പഞ്ച്കുള കലാപം: ഗുർമീതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
Sunday, September 24, 2017 12:22 PM IST
ചണ്ഡിഗഡ്: പീഡനക്കേസിൽ ജയിലിലായ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയെന്ന് ഡിജിപി ബി.എസ്. സന്ധു പറഞ്ഞു.

അതേസമയം, ഒളിവിൽ കഴിയുന്ന ദേര നടത്തിപ്പുകാർക്കെതിരേ അന്താരാഷ്ട്ര തലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായും പോലീസ് അറിയിച്ചു. ഗുർമീതിന്‍റെ വളർത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ്, ദേര നടത്തിപ്പു ചുമതലയിലുള്ള ആദിത്യ ഇൻസാൻ, പവൻ ഇൻസാൻ എന്നിവർക്കെതിരേയാണ് ഇന്‍റർനാഷണൽ അലർട്ട് പുറപ്പെടുവിച്ചത്.

കഴിഞ്ഞ മാസം 25നാണ് ഗുർമീതിനു കോടതി 20 വർഷം തടവുശിക്ഷ വിധിച്ചത്. അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിലാണ് വിധി. ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 38 പേർ മരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.