കാട്ടിലാണ് മഴ !
പേരറിയാത്ത വൻമരങ്ങൾ കാവൽനിൽക്കുന്ന കാട്. സൂര്യവെളിച്ചം പോലും അരിച്ചെടുത്തു ചൂടില്ലാതെ മണ്ണിലേക്കു പൊഴിക്കുന്ന ഇലച്ചാർത്തുകൾ. കരിയിലകൾ വീണുകിടക്കുന്ന കാനനപാതകൾ. ഇവിടേക്കാണ് മഴ ആർത്തലച്ചെത്തുന്നത്. അതോടെ കാടാകെ മാറും. കാടിന്റെ മുക്കിലും മൂലയിലും മഴ തിമിർത്തുപെയ്യും. പച്ചപ്പിന്റെ പുതപ്പിൽ കാടു കുളിരണിയും. ഇലച്ചാർത്തുകൾക്കിടയിലൂടെ മഴത്തുള്ളികൾ മണ്ണിലേക്കു വന്നുവീഴും. കരിയിലകൾ നനവിൽ കുതിരും. ഇടിവെട്ടിൽ മരത്തലപ്പുകൾ ആടിയുലയും. ഇരുട്ടു കാനനപാതകളിലൂടെ വേഗമെത്തി കാടാകെ മൂടും... പക്ഷികൾ മഴ മാനത്തു കൂടുകൂട്ടുംമുമ്പേ കൂടണയും. ഗുഹകളുടെ ഇരുട്ടിലേക്ക് ഇരകളെയുംകൊണ്ട് മൃഗങ്ങൾ ശരവേഗമെത്തും.. കാട്ടിലെ മഴക്കാലം ഇങ്ങനെയൊക്കെയാണ്.<യൃ><യൃ>മഴക്കാലത്ത് എല്ലാ സൗന്ദര്യവും ആവാഹിച്ചു മുടിയഴിച്ചിട്ടു പൊട്ടിച്ചിരിക്കുന്ന സുന്ദരിയായ യക്ഷിയെപ്പോലെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാഴ്ചക്കാരനെ വശീകരിക്കും. കാടിന്റെ നടുവിലൂടെ എവിടെയൊക്കെയോ തട്ടിത്തെറിച്ചെത്തി നിലയില്ലാക്കയത്തിലേക്കു കുതിച്ചൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. പച്ചപ്പിന്റെ നിറച്ചാർത്തുമായി അതിരപ്പിള്ളിയിലെ വനങ്ങൾ. മലകൾ കോട്ടകെട്ടുന്ന വനാന്തരങ്ങൾ. മഴയുടെ പശ്ചാത്തലത്തിൽ കാടും മലയും വെള്ളച്ചാട്ടത്തിന്റെ താഴ്വാരങ്ങളും കണ്ടലയാൻ അതിരപ്പിള്ളി വിളിക്കുകയാണ്. ഇതാദ്യമായി... മഴയെ ഇഷ്‌ടപ്പെടുന്നവർക്കും കാടിനെ സ്നേഹിക്കുന്നവർക്കും യാത്രകൾ ആസ്വദിക്കുന്നവർക്കും വേണ്ടി ഒരു മഴയാത്ര. അതിരപ്പിള്ളി – ഷോളയാർ വനമേഖലയിലേക്ക്. <യൃ><യൃ><ആ>ഫ്ളാറ്റിലല്ല, കാട്ടിലാണ്!<യൃ><യൃ>മഴ തിമിർത്തു പെയ്യുമ്പോൾ വീടിനകത്തും ഫ്ളാറ്റിലും ചടഞ്ഞുകൂടിയിരിക്കുന്നവർക്കു മഴ ആസ്വദിക്കാനും കാട്ടിലെ മഴ എന്താണെന്ന് അറിയിച്ചു കൊടുക്കാനും കാട്ടിനകത്തേക്കൊരു മഴയാത്ര സംഘടിപ്പിച്ചാലോ എന്നു ചിന്തിച്ചതു കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള അതിരപ്പിള്ളി–വാഴച്ചാൽ–തുമ്പൂർമൂഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലാണ്. ഇവർ സംഘടിപ്പിച്ച ജംഗിൾ സഫാരിയും ഹിൽസഫാരിയും വമ്പൻ ഹിറ്റുകളായതോടെയാണു മൺസൂൺ ടൂറിസത്തെ പ്രയോജനപ്പെടുത്തി മഴയാത്രയ്ക്കു പദ്ധതിയിട്ടത്. ആരെങ്കിലും മഴക്കാലത്ത് അതിരപ്പിള്ളി കാണാനെത്തുമോ എന്നതായിരുന്നു ആദ്യസംശയം. എന്നാൽ, മഴപ്രേമികൾ ഇരച്ചെത്തിയപ്പോൾ കഥ മാറി. ആദ്യ ട്രിപ്പ് തന്നെ ആവേശത്തിന്റെ മഴയിൽ കുതിർന്നു. നാട്ടിലെ മഴ കൊണ്ടും കണ്ടും മടുത്തവർ കൊതിയോടെ കാട്ടിലെ മഴ കാണാനെത്തി. പ്രതീക്ഷ തെറ്റിച്ചില്ല, സഞ്ചാരികളെ കാട്ടിലേക്കു സ്വീകരിച്ചതു കോരിച്ചൊരിയുന്ന മഴ.<യൃ><യൃ>ആർത്തലച്ചു പെയ്തു കാനനപാതകളിലൂടെ ചെറിയ അരുവികൾ പോലെ മഴവെള്ളം കാടിനകത്തേക്കു പതഞ്ഞുകുതിച്ചൊഴുകി. ഞാൻ കൂടെയുണ്ടെന്നു മന്ത്രിച്ചു തണുപ്പ് കൂട്ടിനെത്തി. കഴുകിവൃത്തിയാക്കിയ പോലെ മഹാമരങ്ങൾ മഴക്കാറ്റിനു താളം പിടിച്ചു. കുട്ടിക്കാലത്തു ചെളിവെള്ളം തട്ടിത്തെറിപ്പിച്ചു നടന്നതിന്റെ നൊസ്റ്റാൾജിക് ചിത്രങ്ങളാണ് കാട്ടിലെ മഴയാത്ര ഓർമിപ്പിക്കുന്നത്. ചെളിവെള്ളം തട്ടിത്തെറിപ്പിച്ചു പലരും കുട്ടികളേക്കാൾ ആവേശത്തിലായിരുന്നു.<യൃ><യൃ><ആ>മാറുന്ന മൺസൂൺ ടൂറിസം!<യൃ><യൃ>മൺസൂൺ ടൂറിസമെന്നാൽ ഇത്രയും കാലം ആലപ്പുഴയിലും മറ്റിടങ്ങളിലും മാത്രമായിരുന്നു. എന്നാൽ, അതു മാത്രമല്ലെന്നു തെളിയിക്കുകയാണു മഴയാത്ര. പൊതുവെ മഴക്കാലത്ത് അതിരപ്പിള്ളിയിലേക്കു സഞ്ചാരികൾ കുറവാണ്. എന്നാൽ, മഴ കനത്തു വെള്ളച്ചാട്ടം ശക്‌തമാകുമ്പോൾ സഞ്ചാരികൾ എത്താറുമുണ്ട്. ഇതുകൂടി പരിഗണിച്ചാണ് മഴയാത്ര വിഭാവനം ചെയ്തത്. ഒരുദിവസ യാത്രയാണെങ്കിലും കാഴ്ചകൾ നിരവധി. കനത്ത മഴയിൽ നിറഞ്ഞു പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, മഴക്കാലത്തു മാത്രം ദൃശ്യമാകുന്ന ചാർപ്പ വെള്ളച്ചാട്ടം, തുമ്പൂർമൂഴി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ആനക്കയം, ഷോളയാർ ഡാം എന്നിങ്ങനെ മഴയാത്രയിൽ കാഴ്ചകൾ മനസിൽനിന്നു മായില്ല. കുടുംബസമേതം മഴക്കാലത്തൊരു സുരക്ഷിതമായ വിനോദയാത്ര എന്നതാണ് ഈ ട്രിപ്പിന്റെ സവിശേഷത.<യൃ><യൃ><ആ>ചാലക്കുടിയിൽ തുടക്കം<യൃ><യൃ>ചാലക്കുടിയിൽനിന്നു രാവിലെ ഏഴേമുക്കാലോടെ മഴയാത്രയുടെ വണ്ടി പുറപ്പെടും. നേരെ പോകുന്നതു തുമ്പൂർമൂഴി ഡാം ഗാർഡനിലേക്കാണ്. ചിത്രശലഭങ്ങൾ കൂട്ടത്തോടെ വന്നണയുന്ന ശലഭോദ്യാനം. കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തിലൂടെയുള്ള യാത്രയും ഇവിടെയാണ്. ചാലക്കുടി പുഴയുടെ മുകളിലൂടെ നിർമിച്ച തൂക്കുപാലത്തിലൂടെ നടക്കുന്നതു രസകരം തന്നെ. എറണാകുളം ഡിടിപിസിയുടെ പ്രകൃതിഗ്രാമത്തെയും തുമ്പൂർമൂഴി ഡാം ഗാർഡനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം. അഞ്ചുകോടി രൂപ മുടക്കി നിർമിച്ച 194 മീറ്റർ നീളമുള്ള തൂക്കുപാലമാണിത്.<യൃ><യൃ>ശലഭോദ്യാനവും തൂക്കുപാലയാത്രയുമെല്ലാം കഴിയുമ്പോഴേക്കും വിശപ്പ് ആളിക്കത്താൻ തുടങ്ങിയിരിക്കും. വിഷമിക്കേണ്ട, നല്ല ചൂടുള്ള ഇഡലിയും സാമ്പാറും റെഡി! ഇനി യാത്രികരെ കാത്തു മറ്റൊരു സ്പെഷൽ വിഭവവും ഒരുങ്ങുന്നുണ്ട്, ചക്കക്കുരു കൊണ്ടുള്ള പുട്ട്. ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ സഞ്ചാരികൾക്കെല്ലാം ഔഷധക്കൂട്ടു ചേർത്ത മരുന്നിന്റെ ചെറിയ ഒരു ഉണ്ട കഴിക്കാൻ കിട്ടും. മടിക്കാതെ കഴിക്കാം, ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും മഴകൊണ്ടാലും പനിയും മറ്റ് അസുഖങ്ങളും വരാതിരിക്കാനും ഈ ഔഷധക്കൂട്ട് ഉത്തമം.<യൃ><യൃ><ആ>അതിരപ്പിള്ളി<യൃ><യൃ>തുമ്പൂർ മൂഴി ഡാമിൽനിന്നു യാത്ര പിന്നീട് അതിരപ്പിള്ളിയിലേക്കാണ്. മഴയേറ്റു കിടക്കുന്ന, കോടമഞ്ഞ് പുതപ്പിട്ട വഴിയിലൂടെ അതിരപ്പിള്ളിയിലേക്ക്. യാത്രയിലുടനീളം കണ്ടാസ്വദിക്കാൻ കാഴ്ചകളേറെ. അതിരപ്പിള്ളി നിറഞ്ഞു കുതിച്ചു പതഞ്ഞൊഴുകുന്നതു കണ്ട ശേഷം നേരേ വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ ഭാഗത്തേക്ക്. ഭയക്കേണ്ടതില്ല, ലൈഫ് ഗാർഡുമാരും സഹായികളുമൊക്കെയായി വളരെ സുരക്ഷിതമായി വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തെത്താം. അവിടെനിന്നാണ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ഏറ്റവും പൂർണതയിൽ ആസ്വദിക്കാനാവുക. മുകളിൽ പാൽക്കടൽ പോലെ പതിക്കുന്ന വെള്ളച്ചാട്ടം, കനമില്ലാതെ പറന്നകലുന്ന വെള്ളത്തുള്ളികൾ... കണ്ടു മതിയാകില്ലെങ്കിലും സമയം വൈകുന്നതിനാൽ വണ്ടി നീങ്ങും ചാർപ്പ വെള്ളച്ചാട്ടം ലക്ഷ്യമാക്കി.<യൃ><യൃ><ആ>മൃഗങ്ങൾ വഴിയോരത്ത്<യൃ><യൃ>അതിരപ്പിള്ളിയിൽനിന്നു മൂന്നു കിലോമീറ്റർ അകലെയാണു ചാർപ്പ വെള്ളച്ചാട്ടം. ജൂൺ– ജൂലൈ മാസങ്ങളിൽ മഴ കനക്കുമ്പോഴാണു ചാർപ്പ അതിന്റെ പൂർണ സൗന്ദര്യം കാണിച്ചുതരുന്നത്. ചാർപ്പ വെള്ളച്ചാട്ടം പതഞ്ഞു കുതിച്ചൊഴുകുന്നതു റോഡിൽനിന്നുകൊണ്ടു കാണാം. ഇവിടെയുള്ള പഴയപാലത്തിൽനിന്നാൽ ചാർപ്പയിലെ വെള്ളത്തുള്ളികൾ കാഴ്ചക്കാരെ സ്പ്രേ പോലെ നനച്ചുകൊണ്ടിരിക്കും. ചാർപ്പയിൽനിന്നു വാഴച്ചാലിലേക്കാണു മഴയാത്ര. ഈ വഴികളിലൊക്കെ കോടയും മഴയും സംഗമിക്കുന്ന കാഴ്ചകളാണ്. ചെറുതും വലുതുമായ പക്ഷിമൃഗാദികളും കണ്ണിനും കാമറയ്ക്കും വിരുന്നായി കാടരികിൽ വന്നുപോകും. മൃഗങ്ങളെ വേനൽക്കാലത്തു കാണുന്നതിനെക്കാൾ നന്നായി മഴക്കാലത്തു കാണാൻ സാധിക്കും. അതിലൊരു രഹസ്യമുണ്ട്. മഴയിലും കാറ്റിലും മരങ്ങൾ വീഴുമെന്നു പേടിച്ചു പലപ്പോഴും കാട്ടുമൃഗങ്ങൾ കാനനപാതയിലേക്കു സുരക്ഷിതതാവളം തേടി ഇറങ്ങിനിൽക്കാറുണ്ട്. <യൃ><യൃ>വാഴച്ചാലിൽ സമയം ചെലവിട്ട് ഉച്ചയാകുന്നതോടെ വണ്ടി നേരേ പെരിങ്ങൽകുത്തിലേക്കു കയറും. അവിടെ സഞ്ചാരികളെ സ്വീകരിക്കുന്നതു കൂറ്റൻ ഇൻസ്പെക്ഷൻ ബംഗ്ലാവാണ്. കാണാനും കണ്ടറിയാനും അദ്ഭുതപ്പെടാനും ബംഗ്ലാവിൽ പലതുമുണ്ട്. പെരിങ്ങൽകുത്ത് ഡാം നിർമിക്കുമ്പോൾ ബ്രീട്ടീഷ് എൻജിനിയർമാർ ഈ ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ മുകൾ നിലയിൽനിന്ന് ബൈനോക്കുലറിലൂടെയാണു നിർമാണ പുരോഗതിയും പണികളും വീക്ഷിച്ചിരുന്നത്. സമുദ്രനിരപ്പിൽനിന്ന് 1,600– 1,800 അടി ഉയരത്തിലാണ് ഈ ഐബി. കരിങ്കുരങ്ങ്, മലമുഴക്കിവേഴാമ്പൽ എന്നിവയെ ഐബിക്കു പുറത്തെ വനമേഖലയിൽ കാണാം. സന്ദർശകരുടെ ഭാഗ്യം പോലെ കാട്ടാനക്കൂട്ടത്തെയും. മഴക്കാലമായതോടെ ഐബി പരിസരത്തു കാട്ടാനകളെത്താറുണ്ടെന്നു കാവൽക്കാർ പറഞ്ഞു. ഐബിയുടെ ഉൾവശം തേക്കിൻതടികളുടെ പാനൽകൊണ്ടാണു നിർമിച്ചിരിക്കുന്നത്. അകത്തളങ്ങളും കെട്ടിടവും പഴയകാല വാസ്തുഭംഗിയും ബ്രിട്ടീഷ് കാലത്തെ ഇന്റീരിയർ വർക്കുകളും കാണേണ്ടതുതന്നെ.<യൃ><യൃ><ആ>അലഞ്ഞുതിരിയാം<യൃ><യൃ>ഇതു കണ്ടു കഴിയുമ്പോഴേക്കും തകർപ്പൻ ഉച്ചഭക്ഷണം ഐബിയിൽ തയാറായിരിക്കും. ചോറും ചിക്കൻ ഫ്രൈയും ചാലക്കുടിപ്പുഴയിലെ മീൻകൊണ്ടുള്ള കറിയും എട്ടു കൂട്ടം വെജിറ്റേറിയൻ കറികളും ചേർത്തുള്ള വിഭവസമൃദ്ധമായ ഊണ്. ഊണു കഴിഞ്ഞാൽ ഐബിക്കു പരിസരത്തുള്ള കാട്ടിലൂടെ മഴ കൊണ്ടുള്ള വനയാത്രയ്ക്കിറങ്ങാം. വലിയ കുടചൂടി മഴവെള്ളം തട്ടിത്തെറിപ്പിച്ചു കോടയെ കീറിമുറിച്ചു വനാന്തരത്തിലേക്കുള്ള യാത്ര. <യൃ><യൃ>കാട്ടിലെ മഴയുടെ വരവിനു തന്നെയുണ്ട് ഗാംഭീര്യം. ഞാനിതാ എത്തുന്നു, നിങ്ങളെ നനയ്ക്കാൻ എന്നു വൻമരങ്ങളോടു പറയാൻ കാറ്റിനോടേൽപ്പിച്ചു പിന്നാലെ പാഞ്ഞെത്തുന്ന മഴ.. കാട്ടിലെ മഴയുടെ ശബ്ദംതന്നെ നിങ്ങളെ വിസ്മയിപ്പിക്കും. മഴയുടെ ശബ്ദം പലതാണ്. ചിലപ്പോഴതു പേടിപ്പിക്കും, ചിലപ്പോൾ കലമ്പൽ പോലെ... ഒന്നൊന്നര കിലോമീറ്റർ നടക്കുമ്പോഴേക്കും കാട്ടിലെ മഴയുടെ സർവ രൂപഭാവങ്ങളും യാത്രക്കാർ അറിഞ്ഞിട്ടുണ്ടാകും. ഇതിനിടെ, മലമുഴക്കി വേഴാമ്പലുകളെ കാണാം, സുരക്ഷിത വനമേഖലയിൽ പേടികൂടാതെ അലഞ്ഞുതിരിയാം.. കുടയും ബാഗും പുസ്തകങ്ങളും സമ്മാനങ്ങളുമൊക്കെയടങ്ങുന്ന കിറ്റ് സഞ്ചാരികൾക്കുള്ളതാണ്. കാട്ടിലെ മഴ കൊണ്ടു നടന്ന കുട വീട്ടിൽ കൊണ്ടുവന്നു സൂക്ഷിക്കാം, മഴയാത്രയുടെ ഓർമയ്ക്കായി...<യൃ><യൃ><ആ>കപ്പയും കരിപ്പട്ടിക്കാപ്പിയും<യൃ><യൃ>ഇനി ഷോളയാറിലേക്കാണ്. മഴയുടെ ശക്‌തി കൂടിയും കുറഞ്ഞുമിരിക്കും. വഴിയിൽ പല ഭാഗത്തും ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും. മഴക്കാലത്താണ് അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ. തുമ്പൂർ മൂഴി വെള്ളച്ചാട്ടങ്ങളുടെ യഥാർഥ സൗന്ദര്യമെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസർ മനേഷ് സെബാസ്റ്റ്യൻ പറഞ്ഞു. <യൃ><യൃ>ഷോളയാറിലേക്കു പോകും വഴി ആനക്കയത്തിറങ്ങും. ആനക്കയം പുഴ നിറഞ്ഞൊഴുകുന്നുണ്ടാകും. പുഴയ്ക്കരികിൽ മിക്കപ്പോഴും ആനകളെ കാണാൻ പറ്റും. ആനക്കയത്തുനിന്നു ഷോളയാർ ഡാമിലേക്ക്. ഇവിടേക്കു സാധാരണയായി പൊതുജനങ്ങളെ കയറ്റാറില്ല. മാവോയിസ്റ്റ് ഭീഷണിയൊക്കെ നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾക്കു പ്രവേശനം നിഷേധിച്ചിരിക്കുന്ന സ്‌ഥലം. പക്ഷേ, അതിരപ്പിള്ളി–വാഴച്ചാൽ–തുമ്പൂർമൂഴി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ മഴയാത്രയടക്കമുള്ള ട്രിപ്പുകളിലെ യാത്രക്കാർക്കു ഷോളയാർ ഡാമിലേക്കു പ്രവേശനമുണ്ട്. എന്നാൽ, സ്വകാര്യ വാഹനങ്ങളിലും മറ്റുമായി എത്തുന്ന സഞ്ചാരികളെ ഇവിടേക്കു കടത്തിവിടില്ല. കരടിയടക്കമുള്ള കാട്ടുമൃഗങ്ങളുടെ സാന്നിധ്യം ഡാം പരിസരത്തുണ്ട്. അഞ്ചുമണിയോടെ തിരിച്ചു വാഴച്ചാലിൽ എത്തും. അപ്പോഴേക്കും വഴിനിറയെ കോടമഞ്ഞ് കോട്ട. മഴക്കാലമായതിനാൽ ഇരുട്ടും പെട്ടെന്നെത്തും. വാഴച്ചാലിലെത്തിയാൽ വൈകുന്നേരത്തെ കാപ്പികുടി. കപ്പ പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും കരിപ്പട്ടിക്കാപ്പിയും. ആവി പറക്കുന്ന കപ്പ വാഴയിലയിൽ.. തൊട്ടുനക്കാൻ കാന്താരിച്ചമ്മന്തി... കരിപ്പട്ടിക്കാപ്പിയുടെ ആവി പറക്കുന്ന ഗന്ധം...<യൃ><യൃ>മഴ കൊണ്ടതിന്റെയും നടന്നലഞ്ഞതിന്റെയും വണ്ടിയിലെ യാത്രയുടെയുമൊക്കെ ക്ഷീണം ഇതു കഴിക്കുന്നതോടെ പമ്പകടക്കും. ഇതും കഴിച്ചു വണ്ടിയിൽ കയറുമ്പോൾ കോടമഞ്ഞും മലയിറങ്ങിയിട്ടുണ്ടാകും. ആറരയോടെ വണ്ടി തിരിച്ചു ചാലക്കുടിയിലെത്തും. മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ പലതുണ്ട് മണ്ണിൻ മനസിൽ... എന്ന റഫീഖ് അഹമ്മദിന്റെ വരികളാണ് മഴയാത്ര കഴിയുമ്പോൾ മനസിലും ചുണ്ടിലും നിറയുക.<യൃ>.............................<യൃ><യൃ><ആ>മഴയാത്ര സർവ സന്നാഹങ്ങളുമായി<യൃ><യൃ>ചാലക്കുടിയിൽനിന്ന് 800 രൂപയും തൃശൂരിൽനിന്ന് ആയിരം രൂപയുമാണ് ഒരാൾക്കുള്ള ടിക്കറ്റുനിരക്ക്. വഴിയിൽ മരം വീണുകിടപ്പുണ്ടെങ്കിൽ അതു മുറിച്ചുമാറ്റാനുള്ള ഇലക്ട്രിക് വാളുമുണ്ടാവും. യാത്രയ്ക്കിടയിൽ എന്തെങ്കിലും അസുഖങ്ങൾ വന്നാൽ ആവശ്യമായ മരുന്നടക്കമുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്, വാക്കിടോക്കി, വടം എന്നിങ്ങനെ എല്ലാവിധ സന്നാഹങ്ങളുമായിട്ടാണ് ഈ യാത്ര. സഞ്ചാരികൾ മൊബൈലിൽ പകർത്തുന്ന മഴയുടെ കാഴ്ചകളിൽ മികച്ച ചിത്രത്തിനു സമ്മാനവും നൽകും. മഴയാത്ര ഡിസ്കൗണ്ട് കൂപ്പണുകൾ യാത്രികർക്കു നൽകും. അതിരപ്പിള്ളി മേഖലയിലെ പ്രധാന ഹോട്ടലുകളിൽ 30 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്ന കൂപ്പണുകളാണിത്. 0480 2769888, 9497069888 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടു യാത്ര ബുക്ക് ചെയ്യാം. രണ്ടു ബസുകളാണ് യാത്രയ്ക്കുള്ളത്. 25 പേർക്ക് വീതം സഞ്ചരിക്കാവുന്ന ബസുകളാണിത്. <യൃ><യൃ><ആ>ഋഷി