അണക്കെട്ടിനായി കൈകാല്‍കെട്ടി 15 കിലോമീറ്റര്‍ സന്തോഷ് നീന്തി
Saturday, February 18, 2012 3:50 AM IST
വൈപ്പിന്‍: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുക എന്ന ആവശ്യവുമായി പെരിയാറിന്റെ കൈവഴിയായ മാഞ്ഞാലിപ്പുഴയില്‍ നിന്നും മുനമ്പം അഴിമുഖംവരെ കൈകാലുകള്‍ ബന്ധിച്ച് സാഹസീക നീന്തല്‍താരം പെരുമ്പളം സന്തോഷ് 15 കിലോമീറ്റര്‍ നീന്തി. തികച്ചും അനായാസമായി വിശ്രമമൊന്നും ഇല്ലാതെ നീന്തിയാണ് സന്തോഷ് ലക്ഷ്യസ്ഥാനത്തെത്തിയത്.

സന്തോഷ് നീന്തല്‍ പഠിപ്പിക്കുന്ന 40 ഓളം കുട്ടികളും ഗുരുവിനൊപ്പം മാറിമാറി നീന്തി. പെരുമ്പളത്തെ നാട്ടുകാരും നീന്തല്‍ പ്രേമികളും ബോട്ടിലും വഞ്ചിയിലുമായി സന്തോഷിനെ അനുഗമിച്ചു. ഇന്നലെ രാവിലെ എട്ടിനു മാഞ്ഞാലിപ്പാലത്തിനടുത്ത് നിന്നും ആരംഭിച്ച നീന്തല്‍ എക്സൈസ് -തുറമുഖ മന്ത്രി കെ. ബാബു ഫ്ളാഗ് ഓഫ് ചെയ്തു.

ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷേര്‍ളി അധ്യക്ഷത വഹിച്ചു. വോളീബോള്‍ താരം വി.എ. മൊയ്തീന്‍ നൈനയാണ് സന്തോഷിന്റെ കൈകാലുകള്‍ ബന്ധിച്ചത്. തുടര്‍ന്ന് കായലിലേക്ക് ചാടിയ സന്തോഷ് അഞ്ചേകാല്‍ മണിക്കുര്‍ കൊണ്ടാണ് മാഞ്ഞാലിയില്‍ നിന്നും കോട്ടപ്പുറം മൂത്തകുന്നം മാല്യങ്കര കായല്‍ വഴി മുനമ്പം അഴിമുഖത്തെത്തിയത്.മുനമ്പം ജെട്ടിയില്‍ നീന്തിയെത്തിയ സന്തോഷിനെ വന്‍ജനാവലിയാണ് വരവേറ്റത്. കായലില്‍ നിന്നും പൊക്കിയെടുത്ത സന്തോഷിനെ നോട്ട് മാലയിട്ട് നാട്ടുകാര്‍ സ്വീകരിച്ചു.

സമാപന സമ്മേളനം ജില്ലാ പഞ്ചായത്തംഗം എം.ജെ ടോമി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ജോണ്‍ ഉപഹാരം നല്‍കി.വാര്‍ഡ് മെമ്പര്‍ കെ.എഫ്. വിത്സന്‍ അധ്യക്ഷതവഹിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷേര്‍ളി,സംഘാടകരായ ജനനി കലാകായികസംഘം സെക്രട്ടറി അനു സന്തോഷ്, ജനറല്‍ കണ്‍വീനര്‍ സി.ആര്‍.ഗിരീഷ്, സി.ആര്‍. സുനില്‍,പി.പി. ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സന്തോഷിന്റെ പിതാവ് തങ്കപ്പന്‍, ഭാര്യ ബീന, മകന്‍ അര്‍ജുന്‍ എന്നിവരും സംബന്ധിച്ചു.