നല്ലമ്മയായി നിർമല
മാതാപിതാക്കളെ ദൈവതുല്യം കണക്കാക്കുന്നവരാണ് നമ്മളിൽ ഏറെപ്പേരും. അവരുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷമെന്ന സത്യം തിരിച്ചറിയുന്നവർ. എന്നാൽ വളരെച്ചെറിയൊരു ശതമാനം ആളുകൾക്ക് മാതാപിതാക്കൾ ബാധ്യതയാണ്. ആ ബാധ്യതയെ ഒഴിവാക്കാൻ അവർ എന്തും ചെയ്യും. ചിലപ്പോൾ ചില അനുഭവങ്ങളാവും ഏറ്റവും പേടിപ്പെടുത്തുന്ന സത്യം. ഇതൊക്കെ സംഭവിക്കുമോ, കേൾക്കുന്നവരെ അമ്പരപ്പിക്കുന്ന സത്യങ്ങളാണ്. ഇവിടെയാണ് നിർമല ദിനേശ് എന്ന പാലക്കാട്ടുകാരി വ്യത്യസ്തയാകുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി ദിനേശിന്റെ ഭാര്യയായ നിർമല നന്മയുടെ ആൾരൂപമായി മാറുന്നതും ഇവിടെയാണ്. ആരോഗ്യവും സമ്പത്തും ബന്ധുക്കളും കൈവിട്ട ആറു വൃദ്ധർക്കു സ്‌ഥിരമായി വീടൊരുക്കിയും 12 വിദ്യാർഥികളുടെ ‘നല്ലമ്മ’യായും നിർമല നിറഞ്ഞുനിൽക്കുന്നു. ആ നന്മ അറിയാം...

<ആ>കരുത്ത് പകർന്ന് അമ്മ

പാലക്കാട് സ്വദേശിയായ പ്രഭാകരന്റെയും ശ്യാമളയുടെയും മകളായി ജനിച്ച നിർമല അടിയുറച്ച ഈശ്വരവിശ്വാസവും മൂല്യങ്ങളുമുള്ള കുടുംബാന്തരീക്ഷത്തിലാണ് വളർന്നത്. മുത്തശി ലക്ഷ്മിക്കുട്ടിയമ്മയുടെ ഗീതാ ക്ലാസുകളും ബാലവികാസ് ക്ലാസുകളും പകർന്നു നൽകിയ അടിത്തറയാണ് ജീവിതത്തിന്റെ ദിശ തന്നെ നിർണയിച്ചത്. സത്യസായി ബാബയുടെ ദർശനവും ഉപദേശങ്ങളും ജീവിതത്തിന്റെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. ‘ജപിക്കുന്ന ചുണ്ടുകളെക്കാൾ സേവനം ചെയ്യുന്ന കാര്യങ്ങളാണ് എനിക്ക് ഇഷ്ടം’ എന്ന വചനങ്ങൾ, ജീവിതം സത്കർമങ്ങളുടെ പാതയിലേക്ക് തിരിച്ചുവിട്ടു.

<ആ>12 മക്കളുടെ ’നല്ലമ്മ‘

സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ പാലക്കാട് നെടുവക്കാട്ടുപാളയം എന്ന ഗ്രാമത്തിൽ നടത്തിയിരുന്ന ഗ്രാമസേവാപദ്ധതിയുടെ ഭാഗമായി ആ ഗ്രാമം പല പ്രാവശ്യം സന്ദർശിച്ചു. അവിടത്തെ കുഞ്ഞുങ്ങൾക്ക് ഉപദേശത്തിനൊപ്പം ഉപജീവനത്തിലൂന്നിയുള്ള മാർഗമാണ് ഒരുക്കേണ്ടതെന്നു മനസിലായി. അവരുടെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഉപജീവനത്തിന് ഉപദേശം മാത്രം പോരാ, സാഹചര്യം കൂടി വേണമെന്നതിനാൽ അവരുടെ ചുറ്റുപാടുകൾ മാറ്റുവാനാണ് നിർമല ആദ്യം ശ്രമിച്ചത്. ആ ശ്രമങ്ങളെക്കുറിച്ച് നിർമല പറഞ്ഞുതുടങ്ങി... ‘കുട്ടികളുടെ നല്ല ഭാവിക്കുവേണ്ടി അവരെ പുറത്തിരുത്തി പഠിപ്പിക്കാൻ അനുവദിക്കണമെന്ന് പലരോടും പറഞ്ഞെങ്കിലും ആദ്യം ആരും തയാറായില്ല. പിന്നെ എന്റെ വാക്കുകൾ വിശ്വസിച്ച് പലരും മക്കളെ പഠിക്കാനായി വിട്ടു.

അടുത്തുള്ള സത്യഭാമ എന്ന ആന്റിയുടെ വീട്ടിലിരുത്തി അവരെ പഠിപ്പിച്ചുതുടങ്ങി. രണ്ടാം ക്ലാസുമുതലുള്ള 18 കുട്ടികൾ കൂട്ടത്തിലുണ്ട്. മകളുടെയും കൂട്ടുകാരികളുടെയുമൊക്കെ വസ്ത്രങ്ങൾ വാങ്ങി ആ കുട്ടികൾക്കു നൽകി. ജീവിതത്തിലിന്നു വരെ ആരും ഒരു സമ്മാനവും നൽകിയിട്ടില്ലാത്ത ആ കുരുന്നുകൾക്ക് ആ വസ്ത്രങ്ങൾ നിധിപോലെയായിരുന്നു. ഓരോ അധ്യയനവർഷത്തിലും അവർക്കായി സ്കൂൾ യൂണിഫോമും ബാഗും ബുക്കുമൊക്കെ വാങ്ങിക്കൊടുത്തു. അവധിക്കാലത്ത് അവരെ പാർക്കിൽ കൊണ്ടുപോകും. ബിരിയാണി വാങ്ങിക്കൊടുക്കും. എല്ലാവർക്കും ട്യൂഷൻ നൽകി. അതിനുള്ള പണം ഞാൻ നൽകി. പലപ്പോഴും പണത്തിന് എനിക്കു ബുദ്ധിമുട്ടായിട്ടുണ്ട്. പക്ഷേ ദൈവം ഏതെങ്കിലുംതരത്തിൽ അതൊക്കെ സാധിച്ചുതരുമായിരുന്നു. ജീവിതത്തിലൊരിക്കലും ലഭിക്കില്ലെന്നു കരുതിയ സൗഭാഗ്യങ്ങളിൽ ചിലതൊക്കെ ലഭിച്ചുതുടങ്ങിയപ്പോൾ ആ കുരുന്നുമുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു. അവർക്ക് ഞാൻ ടീച്ചർ ആയിരുന്നു. എന്തു ചെയ്യുന്നതിനുമുമ്പും അവർ ടീച്ചറോടു ചോദിക്കും. ഞാൻ പറഞ്ഞാലേ ചെയ്യൂ. ഈ പ്രവർത്തനങ്ങൾക്കെല്ലാം കൂട്ടായി എന്റെ മകൾ ശാരികയും അന്നുമുതൽ ഒപ്പമുണ്ടായിരുന്നു. മത്സരങ്ങൾക്കു പങ്കെടുപ്പിക്കുന്നതിനും മറ്റും അവരെ പ്രാപ്തരാക്കിയത് മകൾ ശാരികയാണ്.’– നിർമലയുടെ വാക്കുകളിൽ മാതൃത്വത്തിന്റെ സ്പർശമുണ്ടായിരുന്നു.

ഷിബു, മിഥുൻ, രാജേഷ്, അജി, മനീഷ്, ഹരികൃഷ്ണൻ, കൃഷ്ണപ്രിയ, രഞ്ജിത, രഞ്ജിനി, അശ്വതി, പ്രീത, രമ്യ... ഇവരായിരുന്നു നിർമലയുടെ ആ ‘നല്ല മക്കൾ’. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നുപോലും അറിയാതിരുന്ന അവരെ നിർമല മിടുക്കരാക്കി. ദാരിദ്ര്യത്തിൽ കിട്ടിയ സൗഭാഗ്യത്തെ അവർ നിരാശരാക്കിയില്ല. എല്ലാവർക്കും എസ്എസ്എൽസി പരീക്ഷയ്ക്കു ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ഷിബുവിന് കോളജിൽ രണ്ടാം സ്‌ഥാനവും ലഭിച്ചു. എല്ലാവരും നല്ല നിലയിൽ പഠിച്ചു. മക്കളിൽ മൂത്തവനായ ഷിബു ഒരു പ്രമുഖ സ്‌ഥാപനത്തിലെ ഇന്റർവ്യൂവിനു ശേഷം ഇപ്പോൾ ജോലിയിൽ പ്രവേശിക്കാനിരിക്കുകയാണ്. ഷിബുവിന് ഇത്രയും നല്ല ജോലിക്ക് ഇന്റർവ്യൂ തരപ്പെടുത്തിക്കൊടുത്തത് എന്റെ മരുമകൻ നന്ദഗോപാലിന്റെ ബന്ധുക്കളാണ്.

‘ഷിബു ഇന്റർവ്യൂവിനു പോകാൻ നേരം എന്നെ വിളിച്ചു. ഞാൻ ഓരോ കാര്യവും അവനു പറഞ്ഞുകൊടുത്തു. സർട്ടിഫിക്കറ്റുകൾ ഫയലിൽ വയ്ക്കുന്നതുപോലും ഞാൻ അവനെ ഓർമിപ്പിച്ചു. ഇന്റർവ്യൂവിനുശേഷം ടീച്ചർ ഞാൻ ദൈവത്തെ കണ്ടു, ശരിക്കും കണ്ടു. ഞാൻ ഇന്റർവ്യൂ പാസായി.. ജോലി കിട്ടി എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് ഷിബു വിളിച്ചപ്പോൾ സന്തോഷംകൊണ്ട് ഞാനും കരഞ്ഞുപോയി. എന്റെ മറ്റുമക്കളും നന്നായി പഠിക്കുന്നവരാണ്’– മിഴികളിൽ നിറഞ്ഞ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊണ്ട് നിർമല പറഞ്ഞു.

<ആ>ജീവകാരുണ്യപ്രവർത്തനത്തിലേക്ക്

സത്യസായി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവർക്കുവേണ്ട സഹായങ്ങൾ നിർമല ചെയ്തുകൊടുത്തു. സൗജന്യ ചികിത്സയ്ക്കായി എത്തിയ രണ്ടു രോഗികൾക്ക്, അവിടത്തെ രോഗികളുടെ ബാഹുല്യം കാരണം പുട്ടപർത്തിയിൽ ശസ്ത്രക്രിയ നടത്താനായില്ല. അത്തരത്തിലുള്ള ഒരു രോഗിയായിരുന്നു സുരേഷ്. പുട്ടപർത്തിയിൽ ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിനായി ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. പക്ഷേ സുരേഷിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടതാണ്. നിർധനകുടുംബാംഗമായ സുരേഷിനായി പല സംഘടനകളുമായി ചേർന്ന് നിർമല പണം സ്വരൂപിച്ചു. അങ്ങനെ ചികിത്സയ്ക്കായി ഒന്നേ മുക്കാൽ ലക്ഷം രൂപ ശേഖരിക്കാൻ നിർമലയ്ക്കു കഴിഞ്ഞു. സുരേഷിന്റെ ശസ്ത്രക്രിയ കഴിഞ്ഞു, അയാൾ സുഖമായിരിക്കുന്നു.

<ആ>അമ്മമാർക്കായി ജോലി ഉപേക്ഷിച്ചു

പാലക്കാട്ടെ ഒരു കമ്പനിയിൽ ഉദ്യോഗസ്‌ഥയായിരുന്നു നിർമല. അമ്മയ്ക്കും അമ്മായിയമ്മയ്ക്കും വേണ്ടി ജോലി ഉപേക്ഷിച്ച മരുമകളാണ് ഇവർ. അമ്മ ശ്യാമളയും അമ്മായിയമ്മ വാസന്തിയും അസുഖങ്ങൾ മൂലം വിഷമിച്ചപ്പോൾ പരിചരിച്ചത് നിർമലയായിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ അമ്മമാരുമായി 14 പ്രാവശ്യം ആശുപത്രിയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. പ്രായമായവർ അനുഭവിക്കുന്ന വിഷമതകൾ അവിടെവച്ചു നിർമല കണ്ടറിഞ്ഞു. കഴിഞ്ഞ നവംബറിൽ അമ്മ ശ്യാമള മരിച്ചു.

<ആ>കർമയുടെ പിറവി

മാതാപിതാക്കൾ ചെയ്യുന്ന പല നല്ല പ്രവൃത്തികൾ കണ്ടാണ് നിർമലയും സഹോദരൻ എൻ.പി ശ്രീകുമാറും വളർന്നത്. കർക്കടക മാസത്തിൽ നാൽപതോളം പേർക്ക് ഭക്ഷണം നൽകുന്ന ശീലം ഇവരുടെ വീട്ടിലുണ്ടായിരുന്നു. ആ നന്മയും നഷ്ടപ്പെട്ട സ്നേഹമയിയായ അമ്മയുടെ ഓർമയും കാത്തുസൂക്ഷിക്കാനുള്ള മക്കളുടെ ശ്രമമാണ് കർമ ചാരിറ്റബിൾ ട്രസ്റ്റ്.

വിദേശത്ത് ഉന്നത ഉദ്യോഗം വഹിക്കുന്ന സഹോദരൻ ശ്രീകുമാർ അമ്മയെ കാണാനായി എല്ലാ ആഴ്ചയിലും വരുമായിരുന്നു. ഒന്നര ലക്ഷം രൂപയായിരുന്നു അതിനായി മാറ്റി വച്ചിരുന്നത്. അമ്മയുടെ മരണശേഷം ആ തുക വാർധക്യത്തിന്റെ അവശതകൾ അനുഭവിക്കുന്ന അർഹരായവർക്കായി മാറ്റിവയ്ക്കാൻ ശ്രീകുമാർ തീരുമാനിക്കുകയായിരുന്നു. അച്ഛൻ പ്രഭാകരന്റെ സമ്മതം കൂടിയായപ്പോൾ ആ ഉദ്യമം വിജയകരമായി. നിർമലയാണ് പ്രവർത്തനങ്ങൾ നോക്കിനടത്തുന്നത്. ഈ കാരുണ്യം അനുഭവിക്കുന്ന വൃദ്ധജനങ്ങൾ ഇന്ന് ധാരാളമുണ്ട്.

2016 മാർച്ച് ആറിനായിരുന്നു കർമ തുടങ്ങിയത്. സൗജന്യ മൊബൈൽ രക്‌ത പരിശോധന സൗകര്യം, ആശുപത്രിയിൽ പോകുവാൻ വാഹന സൗകര്യം, വീട്ടിൽ വന്നു പരിശോധിക്കാൻ ഡോക്ടർ, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സാകേന്ദ്രം എന്നീ സേവനങ്ങളാണ് കർമയിലൂടെ ലഭിക്കുന്നത്. രണ്ടു ഡോക്ടർമാർ, ഒരു നഴ്സ്, ആബുലൻസ് ഡ്രൈവർ എന്നിവരെ ഇതിനായി നിയോഗിച്ചു. മുതിർന്ന പൗരന്മാർക്കായി 7356440440, 7356334455 എന്നീ നമ്പറുകളിൽ വിളിച്ചാൽ സേവനം ലഭ്യമാകും. പ്രായമായവർക്കുള്ള ചികിത്സാസൗകര്യം വീട്ടിൽ എത്തിക്കുക എന്നതാണ് കർമയുടെ ലക്ഷ്യം. സേവനങ്ങൾ എല്ലാം തന്നെ സൗജന്യമാണ്. സാമ്പത്തികശേഷിയുള്ളവർക്ക് സംഭാവന ചെയ്യാം. അത് നിർധനരോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കും. 50 ഓളം വൃദ്ധജനങ്ങൾ കർമയുടെ സ്‌ഥിരപരിപാലനം ലഭിക്കുന്നവരാണ്.

പിതാവ് പ്രഭാകരന്റെ ഉടമസ്‌ഥതയിൽ ഏഴേക്കർ കൃഷിഭൂമിയുണ്ട്. അവിടെ ഒരു ഡോക്ടറുടെ കീഴിൽ വൈകുന്നേരം മൂന്നു മുതൽ അഞ്ചുവരെ സൗജന്യ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഹെൽപ് ലൈൻ നമ്പറിലേക്ക് ദിവസവും അഞ്ചോളം കോളുകൾ വരുമെന്ന് നിർമല പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസം നിർമല എറണാകുളത്തെ വീട്ടിൽ നിന്നു പാലക്കാട്ടേക്കു പോകും. അവിടെ ഫോൺ വിളി വരുന്ന സ്‌ഥലത്തേക്കുപോയി സഹായികൾക്കൊപ്പം രോഗികളെ ക്ലിനിക്കിൽ കൊണ്ടുവരും. യുണൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് ഉദ്യോഗസ്‌ഥനായിരുന്ന പിതാവ് പ്രഭാകരനും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. നിർമലയ്ക്കൊപ്പം അദ്ദേഹവും ഔട്ട്റീച്ച് പ്രോഗ്രാമുകൾക്കും മെഡിക്കൽ ക്യാമ്പുകൾക്കും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ‘ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം കൂടിവരികയാണുണ്ടായത്. അതുപോലെ ചെലവും. ഒന്നരലക്ഷം രൂപ എന്ന ബജറ്റിൽ നിൽക്കാതായി. ദൈവാനുഗ്രഹത്താൽ പരിചയക്കാരിൽ പലരും സ്പോൺസർമാരായി. കിടപ്പുരോഗികൾക്കുള്ള ഡയപ്പറുകളും പ്രോട്ടീൻ സപ്ലിമെന്റുകളും പലരും തരും. വാട്സ്ആപ്പ് ഗ്രൂപ്പിലുള്ള കൂട്ടുകാരിൽ നിന്നു സഹായം ലഭിക്കുന്നുണ്ട്’– നിർമല പറഞ്ഞു.

<ആ>കർമ തറവാട്

2016 മേയ് 22–നാണ് കർമ തറവാട് തുടങ്ങിയത്. മാനസികവും ശാരീരികവുമായി അവശത അനുഭവിക്കുന്ന ആറു വൃദ്ധരെ ഇവിടെ പരിചരിക്കുന്നുണ്ട്. വൃദ്ധസദനങ്ങളിലേതുപോലെ മാറ്റി താമസിപ്പിക്കാതെ ദമ്പതികൾക്ക് ഒരേ മുറിതന്നെയാണ് അനുവദിച്ചിരിക്കുന്നത്. പ്രതിമാസം ആറായിരം രൂപയാണ് വീട്ടുവാടക. ഫുൾ ടൈം നഴ്സിനെയും വച്ചിട്ടുണ്ട്. ‘ആരുമില്ലാത്ത ഇവരെ ഞങ്ങൾ മരണംവരെ നോക്കും. ആർക്കും വിട്ടുകൊടുക്കില്ല.’– നിർമലയുടെ ഉറച്ചവാക്കുകളാണിത്. ഒരേക്കർ സ്‌ഥലത്ത് പാലിയേറ്റീവ് ക്ലിനിക്ക് തുടങ്ങാൻ ഇവർക്ക് ഉദ്ദേശ്യമുണ്ട്. അതിന്റെ ജോലികൾ നടന്നുവരുന്നു.

<ആ>നല്ല മനസിന് അനുഗ്രഹം

വൃദ്ധജനങ്ങളെ പരിപാലിക്കുമ്പോൾ മനസിനു കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് നിർമല പറയുന്നു. ഒരിക്കൽ തനിക്കുണ്ടായ അനുഭവം നിർമലയുടെ വാക്കുകളിലൂടെ... ‘ഔട്ട് റീച്ച് പരിപാടിയുടെ ഭാഗമായി ഞങ്ങൾ ഒരു അമ്മയെ കണ്ടു. രോഗിയായ മാമിക്ക് നല്ല ക്ഷീണമുണ്ട്, കണ്ണിന് കാഴ്ചയുമില്ല. ഓട്ടോഡ്രൈവറുടെ സഹായത്താൽ ക്ലിനിക്കിൽ എത്തിച്ചു. ഭക്ഷണം കൊടുക്കാൻ ശ്രമിച്ചപ്പോൾ ബ്രാഹ്മണസമുദായത്തിൽപ്പെട്ട അവർ അത് കഴിക്കാൻ കൂട്ടാക്കുന്നില്ല. ബ്രാഹ്മണരിൽ നിന്നുമാത്രമേ ഭക്ഷണം കഴിക്കാവൂവെന്നുള്ള തന്റെ ചിട്ട അവർ പറഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങൾ അവരെ നിർബന്ധിച്ചില്ല. അങ്ങനെ അവരെ ഓട്ടോഡ്രൈവർ തന്നെ തിരികെ കൊണ്ടുപോയി. മേയ് ഒമ്പതിന് കുറെ വീടുകളിലെ രോഗികളെ സന്ദർശിച്ചശേഷം ഞാൻ തിരികെ വീട്ടിലെത്തി. മൂന്നുമണി ആയിക്കാണും.

അവിടെ ആ ഓട്ടോഡ്രൈവർക്കൊപ്പം മാമി ഞങ്ങളെ കാത്തിരിക്കുന്നു. അവർ എന്നോട് ഉച്ചഭക്ഷണം ആവശ്യപ്പെട്ടു. എനിക്ക് അദ്ഭുതമാണ് തോന്നിയത്. ഞാൻ മാമിക്ക് ചോറുവിളമ്പിക്കൊടുത്തു. ഞാനും അച്ഛനും അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. കാഴ്ചയില്ലാത്ത അവരെ ഭക്ഷണം കഴിക്കാൻ ഞാൻ സഹായിച്ചു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അവർ എന്നോടു പറഞ്ഞു, മോൾക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമോ? ഇന്ന് അക്ഷയ തൃതീയ ആണ്. ഒരു ബ്രാഹ്മണന് ഭക്ഷണം നൽകുന്നത്ര പുണ്യം വേറെ ഒരു ദിവസവും കിട്ടില്ല. മോളുടെ കൈയിൽ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ചാൽ ആ പുണ്യം നിനക്കു കിട്ടും. അതുകൊണ്ടുതന്നെയാണ് ഞാൻ ഇവിടേയ്ക്ക് വന്നത്. അവരുടെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്നതായിരുന്നു,’ – നിർമല പറഞ്ഞു.

<ആ>കുടുംബവിശേഷങ്ങൾ

ഭർത്താവ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്. മകൾ ശാരികയും ഭർത്താവ് നന്ദഗോപാലും ബംഗളൂരുവിലാണ് താമസം.

<ആ>സീമ മോഹൻലാൽ

ഫോട്ടോ– ബ്രില്യൻ ചാൾസ്