14 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്ത് സച്ചിയാണ്. പ്രയാഗ മാർട്ടിനാണ് നായിക. സിദ്ധിഖ്, കലാഭവൻ ഷാജോണ്‍, രാധിക ശരത്കുമാർ, വിജയരാഘവൻ, മുകേഷ് തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
RELATED NEWS