ഫ്രാൻസിസ് മാർപാപ്പ ചുംബിച്ച രക്‌തസാക്ഷി
2014 സെപ്റ്റംബർ 21*അൽബേനിയയുടെ തലസ്‌ഥാനമായ ടിരാനയിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചെറിയൊരു യോഗം നടക്കുകയാണ്. ഒരു കസേരയിൽ ഫ്രാൻസിസ് മാർപാപ്പ. ചുറ്റിനുമായി കുറെ വൈദികരും കന്യാസ്ത്രീകളും സെമിനാരി വിദ്യാർഥികളും. 86 വയസുള്ള ഒരു വൈദികനാണ് പ്രസംഗിക്കുന്നത്. പതിഞ്ഞതും ശാന്തവുമായ സ്വരത്തിൽ അദ്ദേഹം പറയുന്ന ഓരോ വാക്കും കത്തീഡ്രലിലെ നിശബ്ദതയുടെ ആഴം കൂട്ടിക്കൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞു. ആരും അനങ്ങിയില്ല. സ്‌ഥലകാലങ്ങളെ വിസ്മരിച്ച് എല്ലാവരും തലകുമ്പിട്ട് ഇരിപ്പിടങ്ങളിൽ തന്നെ. ഫ്രാൻസിസ് മാർപാപ്പ കണ്ണുകൾ തുടയ്ക്കുകയാണ്. എല്ലാവർക്കും മനസിലായി തങ്ങളെപ്പോലെ മാർപാപ്പയും കരയുകയായിരുന്നെന്ന്.

പ്രസംഗം അവസാനിപ്പിച്ച വൈദികൻ മൈക്കിനടുത്തുനിന്നു മാർപാപ്പ ഇരുന്നിടത്തേക്കു നീങ്ങി. അദ്ദേഹമെത്തുംമുമ്പ് മാർപാപ്പ ഇരിപ്പിടത്തിൽനിന്നെഴുന്നേറ്റു. അപ്പോഴേക്കും ആ വയോധികനായ വൈദികൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണ് പാദങ്ങളിൽ തൊട്ടു. ഇരുകൈകളുംകൊണ്ട് വൈദികനെ പിടിച്ചുയർത്തിയ മാർപാപ്പ അദ്ദേഹത്തിന്റെ ശിരസിൽ തന്റെ ശിരസ് ചേർത്തുവച്ച് നിമിഷങ്ങളോളം നിന്നു. വിങ്ങിപ്പൊട്ടിനിന്ന പലരും എഴുന്നേറ്റുനിന്നു കൈയടിച്ചു. പിന്നെ ആ വൈദികനെ നെഞ്ചോടു ചേർത്ത് ആശ്ലേഷിക്കുമ്പോഴേക്കും മാർപാപ്പയുടെ കൈകൾ വിറയ്ക്കുകയായിരുന്നു. വൈദികൻ തന്റെ ഇരിപ്പിടത്തിലേക്കു മടങ്ങുമ്പോൾ മാർപാപ്പ തന്റെ കണ്ണുകൾ ഒന്നുകൂടി തുടച്ചശേഷമാണ് കണ്ണടയെടുത്തു വച്ചത്. പിന്നീട് അദ്ദേഹം പറഞ്ഞു:*‘ഇപ്പോൾ ഞാൻ തൊട്ടത് ഒരു രക്‌തസാക്ഷിയെയാണ്. വിനയാന്വിതനായ ഈ മനുഷ്യൻ എത്രവലിയ സഹനങ്ങളിലൂടെയാണ് കടന്നുപോയത്. ഏതുനിമിഷവും വെടിവച്ചു കൊല്ലപ്പെടാവുന്ന സ്‌ഥിതിയിൽ, അനിശ്ചിതമായ മനോവേദനയുടെ കാലത്ത് അവർ ക്രിസ്തുവിനുവേണ്ടി നിലനിന്നു. അദ്ദേഹത്തെ ആശ്വസിപ്പിച്ചതു ദൈവമാണ്.’

മാർപാപ്പയെ കരയിച്ച ആ വൈദികന്റെ പേര് കഴിഞ്ഞദിവസം നാം വീണ്ടും കേട്ടു. ഫാ. ഏണസ്റ്റ് സിമോണി. പക്ഷേ, ഇനി അദ്ദേഹം അറിയപ്പെടുന്നത് കർദ്ദിനാൾ ഏണസ്റ്റ് സിമോണി എന്നായിരിക്കും. അടുത്തമാസം കർദിനാളായി ഉയർത്തപ്പെടുന്ന 17 പേരിൽ ഒരാൾ. അതായത് 16 ആർച്ച്ബിഷപ്പുമാരോടൊപ്പം ഒരു വൈദികനും കർദിനാളാകുന്നു. അപൂർവമായിട്ടാണ് ആർച്ച്ബിഷപ് അല്ലാത്തവരെ മാർപാപ്പ കർദിനാളാക്കുന്നത്.
ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയും ഫാ. സിമോണിയുമായി വീണ്ടും കൂടിക്കാഴ്ച നടന്നു. സിമോണീ എന്നുവിളിച്ചാണ് മാർപാപ്പ അദ്ദേഹത്തിനടുത്തേക്ക് എത്തിയത്. ഫാ. സിമോണിയുടെ കൈകളിൽ മാർപാപ്പ ചുംബിച്ചു. തന്റെ കൈകളിൽ മുത്താൻ മാർപാപ്പയെ അനുവദിക്കാതിരിക്കാനും കൈ വിടുവിച്ച് മാർപാപ്പയുടെ കൈകളിൽ ചുംബിക്കാനും സിമോണിയച്ചൻ വിഫലശ്രമം നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

ആരാണ് ഫാ. സിമോണി?

1928ൽ അൽബേനിയയിൽ ജനിച്ചു. 1944–ൽ അൽബേനിയയിൽ കമ്യൂണിസ്റ്റുകൾ അധികാരത്തിലെത്തുമ്പോൾ സിമോണി സെമിനാരിയിലായിരുന്നു. താമസിയാതെ മതം കുറ്റവും വിശ്വാസികൾ കുറ്റവാളികളുമായി മാറി. വൈദികർ അറസ്റ്റ് ചെയ്യപ്പെട്ടു, ക്രൂര മർദനങ്ങൾക്കിരയായി. നിരവധി വൈദികർ കൊല്ലപ്പെട്ടു. അൽബേനിയയെ കീറിമുറിച്ച് ചോരപ്പുഴയൊഴുകിയത് ഏഴു വർഷം. കമ്യൂണിസ്റ്റുകൾ കൊന്നു തള്ളിയിട്ടും വിശ്വാസത്തിന്റെ വേരുകൾ പിഴുതെറിയാനായില്ല. രക്‌തസാക്ഷികളുടെ ചോരയിൽ അത് ചുവന്ന പുഷ്പങ്ങളെ വിരിയിച്ചുകൊണ്ടിരുന്നു. ശിരസിനോടു ചേർത്തുവച്ച തോക്കിലേക്കു നോക്കി എന്റെ രാജാവ് ക്രിസ്തുവാണെന്നു പറഞ്ഞ് അവർ യാത്രയായി.

1948ൽ സിമോണിയുടെ ഫ്രാൻസിസ്കൻ സുപ്പീരിയർമാരെ കമ്യൂണിസ്റ്റ് ഭരണകൂടം വെടിവച്ചുകൊന്നു. പിന്നീടുള്ള വൈദിക പഠനം രഹസ്യത്തിലായി. വൈദികനായി. നാലു വർഷംകഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന വൈദികരെ കമ്യൂണിസ്റ്റ് ഭരണകൂടം ഒന്നിച്ചുകൂട്ടി. വത്തിക്കാനും മാർപാപ്പയുമായുള്ള ബന്ധം വിച്ഛേദിച്ചാൽ സ്വതന്ത്രരാക്കാമെന്നായിരുന്നു വാഗ്ദാനം. സിമോണിയും മറ്റു വൈദികരും അതു സമ്മതിച്ചില്ല. 1963ലെ ക്രിസ്മസ്. കുർബാനയുടെ അവസാനഭാഗമായപ്പോഴേക്കും നാലു സർക്കാർ ഉദ്യോഗസ്‌ഥരെത്തി വാറണ്ട് അദ്ദേഹത്തിന്റെ കൈയിൽ ഏല്പിച്ചു. വധശിക്ഷയുടെ ഉത്തരവും അതോടൊപ്പമുണ്ടായിരുന്നു. ക്രിസ്മസ് ആയിരുന്നെങ്കിലും ആഘോഷങ്ങൾ ഒന്നുമില്ലാതിരുന്ന ആ രാത്രിയിൽതന്നെ അദ്ദേഹത്തിന്റെ കൈയിൽ വിലങ്ങണിയിച്ചു. അൽബേനിയയ്ക്കു മുകളിലെ ആകാശത്തെയും നക്ഷത്രമാലകളെയും സാക്ഷിനിർത്തി അദ്ദേഹം ജയിലിലേക്കു നടന്നു.

ഏകാന്ത തടവിൽ കിടത്തിയ ഫാ. സിമോണിയെ അവർ ക്രൂരപീഡനങ്ങൾക്ക് ഇരയാക്കി. വിചാരണ തുടങ്ങി. ‘ഒരു ശത്രുവിനെ എന്നപോലെ നിങ്ങളെ തൂക്കിലേറ്റാനാണ് കോടതിയുടെ തീരുമാനം. കാരണം, വേണ്ടിവന്നാൽ ക്രിസ്തുവിനുവേണ്ടി ഞങ്ങൾ മരിക്കുമെന്നു നിങ്ങൾ പറഞ്ഞതിനു തെളിവുണ്ട്.’ കോടതി വെളിപ്പെടുത്തി. ഫാ. സിമോണിയുടെ സെല്ലിലേക്ക് അവർ ഒരു തടവുകാരനെക്കൂടി എത്തിച്ചു. അച്ചന്റെ ഒരു പരിചയക്കാരൻ തന്നെയായിരുന്നു പുതിയ തടവുകാരൻ. തന്നെയായിരുന്നു പുതിയ തടവുകാരൻ. പക്ഷേ, ഉദ്യോഗസ്‌ഥർ ഒരു ചാരനായിട്ടാണ് അയാളെ അവിടെ എത്തിച്ചത്. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ അയാൾ അച്ചനോടു പറഞ്ഞു. സിമോണി അച്ചന്റെ മറുപടി പക്ഷേ, അപ്രതീക്ഷിതമായിരുന്നു. ‘ശത്രുക്കളോടു ക്ഷമിക്കാനല്ലേ ക്രിസ്തു പഠിപ്പിച്ചത്...മറ്റുള്ളവരിലെ നന്മകളാണ് നമ്മൾ കാണേണ്ടത്.’ ഈ മറുപടി കമ്യൂണിസ്റ്റുകളുടെ ചെവിയിലെത്തി. ഫാ. സിമോണിയുടെ വധശിക്ഷ 28 വർഷം കഠിനതടവായി ചുരുക്കി. കഠിനമായ ജോലികളാണ് അദ്ദേഹത്തിനു തന്റെ യൗവനകാലമത്രയും ചെയ്യേണ്ടിവന്നത്. ഒരു വൈദികനാണ് എന്നതു മാത്രമായിരുന്നു കുറ്റം. പാറമടകളിലും ഖനികളിലും വിശ്രമമില്ലാതെ അദ്ദേഹത്തെക്കൊണ്ടു പണിയെടുപ്പിച്ചു. മറ്റുസമയങ്ങളിൽ നഗരത്തിലെ മാലിന്യമൊഴുകുന്ന ഓടകളിലും അഴുക്കുചാലുകളിലും ഇറക്കി അവയൊക്കെ കോരിപ്പിച്ചു.

പക്ഷേ, തളർന്നു സെല്ലിലെത്തിയ അദ്ദേഹം കിടക്കയിലേക്കു വീണില്ല. പുസ്തകമില്ലാത്തതിനാൽ ഓർമയിൽനിന്നു ലത്തീൻ കുർബാന അർപ്പിച്ചു. തടവുകാർക്കു രഹസ്യമായി കുർബാന നല്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്തു. തടവുകാരുടെ വേദനയിലും ഏകാന്തതയിലും വിഷാദരോഗങ്ങളിലും അദ്ദേഹം അവരെ ആശ്വസിപ്പിച്ചു കൂടെനിന്നു. ജയിലിലെ ഒരു കലാപത്തെത്തുടർന്ന് ഫാ. സിമോണിയെ 1973ൽ വീണ്ടും വധശിക്ഷയ്ക്കു വിധിച്ചെങ്കിലും സഹതടവുകാരുടെ സാക്ഷ്യത്തെത്തുടർന്ന് ഒഴിവാക്കി. 1990ൽ കമ്യൂണിസ്റ്റ് ഭരണം തകർന്നപ്പോഴാണ് അദ്ദേഹം മോചിതനായത്.

ഞാനൊരു പാവം വൈദികൻ, ക്രിസ്തുവല്ലാതെ മറ്റൊരു സമ്പത്തുമില്ല

ഫാ. സിമോണിയുടെ ജീവചരിത്രമെഴുതിയത് മാധ്യമപ്രവർത്തകൻ മിമോ മുവോളോ ആണ്. കർദിനാൾമാരുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയശേഷം മാധ്യമങ്ങൾ മിമോയോടു ചോദിച്ചു, നിങ്ങൾ ഫാ. സിമോണിയോട് ഇനി ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യം എന്താണെന്ന്. എന്നെങ്കിലുമൊരിക്കൽ താങ്കൾ കർദിനാളാകുമെന്നു കരുതിയിരുന്നോ എന്നു ചോദിക്കാനാണ് തനിക്കു തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ടു തുടർന്നു, പക്ഷേ, അദ്ദേഹത്തിന്റെ മറുപടി എനിക്കറിയാം. ‘ഞാനൊരു പാവം വൈദികനാണു കേട്ടോ, ക്രിസ്തുവല്ലാതെ മറ്റൊരു സമ്പത്തും എന്റെ കൈയിലില്ല സുഹൃത്തേ’ എന്നായിരിക്കും. ഇതു പലതവണ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ഈ ചോദ്യത്തിനും മറ്റൊരുത്തരം അദ്ദേഹത്തിനു പറയാനുണ്ടാകില്ലെന്നു മിമോ ഉറപ്പിച്ചു പറയുന്നു.

നവംബർ 19ന് ഫാ. സിമോണിയെ കർദിനാളായി ഫ്രാൻസിസ് മാർപാപ്പ ഉയർത്തും. താൻ ക്രിസ്തുവിനോടു പ്രാർഥിക്കും അവനോടു സംസാരിക്കും, അല്ലാതെ അസാധാരണകാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നു പറയുന്ന ഈ വൈദികനെ കത്തോലിക്കാ സഭയുടെ രാജകുമാരനാക്കുമ്പോൾ ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും ക്ഷമയുടെയും ശിരസിൽ മാർപാപ്പ ഒരു ചുവന്ന തൊപ്പി അണിയിക്കുകയാണ്. ക്രിസ്മസ് രാത്രിയിലെ കുർബാനമധ്യേ വിലങ്ങണിയിച്ചു ജയിലിലേക്കു കൊണ്ടുപോയ ഫാ. സിമോണിയെ സെന്റ് പോൾസ് കത്തീഡ്രലിൽവച്ച് രണ്ടുകൊല്ലം മുമ്പ് ആലിംഗനം ചെയ്തപ്പോൾ മാർപാപ്പ കരയുകയായിരുന്നു. ഇപ്പോൾ അത് ആനന്ദമായി മാറിയിരിക്കുന്നു.

ഒരിക്കൽ തടവുകാരന്റെ വേഷമിട്ട് അദ്ദേഹമിറങ്ങി വൃത്തിയാക്കിയ അൽബേനിയയിലെ അഴുക്കുചാലുകളും അദ്ദേഹത്തെ മർദിച്ച തടവറകളും കഠിനാധ്വാനം ചെയ്യിച്ച ഖനികളും പാറമടകളും മാത്രമല്ല മർദകരും കാണട്ടെ ചരിത്രം ഈ പാവപ്പെട്ട പള്ളീലച്ചനുവേണ്ടി കാത്തുവച്ചിരുന്നത് എന്താണെന്ന്.

ജോസ് ആൻഡ്രൂസ്