വീണ്ടും അബ്ബ
‘ഒരിക്കൽ നിന്റെയും എന്റേതുമായിരുന്ന
വസന്തവും ഗ്രീഷ്മവും
എവിടേക്കു പോയെന്ന് എനിക്കറിയില്ല.
പക്ഷേ നിന്നോടുള്ള എന്റെ പ്രണയം
എന്നുമുണ്ടാകും.
നാം വീണ്ടും ഒന്നിക്കുംവരെ വിട.
എവിടെവച്ചെന്നറിയില്ല,
നാമിനി കാണുന്നത്
എന്നാണെന്നും അറിയില്ല.
പ്രിയേ, മരണത്തിലും പിരിയാത്തത്ര
ഉറപ്പുള്ളതായിരുന്നു നമ്മുടെ സ്നേഹം.
പുതിയൊരു നാളെയെ നേരിടാൻ
നാമൊരു വഴികാണും.
വീണ്ടും കാണുംവരെ
ഹസ്താ മമയാ നാ

(അബ്ബയുടെ ഹസ്താ മമയാ നാ എന്ന
പാട്ടിൽനിന്നുള്ള വരികൾ)

വീണ്ടും കാണുവോളം വിട എന്നർഥം വരുന്ന ഹസ്താ മമയാ അബ്ബാ പാടിയത് 1974ലാണ്. നാലു പതിറ്റാണ്ടു മുമ്പ്. നാമിനി എന്നു കാണും എന്നു വിലപിക്കുന്ന ആ പാട്ടിലെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. 2018ൽ അബ വീണ്ടും ഒന്നിച്ചുകാണും. എവിടെവച്ച് ഏതു രൂപത്തിൽ തുടങ്ങിയ ചോദ്യങ്ങളുടെ കൃത്യമായ ഉത്തരം താമസിയാതെ ഉണ്ടാകും. എന്തായാലും അബ്ബ മൂന്നര പതിറ്റാണ്ടിന്റെ വനവാസം അവസാനിപ്പിച്ച് ഒന്നിക്കുമെന്നു വെളിപ്പെടുത്തിയത് ബ്രിട്ടീഷ് വ്യവസായിയും യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് ആർട്ട് മാനേജരുമായ സൈമൺ ഫുള്ളറാണ്. സ്പൈസ് ഗേൾസ് ഉൾപ്പെടെ സംഗീതലോകത്തെ മികച്ച ട്രൂപ്പുകളെ വളർത്തി വലുതാക്കിയ സൈമൺ പുതിയ വെളിപ്പെടുത്തൽ നടത്തിയതോടെ അബ്ബ ഗാനങ്ങളുടെ വില്പന വീണ്ടും ഉയർന്നിരിക്കുകയാണ്. അബ്ബയുടെ നാലു നക്ഷത്രങ്ങളെ ഇന്റർനെറ്റിൽ തെരയുന്നവരുടെ എണ്ണവും കുതിച്ചുയർന്നു.

ലോകത്തെ വിസ്മയിപ്പിച്ച ആ ഗായകസംഘം 1982ലാണ് പാട്ടു നിർത്തിയത്. എഴുപതുകളിലും എൺപതുകളിലും അബ്ബയുടെ റിക്കാർഡുകൾക്കും കാസറ്റുകൾക്കും മുന്നിലിരുന്നു സ്വയം മറക്കുകയും ആ പാട്ടുകളിലെ വരികളെഴുതി പ്രണയലേഖങ്ങൾക്കു ചിറകുപിടിപ്പിക്കുകയും ചെയ്തിട്ടുള്ളവരുടെ കൂട്ടത്തിൽ നമ്മൾ മലയാളികളുമുണ്ട്. അന്നത്തെ മലയാളി യുവാക്കൾക്കും ഗൃഹാതുരത്വമുണർത്തുന്നതാണ് അബ്ബയുടെ ഈ രണ്ടാം വരവ്.

അബ്ബയുടെ കഥ

സ്വീഡീഷ് പോപ് മ്യൂസിക് ട്രൂപ്പായ അബ്ബ 1976ലാണ് ആ പേരിൽ ലോകശ്രദ്ധയാകർഷിച്ചത്. ആനി ഫ്രിഡ, ബെന്നി ആൻഡേഴ്സൺ, ബിജോൺ ഉൾവിയൂസ്, അഗ്നീത ഫാൾസ്കോഗ് എന്നിവരുടെ പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്താണ് അബ്ബ എന്നു പേരിട്ടത്. പക്ഷേ, അബ്ബ ഉണ്ടാകുന്നതിന് 10 കൊല്ലം മുമ്പ് അതിന്റെ കഥ തുടങ്ങുന്നു.

ചെറിയ സംഗീത പരിപാടികളിലൂടെ ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങിയിരുന്ന ബിജോണും ബെന്നിയും 1966–ൽ പരസ്പരം കണ്ടുമുട്ടിയതോടെയാണ് തുടക്കം. 1969ൽ ഇവർ ഗായകരായിരുന്ന അഗ്നീതയെയും ആനി ഫ്രീഡയെയും പരിചയപ്പെട്ടു. ട്രൂപ്പുണ്ടാക്കാൻ 1970ൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 72ൽ ‘പീപ്പിൾ നീഡ് ലൗ’ എന്ന പേരിൽ സംഘം ഒന്നിച്ചു പാടി. സ്വീഡനിൽ അതു ശ്രദ്ധിക്കപ്പെട്ടു. നാൽവർ സംഘത്തെ ആളുകൾ എവിടെയും തിരിച്ചറിയുമെന്ന സ്‌ഥിതിയായി.

എല്ലാം മാറ്റിമറിച്ച റിയാലിറ്റി ഷോ

പക്ഷേ, അബ്ബ ലോകത്തിന്റെ നെറുകയിലേക്കുള്ള കുതിപ്പു തുടങ്ങിയത് ലോകത്തെ മികച്ച സംഗീത റിയാലിറ്റി ഷോയായ യൂറോവിഷൻ സോംഗ് കോണ്ടസ്റ്റിലൂടെയാണ്. 1973–ൽ അബ്ബയുടെ റിംഗ് റിംഗ് എന്ന പാട്ട് മത്സരത്തിൽ മൂന്നാം സ്‌ഥാനത്തെത്തി. ആ പാട്ട് മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഹിറ്റായി. അബ്ബ പിടിമുറുക്കി. 74ലെ യൂറോവിഷനിൽ ‘വാട്ടർ ലൂ’ ഗാനവുമായിട്ടാണ് അവർ വേദിയിലെത്തിയത്. ബ്രിട്ടനിൽവച്ചു നടന്ന മത്സരത്തിൽ അബ്ബ ഒന്നാമതെത്തി. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ പതനം കുറിച്ച യുദ്ധമായിരുന്നു വാട്ടർലൂ. പക്ഷേ, വാട്ടർലൂ ആൽബം അബ്ബയുടെ വിജയമായിരുന്നു. യൂറോപ്പിന്റെ മാത്രമല്ല, ലോകമെങ്ങുമുള്ള സംഗീത സാമ്രാജ്യത്തിനുമേൽ അബ്ബ തങ്ങളുടെ കൊടിനാട്ടി. നാലുപേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് അബ്ബ എന്നു ട്രൂപ്പിനു പേരിട്ടു. ടിന്നിലടച്ച മീൻ വില്ക്കുന്ന സ്വീഡീഷ് കമ്പനിയുടെ പേരായിരുന്നു അന്ന് അബ്ബ. അവരുടെ അനുവാദത്തോടെ ഗായകസംഘം ആ പേര് സ്വന്തമാക്കി. സംഗീത സാഗരത്തിലൂടെ അബ്ബ എന്ന മീൻ പുളയുന്ന കാഴ്ചയാണ് പിന്നീടു ലോകം കണ്ടത്.

അറൈവൽ, ദി വിസിറ്റേഴ്സ്, ഗോൾഡ്– ഗ്രേറ്റസ്റ്റ് ഹിറ്റ്സ്, അബ്ബ ലൈവ്, അബ്ബ, വാട്ടർലൂ, സൂപ്പർ ട്രൂപ്പർ, റിംഗ് റിംഗ്, മാമ മിയ തുടങ്ങിയ ആൽബങ്ങൾ അത്ഭുതങ്ങളായി മാറി. സംഗീതപ്രേമികൾ അബ്ബാ കാസറ്റുകൾക്കു ചുറ്റും വട്ടമിട്ടു പറക്കുകയായിരുന്നു. കേരളത്തിലും നിരവധി കച്ചവടക്കാർ തങ്ങളുടെ കാസറ്റുകടകൾക്ക് അബ്ബ എന്നു പേരിട്ടു. പുറം തിരിഞ്ഞുനില്ക്കുന്ന രണ്ടു വലിയ ‘ബി’കൾക്കു കാവൽനിൽക്കുന്നവിധം ഇരുവശത്തുമായി രണ്ടു വലിയ ‘എ’കൾ. ആ എഴുത്തുകൊണ്ടും അബ്ബ കൗതുകമായി. ഫെർനാൻഡോ, ഡാൻസിംഗ് ക്വീൻ എന്നീ ഗാനങ്ങൾ ലോക ഹിറ്റുകളിൽ ഒന്നാമതായി. അമേരിക്കയിൽ അബ്ബ ഒന്നാമതെത്തിയത് ഡാൻസിംഗ് ക്വീനിലൂടെയാണ്. 1977 ഏപ്രിൽ മാസത്തിലായിരുന്നു അത്. ഓസ്ട്രേലിയയിലെ സംഗീത പര്യടനത്തിനിടെ അബ്ബ എന്ന സിനിമയുടെ ചിത്രീകരണം നടന്നു. അബ്ബ എന്ന പേരിലുള്ളതെന്തും ആളുകൾ ആവേശത്തോടെ സ്വീകരിച്ചു. പ്രണയഗാനങ്ങളിലൂടെ യുവമനസുകളെ തരളിതമാക്കിയ ട്രൂപ്പിലെ അംഗങ്ങളും പ്രേമാതുരരായിരുന്നു. അഗ്നീതയെ ബിജോണും ഫ്രിഡയെ ബെന്നിയും വിവാഹം കഴിച്ചു.

ചിരി മായുന്നു

അബ്ബ എന്ന സംഗീത നൗകയുടെ ഉള്ളിൽ വീണ വിള്ളലുകൾ അതിന്റെ തകർച്ചയ്ക്കു വഴിതെളിച്ചു. ഹാപ്പി കപ്പിൾസ് എന്ന് അറിയപ്പെട്ടിരുന്ന സംഘാംഗങ്ങൾ തമ്മിൽ മനസുകൊണ്ട് അകന്നു തുടങ്ങി. ആളുകൾക്കു മുന്നിൽ വേദിയിൽ പ്രസന്നവദനരായി നിന്നവർ തിരശീലയ്ക്കുപിന്നിലെത്തി വിഷാദത്തെ വരിച്ചു. ബന്ധങ്ങളിലെ താളപ്പിഴകൾ പാട്ടുകളിലേക്കു സംക്രമിച്ചു.

1979ൽ ബിജോണും അഗ്നീതയും 1981ൽ ബെന്നിയും ഫ്രിഡയും വിവാഹമോചിതരായി. പക്ഷേ പാട്ടു നിർത്തിയില്ല. എപ്പോഴും ചിരിച്ചുകൊണ്ട് പാടിയിരുന്ന സംഘാംഗങ്ങൾ പിന്നെ ചിരി അഭിനയിക്കുകയായിരുന്നു. പരസ്പരമുള്ള അകൽച്ചകൾ ഒളിച്ചുവച്ച് പാടിക്കൊണ്ടിരുന്നെങ്കിലും 1982ൽ അബ്ബയെന്ന കപ്പൽ മുങ്ങി. അക്കൊല്ലം അവസാനം പതനം പൂർത്തിയായി. ഔദ്യോഗിക പിരിച്ചുവിടലൊന്നുമുണ്ടായില്ലെങ്കിലും തത്കാലം പിരിയാമെന്നും ആവശ്യമായി വന്നാൽ ഒന്നിച്ചുകൂടാമെന്നും പറഞ്ഞ് നാൽവർസംഘം നാലു വഴിക്കായി ഇറങ്ങി. പക്ഷേ, അബ്ബയുടെ സംഗീതം തകർക്കപ്പെടാനാവാത്തതായിരുന്നു. അവരുടെ സംഗീത ആൽബങ്ങളുടെ ഓഡിയോകളും വീഡിയോകളും ലോകത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു.

1992ൽ പുറത്തിറങ്ങിയ അബ്ബ ഗോൾഡ് എന്ന സിഡിയുടെ മൂന്നുകോടിയോളം കോപ്പിയാണ് വിറ്റഴിഞ്ഞത്. അധികൃതമായും അനധികൃതമായും ഇന്റർനെറ്റിൽനിന്നു ഡൗൺലോഡ് ചെയ്തു പാട്ടുകേട്ടവരുടെ എണ്ണം കോടികളിലും ഒതുങ്ങുന്നില്ല. 99ൽ അബ്ബയുടെ പാട്ടുകളെ അടിസ്‌ഥാനമാക്കി നടത്തിയ മാമാ മിയ എന്ന സംഗീത പരിപാടി അഞ്ചര കോടി ജനങ്ങൾ കണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അനശ്വരമായ സംഗീത പ്രോഗ്രാമുകളുടെയും വിദേശ ടൂറുകളുടെയും സ്മരണകൾ അവശേഷിപ്പിച്ച് അബ്ബ വേദിവിട്ടെങ്കിലും അവരുടെ പാട്ടിന്റെ വില വിലമതിക്കാനാവാത്തതായി തുടരുകയാണ്.

സിംഗിൾ സോങ് വേണ്ട

ആനി ഫ്രിഡയും അഗ്നീതയും ഒറ്റയ്ക്കുള്ള സംഗീതപരിപാടികളുമായി മുന്നോട്ടുനീങ്ങി. ബെന്നിയും ബിജോണും പാട്ടെഴുത്തും ചെറിയ സംഗീതപരിപാടികളുമൊക്കെയായി പരസ്പരം സഹകരിച്ചു. പക്ഷേ, ഇവരുടെ ആരുടെയും സിംഗിൾ സോങുകൾ സംഗീതപ്രേമികൾക്കു വേണ്ടായിരുന്നു. അബ്ബയെന്ന കൂട്ടുകെട്ടായിരുന്നു അവരുടെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്ന് തെളിഞ്ഞു. ഏതാണ്ട് ആ സമയത്താണ് മൈക്കിൾ ജാക്സൺ സംഗീതവേദികളെ കീഴടക്കിയത്. 1982ൽ ജാക്സന്റെ ത്രില്ലർ പുറത്തിറങ്ങി. അബ്ബയുടെ വേദിക്കുമുന്നിൽനിന്നു പിരിഞ്ഞുപോയവരിൽ വലിയൊരു വിഭാഗം ജാക്സന്റെ പ്രകടനങ്ങൾക്കു മുന്നിൽനിന്നു ത്രില്ലടിച്ചു.

കാലം കടന്നുപോയി അബ്ബ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ സംഗീതലോകം കാത്തിരുന്നു. പലരും അതിനായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവർ സമ്മതിച്ചില്ല. അഗ്നീതയ്ക്ക് 65 വയസായി. മറ്റുള്ളവർക്ക് 70 കഴിഞ്ഞു. ബെന്നിയും ബിജോണും വേറെ വിവാഹം കഴിച്ചു. ഒന്നിച്ചുള്ള റിക്കാർഡിംഗ് പിന്നീടുണ്ടായില്ലെങ്കിലും രണ്ടോ മൂന്നോ തവണ അവർ വേദി പങ്കിട്ടു. 2004ൽ ലണ്ടനിൽവച്ചു നടന്ന സംഗീതപരിപാടിയിൽ അഗ്നീത ഒഴികെ മൂന്നുപേരും പങ്കെടുത്തു. വിമാനത്തിൽ കയറാൻ ഭയമുള്ളതിനാലാണ് അവർ ഒഴിവായത്. സ്വകാര്യവിമാനത്തിൽ യാത്ര ചെയ്യവേ കൊടുങ്കാറ്റിൽ പെട്ടതിനെത്തുടർന്നാണ് അവർക്ക് വിമാനപ്പേടി ഉണ്ടായത്. തന്റെ അടുത്ത ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുന്നെന്ന് അറിഞ്ഞാൽ പോലും അഗ്നീതയുടെ ഉറക്കം നഷ്‌ടമാകും. 2005ൽ സ്വന്തം രാജ്യമായ സ്വീഡനിൽവച്ചു നടന്ന പരിപാടിയിൽ നാലുപേരും പങ്കെടുത്തു. ഇക്കൊല്ലം ജനുവരിയിലും ഒരു പരിപാടിക്ക് അവർ ഒന്നിച്ചിരുന്നു. പക്ഷേ, എല്ലാമൊരു ഔദ്യോഗികത മാത്രം. ഒന്നിച്ചൊരു ഫോട്ടോയെടുക്കാനോ പോലും അവർ തയാറായില്ല.

2018 എന്ന സസ്പെൻസ്

2018ൽ അബ്ബ വീണ്ടും ഒന്നിക്കുകയാണെന്ന് സൈമൺ ഫുള്ളർ വ്യക്‌തമാക്കിയെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പക്ഷേ, അതൊരു പുതിയ ഡിജിറ്റൽ അനുഭവമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘാംഗങ്ങളുമായി താൻ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നല്ല പ്രതികരണങ്ങളും നിർദേശങ്ങളുമാണ് അവരിൽനിന്നു ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഫുള്ളർ മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത സാങ്കേതിക വിദ്യകൾ അത്രയും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അബ്ബയുടെ രണ്ടാം വരവിനായി ലോകം കാത്തിരിക്കുന്നു.

എഴുപതുകളിലും എൺപതുകളിലും ലോകത്തെ ത്രസിപ്പിച്ച അബ്ബാ സംഘം പുത്തൻ തലമുറയെ കൈയിലെടുക്കുന്നത് എങ്ങനെയെന്നത് ആശ്ചര്യകരമായിരിക്കും. സ്വീഡനു പുറത്തായിരിക്കുമോ സംഗീതപരിപാടി അരങ്ങേറുക? അങ്ങനെയെങ്കിൽ വിമാനത്തിൽ കയറാൻ ഭീതിയുള്ള അഗ്നീത എങ്ങനെ സ്‌ഥലത്തെത്തും? പിണക്കങ്ങളെല്ലാം തീർത്തിട്ടാകുമോ നാൽവർസംഘം വേദിയിലെത്തുക? വാട്ടർലൂവിലും റിംഗ് റിംഗിലുമൊക്കെ കണ്ട ചിരിക്കുന്ന മുഖങ്ങൾ രണ്ടാം വരവിൽ കാണാനാകുമോ? സംഗീത സമ്രാട്ടുകളായ പഴയ ഭാര്യാ ഭർത്താക്കന്മാരുടെ കൂടിക്കാഴ്ച ഏതു വിധത്തിലായിരിക്കും? അബ്ബ പുതിയ ട്രൂപ്പായി നിലനില്ക്കുമോ? എഴുപതുകളെ കൈപ്പിടിയിലൊതുക്കിയെന്നതു ശരിതന്നെ. പക്ഷേ, തലനരച്ച ഈ വയോധികസംഘം പുത്തൻ തലമുറയെ എങ്ങനെയാകും സ്വാധീനിക്കുക?....ഒട്ടേറെ ചോദ്യങ്ങൾ ബാക്കി.

പക്ഷേ, മറക്കാതിരിക്കുക, അബ്ബ വെറുമൊരു ഗായകസംഘമായിരുന്നില്ല ഒരു സംഭവമായിരുന്നു. ഒന്നിച്ചുണ്ടായിരുന്ന കാലത്ത് വേദിയിൽ ആധുനിക വേഷംകൊണ്ടും മാസ്മരിക സംഗീതാലാപനംകൊണ്ടും എന്തിന് ഒരു പുഞ്ചിരികൊണ്ടുപോലും അത്ഭുതങ്ങൾ സൃഷ്‌ടിച്ചവർ. വീണ്ടും അബ്ബ വരുമ്പോൾ അതൊരു കൊടുങ്കാറ്റു തന്നെയാകും. പുതിയ തലമുറയുടെ സംശയങ്ങളെ അട്ടിമറിച്ച് അത് 2018ൽ ലോകത്തു വീശും. കരുതിയിരിക്കാം അബ്ബ കൊടുങ്കാറ്റിനായി.

ജോസ് ആൻഡ്രൂസ്