പുസ്തകമില്ലെങ്കിൽ ബാലഗോപാലനില്ല
മൂന്നു വർഷം മുമ്പ്. കർക്കിടകത്തിലെ ഒരു സന്ധ്യാനേരം. ചിന്നം വിളിച്ചെത്തിയ മഴ ഒരു തെങ്ങിനെ അപ്പാടെ പിഴുതെടുത്തു. ദിക്ക് നാലും കറക്കി നേരെ കിഴക്കോട്ട് വീണു. ചേടമ്പത്ത് ബാലഗോപാലന്റെ വീടിന്റെ ഒരു ഭാഗം മണ്ണടിഞ്ഞു. മഴയ്ക്കും കാറ്റിനും ശക്‌തി കൂടി. ഇരുട്ടുമൂടിയ പ്രകൃതിയിൽ താണ്ഡവമാടിയ പേമാരി ആറിത്തണുക്കാൻ നേരം കുറെ വേണ്ടിവന്നു. ബാലഗോപാലനും ഭാര്യ പത്മാവതിയും നാമാവശേഷമായ വീടിന്റെ വടക്കേ മൂലയിലേക്ക് ചെന്നു. ശൗര്യമടങ്ങാതെ കാറ്റ് അപ്പോഴും മൂളിക്കൊണ്ടിരുന്നു. മഴയുടെ ശേഷിപ്പ് നേരിൽ കണ്ട ബാലഗോപാലൻ ശരിക്കും ഞെട്ടി. സ്വന്തം വീടിന്റെ മണ്ണടിഞ്ഞ ഭാഗം നേരിൽ കാണുമ്പോൾ ഏതൊരു സാധാരണക്കാരനും ഉണ്ടാകുന്ന ഞെട്ടലായിരുന്നില്ല അത്. അതിനൊരു കാരണമുണ്ട്. അതെന്താണെന്നു പറയും മുമ്പ്.

<ആ>അൽപ്പം ഫ്ളാഷ് ബാക്ക്...

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കണ്ടങ്കാളിയാണ് സ്‌ഥലം. കണ്ടനും കാളിയും (ശിവനും പാർവതിയും) അധിവസിക്കുന്നതിനാലാണ് കണ്ടങ്കാളി എന്ന പേര് വന്നതെന്ന് സ്‌ഥലപുരാണം. അങ്ങനെയുള്ള കണ്ടങ്കാളിയിൽ ഒരു പട്ടാളക്കാരനുണ്ടായിരുന്നു. പേര് കുഞ്ഞിക്കണ്ണൻ. ഗാന്ധിജിയെക്കുറിച്ച് വേണ്ടാതീനം പറഞ്ഞ ബ്രിട്ടീഷ് പട്ടാളക്കാരനെ കണക്കറ്റ് പ്രഹരിച്ച് നാട്ടിലേക്ക് വണ്ടികയറിയ കുഞ്ഞിക്കണ്ണൻ പിന്നീട് അക്കാദമിക്ക് യോഗ്യതകളോടെ കണ്ടങ്കാളി സ്കൂളിൽ പ്രധാനാധ്യാപകനായി. കുഞ്ഞിക്കണ്ണന്റെ ഭാര്യ കാർത്യായനി. അവർക്ക് ആറു മക്കൾ. അതിൽ രണ്ടാമനാണ് ബാലഗോപാലൻ. ജനനം 1946 ഏപ്രിൽ പത്തിന്. മൂന്നു വയസ് പൂർത്തിയാകുമ്പോഴേക്കും ബാലഗോപാലന്റെ ഇരുകാലുകളും തളർന്നു തുടങ്ങി. എഴുന്നേറ്റ് നിൽക്കാൻ വയ്യെന്നായി. അച്ഛനമ്മ–ബന്ധു–മിത്രാതികൾ ഒന്നടങ്കം ദുഃഖിതരായി. മകന്റെ കാലിന്റെ തളർച്ച മാറ്റാൻ കുഞ്ഞിക്കണ്ണൻ നിരവധി ചികിത്സകൾ നടത്തി. കുഞ്ഞമ്പു വൈദ്യരെ രണ്ടുവർഷം വീട്ടിൽ താമസിപ്പിച്ച് ചികിത്സിപ്പിച്ചു. ഒന്നും ഫലം കണ്ടില്ല. പോളിയോ എന്ന് വിളിച്ച് ഡോക്ടർമാരും വൈദ്യൻമാരും ചികിത്സ അവസാനിപ്പിച്ചു. ബാലഗോപാലന്റെ കാലുകളുടെ ചലനശേഷി എന്നന്നേക്കും ഇല്ലാതായി.

വീടിനടുത്തുള്ള കണ്ടങ്കാളി സ്കൂളിൽ അഞ്ചാം ക്ലാസുവരെയാണ് ബാലഗോപാലൻ പഠിച്ചത്. അമ്മ കാർത്യായനി മകനെ ഒക്കത്തെടുത്താണ് സ്കൂളിൽ കൊണ്ടുപോയത്. തുടർപഠനത്തിനുള്ള സ്കൂളുകൾ അകലെയായതിനാൽ പഠനം അഞ്ചിൽ നിർത്തി. പിന്നീട് വീടിന്റെ അകത്തളങ്ങളിലായി ബാലഗോപാലന്റെ ജീവിതം. പുറത്തിറങ്ങാൻ പരസഹായം വേണം. സഹോദരങ്ങളും കൂട്ടുകാരും ഓടിച്ചാടി നടക്കുമ്പോൾ ബാലഗോപാലൻ വെറും കാഴ്ചക്കാരനായി.

നേരംകൊല്ലാൻ രക്ഷിതാക്കൾ ചർക്കയിൽ നൂൽനൂൽക്കാൻ പഠിപ്പിച്ചു. അങ്ങനെ പയ്യന്നൂർ ഖാദി ഓഫീസിൽനിന്നു കൊണ്ടുവരുന്ന പരുത്തി ഉപയോഗിച്ച് നൂൽനൂൽപ്പ് തുടങ്ങി. ഒരാഴ്ച തുടർച്ചയായി ജോലി ചെയ്താൽ മൂന്നു രൂപവരെ ലഭിക്കും.

<ആ>രാമായണം വായിച്ച് തുടക്കം

കർക്കിടകത്തിൽ രാമായണവും ചിങ്ങത്തിൽ കൃഷ്ണപ്പാട്ടും മറ്റ് ദിവസങ്ങളിൽ ഭാഗവതവും വായിക്കുന്ന കുടുംബമാണ് ബാലഗോപാലന്റേത്. അത് പാരമ്പര്യമായി തുടരുന്ന സമ്പ്രദായവുമാണ്. അമ്മാവൻമാരാണ് വായിക്കുക. എന്നാൽ ഒരു വർഷം കൃഷിപ്പണിയുടെ തിരക്കായതിനാൽ ആ ഉത്തരവാദിത്വം ബാലഗോപാലൻ ഏറ്റെടുക്കേണ്ടിവന്നു. അതൊരു നിമിത്തമായിരുന്നു. കാലുകൾ തളർന്ന് ജീവിതയാത്ര വഴിമുട്ടിയവന് എല്ലാം അതിജീവിക്കാനുള്ള മാർഗം. രാമായണവും കൃഷ്ണപ്പാട്ടും ഭാഗവതവും വായിച്ച ബാലഗോപാലന് വായന പതുക്കെ ലഹരിയായി മാറി. കിട്ടുന്നതെന്തും വായിക്കാനുള്ള ശീലം അറിയാതെ ഉള്ളിലെവിടെയോ മൊട്ടിട്ടു.
തറവാട്ടു വയലിൽ വിത്തിറക്കിയാൽ പിന്നെ അതിന്റെ തിരക്കായി. ആണും പെണ്ണുമടക്കം പണിയെടുക്കാൻ പലരുമുണ്ടാകും. കൃഷിപ്പണിക്കെത്തിയ സ്ത്രീകൾ മഴയാണെങ്കിൽ വീടിന്റെ വടക്കേ കോലായിൽ മഴതോരാൻ കാത്തിരിക്കും. മഴയെക്കുറിച്ചും മണ്ണിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചുമുള്ള വർത്തമാനത്തിനിടെ വടക്കൻ പാട്ട് പാടുന്ന പതിവും അവർക്കുണ്ട്.

തനത് ഈണത്തിൽ ‘ആറ്റുമണമ്പിലെ ഉണ്ണിയാർച്ച, ഊണും കഴിഞ്ഞങ്ങുറക്കമായി...’ എന്നിങ്ങനെ പോകും ആ വരികൾ. ബാലഗോപാലൻ വീടിനകത്തിരുന്ന് വടക്കൻ പാട്ട് ആസ്വദിക്കുന്നതും പതിവാണ്. എന്നാൽ, ഒരു ദിവസം വടക്കൻ പാട്ടിന്റെ കേട്ടുശീലിച്ച വരികൾക്കു പകരം പുതിയ വരികൾ ബാലഗോപാലന്റെ കാതുകളിലേക്ക് ഒഴുകിയെത്തി. അന്വേഷിച്ചപ്പോൾ ചങ്ങമ്പുഴയുടെ രമണനിലെ വരികളാണ് ഇവയെന്ന് മനസിലായി. അങ്ങനെ പുസ്തകം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായി ബാലഗോപാലൻ. ഒരു സുഹൃത്തു വഴി പയ്യന്നൂരിൽനിന്നു രമണൻ വാങ്ങി വീട്ടിലെത്തിച്ചു. ഒറ്റയിരുപ്പിന് വായിച്ചുതീർത്തു.

അതൊരു പുതിയ അനുഭവമായിരുന്നു. അങ്ങനെ പുസ്തകത്തെ ഇഷ്‌ടപ്പെട്ടു തുടങ്ങിയ ബാലഗോപാലന്റെ ശേഖരത്തിലെ ആദ്യ പുസ്തകമായി രമണൻ. അവിടെ തീർന്നില്ല കഥ. രമണൻ ഒരു തുടക്കം മാത്രമായിരുന്നു. വായനയിലൂടെയുള്ള അതിജീവന രഹസ്യം ബാലഗോപാലൻ പതുക്കെ സ്വായത്തമാക്കുകയായിരുന്നു. സഹോദരങ്ങൾ സമീപമുള്ള വായനശാലകളിൽ നിന്നും പുസ്തകമെത്തിച്ചു കൊടുക്കും. കണ്ണിമചിമ്മാതെ അവ വായിച്ചുതീർക്കുന്ന ബാലഗോപാലൻ ചർക്കയിൽ നൂൽക്കുന്ന നൂൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് പുസ്തകങ്ങൾ വാങ്ങാനും തുടങ്ങി.

കവിതകളും കഥകളും നോവലുകളും ചരിത്ര പുസ്തകങ്ങളും വൈജ്‌ഞാനിക സാഹിത്യങ്ങളും വിവർത്തനങ്ങളും ആത്മകഥകളും ശാസ്ത്ര–ഗവേഷണ പസ്തകങ്ങളുമടക്കം വായനയുടെ സഞ്ചാരം പലവഴി നീങ്ങി. വായിച്ചു തീർത്ത പുസ്തകങ്ങൾ അടുക്കും ചിട്ടയോടെയും സൂക്ഷിക്കാനും തുടങ്ങി. ഒറ്റപ്പെടലിന്റെ വേദന പതുക്കെ ഇല്ലാതായി. അങ്ങനെ യാത്ര നിഷേധിച്ച കാലുകളോട് അക്ഷരങ്ങളിലൂടെ സഞ്ചരിച്ച് ബാലഗോപാലൻ പകരം വീട്ടി.

<ആ>പുറംകാഴ്ചയിലും പുസ്തകം തേടി

കൈ കൊണ്ട് കറക്കി യാത്ര ചെയ്യാവുന്ന ഒരു മുച്ചക്ര വാഹനം സംഘടിപ്പിച്ചത് ആയിടയ്ക്കാണ്. ബാലഗോപാലൻ അങ്ങനെ വീട് വിട്ട് പുറംലോകം കണ്ടു. കാഴ്ചയുടെ പുതുലോകം കൺമുന്നിൽ നിറഞ്ഞുനിന്നപ്പോഴും ബാലഗോപാലൻ തേടിയത് പുസ്തകങ്ങളാണ്. പയ്യന്നൂരിലെ പുസ്തകക്കടകളിലെ നിത്യസന്ദർശകനായി.

എവിടെ പോകുമ്പോഴും ഒരു പുസ്തകവും കൂടെ കരുതും. ഒഴിവു സമയത്ത് വായിക്കാനായി. പുസ്തകം വാങ്ങാൻ മാത്രം തളർന്ന കാലുമായി കണ്ണൂരിലേക്ക് ബസ് കയറാറുണ്ട് ഇദ്ദേഹം. പയ്യന്നൂരിൽ നടക്കുന്ന പുസ്തക മേളയിൽ പുസ്തകം തേടി അലയുന്ന ബാലഗോപാലൻ ഒരു നിത്യകാഴ്ചയാണ്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഒരാൾക്കൂട്ടം ബാലഗോപാലന്റെ വീട്ടിലുണ്ടാകും. അതിൽ കുട്ടികളും യുവാക്കളും വയോധികരും ഉൾപ്പെടും. പുസ്തക ചർച്ചകളും സംശയനിവാരണവുമടക്കം സാഹിത്യത്തെക്കുറിച്ചുള്ള സമഗ്രസംവാദമായിരിക്കും ആ കൂട്ടായ്മയിലുണ്ടാകുക. ചർക്കയിൽ നൂൽ നൂൽക്കുന്ന ജോലിക്കു പിന്നാലെ ഫർണിച്ചർ കട, പഴയ വീട് വിലയ്ക്ക് വാങ്ങി പൊളിച്ചു വിൽക്കുക തുടങ്ങിയവയും ചെയ്തു.

ഇതിലൂടെയൊക്കെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് പുസ്തകങ്ങൾ വാങ്ങാനായി മാറ്റിവയ്ക്കും. പുതിയ വീട് പണിതപ്പോൾ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും ഒരു പ്രത്യേക പുസ്തകശാലതന്നെ ഇദ്ദേഹം പണിതു.

<ആ>വായനയ്ക്കും ഒരു ചിട്ടയുണ്ട്

വെറുതെ വായിച്ച് നേരം കളയുകയല്ല ഇദ്ദേഹം ചെയ്യുന്നത്. എല്ലാത്തിനും ഒരു ചിട്ടയുണ്ട്. അതിരാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾക്കു ശേഷം നേരേ വായനാമുറിയിലെത്തും. വായിക്കേണ്ടുന്ന പുസ്തകത്തോടൊപ്പം കുറിപ്പെഴുതാനുള്ള ഒരു നോട്ടുബുക്കും പേനയും കൂടെയുണ്ടാകും. രാവിലെ തുടങ്ങുന്ന വായന പതിനൊന്നു മണിവരെ നീളും. പിന്നീട് അൽപ്പം വീട്ടുകാര്യം. കടയിൽ പോകുന്നതടക്കമുള്ള ജോലികൾ ആ സമയത്ത് തീർക്കും. ഉച്ചയ്ക്ക് ഭക്ഷണശേഷം വീണ്ടും പുസ്തകത്തിനു മുന്നിൽ.

ആ ഇരുപ്പ് രാത്രിവരെ നീളും. വായിക്കുന്ന പുസ്തകത്തിലെ പ്രധാന പരാമർശങ്ങളും ഓർത്തിരിക്കേണ്ടുന്ന വസ്തുതകളും നോട്ട്ബുക്കിൽ കുറിച്ചുവയ്ക്കും. ഒരു പുസ്തകം വായിച്ചു കഴിഞ്ഞാലേ അടുത്ത പുസ്തകം തുറക്കൂ. വൈകുന്നേരങ്ങളിൽ തന്നെ കാണാൻ വരുന്നവരുമായി അൽപ്പം പുസ്തകസംവാദം. ഇങ്ങനെ പോകുന്നു ബാലഗോപാലന്റെ പുസ്തക ദിനങ്ങൾ.

പോളിയോ തന്റെ കാലുകളെ തളർത്തിയത് ഒരർഥത്തിൽ അനുഗ്രഹമായി കാണുകയാണ് ബാലഗോപാലൻ. അതുകൊണ്ടു മാത്രമാണ് തനിക്ക് പുസ്തകങ്ങളുമായി അടുക്കാൻ കഴിഞ്ഞതെന്നും ഇദ്ദേഹം പറയുന്നു. രോഗത്തെക്കുറിച്ചുള്ള ചിന്തയും ഒറ്റപ്പെടലിന്റെ വേദനയും മറക്കാൻ പുസ്തകങ്ങളെ മനഃപൂർവം ഉപയോഗപ്പെടുത്തുകയായിരുന്നു ഇദ്ദേഹം. ഇന്ന് തന്റെ പുസ്തക ശേഖരത്തിൽ എത്ര പുസ്തകമുണ്ടെന്നോ എത്ര രൂപവിലമതിക്കുന്ന പുസ്തകമുണ്ടെന്നോ ഇദ്ദേഹത്തിന് അറിയില്ല. കാരണം അത്തരം കണക്കെടുപ്പ് ഇദ്ദേഹം നടത്തിയിട്ടില്ല. കാണുന്ന പുസ്തകങ്ങൾ വാങ്ങിവയ്ക്കും, വായിക്കും. ആരെങ്കിലും ചോദിച്ചാൽ കൊടുക്കുകയും ചെയ്യും. പുതുതായി തുടങ്ങുന്ന വായനശാലകളിലേക്കും ബാലഗോപാലൻ തന്റെ പുസ്തകശേഖരത്തിലെ നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഒരു ഓണക്കാലത്ത് സദ്യക്കുള്ള സാധനങ്ങൾ വാങ്ങാൻ പയ്യന്നൂർ നഗരത്തിലിറങ്ങിയ ബാലഗോപാലൻ ആ പണം കൊണ്ട് അവിടെയുള്ള പുസ്തക മേളയിൽനിന്നു പുസ്തകങ്ങൾ വാങ്ങി വന്നത് രസകരമായ മറ്റൊരു സംഭവം.

വീണുപോകുമായിരുന്ന ജീവിതത്തെ വായിച്ചു വളർത്തി എന്നതാണ് ബാലഗോപാലന്റെ ജീവിതകഥ നമ്മോടു പറയുന്നത്. എല്ലാത്തിനും കൂട്ടായി ഭാര്യ പത്മാവതിയും മക്കളായ രതീഷ്, രജനീഷ് എന്നിവരും ബാലഗോപാലനോടൊപ്പമുണ്ട്. വായനയുടെ അതിജീവനമന്ത്രവുമായി ആ ജീവിതം എഴുപതാം വയസ് പിന്നിടുകയാണ്.

<ആ>ഞെട്ടലിനു പിന്നിൽ

അന്ന് മഴ തകർത്ത വീടിന്റെ വടക്കേ ഭാഗം കണ്ട ബാലഗോപാലൻ ഞെട്ടിയത് വീടിനെ ക്കുറിച്ച് ഓർത്തായിരുന്നില്ല. പിടിച്ചു കയറ്റിയ കൈകൾ പിടിവിട്ട കാഴ്ചയായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. ബാലഗോപാലന്റെ പുസ്തക ശേഖരമടങ്ങിയ മുറിയുടെ മുകളിലാണ് അന്ന് തെങ്ങുവീണത്. മണ്ണടിഞ്ഞ മുറിയുടെ അവശിഷ്‌ടങ്ങൾക്കൊപ്പം ചിതറിത്തെറിച്ച മഴയിലഴുകി നശിച്ചതാകട്ടെ ആയിരത്തിലധികം പുസ്തകങ്ങളും. ആ കാഴ്ച ഇന്നോർക്കുമ്പോഴും ബാലഗോപാലൻ ഞെട്ടും. കാരണം പുസ്തകമില്ലെങ്കിൽ ബാലഗോപാലനില്ല.

<ആ>ഷിജു ചെറുതാഴം

<ആ>ഫോട്ടോ: രാജീവൻ ക്രിയേറ്റീവ്