വിജയത്തിന്റെ മസിലുപിടിത്തം
‘വെറുതെ മസിലുപിടിച്ചിട്ടു കാര്യമില്ല. ഇത്തിരി ഭക്ഷണംകൂടി കഴിക്കണം. ചിക്കൻ കറിവച്ചതോ വറുത്തതോ കാൽ കിലോ, മൂന്നു നേരമായിട്ട് 25 മുട്ട, കിലോയ്ക്ക് 190 രൂപ വിലയുള്ള ബ്രൗൺറൈസിലുണ്ടാക്കിയ ചോറ്, ഓട്സ്, വെജിറ്റബിൾ, പ്രോട്ടീൻ പൗഡർ...ഇത്രയും മതി. ഒരു ദിവസത്തെ ഭക്ഷണമായി. പിന്നെ അടുത്ത ദിവസമേ എന്തെങ്കിലും കഴിക്കൂ.’ പറയുന്നത് ഇക്കഴിഞ്ഞദിവസം മിസ്റ്റർ കോട്ടയമായി തെരഞ്ഞെടുക്കപ്പെട്ട കിരൺ ചന്ദ്രനാണ്.

അയർക്കുന്നത്തിനടുത്ത് മെത്രാൻചേരിയിലാണ് താമസം. വീട്ടിലേക്കു കയറുകയല്ല. ഇറങ്ങുകയാണ്. ടാറിട്ട വഴിയിൽനിന്ന് ഇറങ്ങുന്നത് ഒരു കുഴിയിലേക്കാണ്. അതു പിന്നെ ഇരുളടഞ്ഞ തൊണ്ടായി മാറും. ഇരുവശത്തെയും കാട്ടുചെടികളും കമ്പും മുഖത്തുതട്ടാതെ 50 മീറ്റർ നടന്നാൽ കുഴിയിൽനിന്നു മുറ്റത്തേക്കു കയറാം. നേരേ നടക്കരുത്. കിണറ്റിൽ വീഴും. ചുറ്റുമതിൽ കെട്ടാൻ മാത്രം കാശ് ഇതുവരെ ഒന്നിച്ചുവന്നിട്ടില്ല. അത്രയേ ഉള്ളു. ഇനി ഇടതൊഴിഞ്ഞ് വലതു ചവിട്ടി പാതി തേച്ച ഒറ്റമുറി വീട്ടിലേക്കു കയറാം.
നിറഞ്ഞ പുഞ്ചിരിയോടെ കിരൺ ഇറങ്ങിവന്നു. അതിലും വലിയ ചിരിയോടെ അച്ഛൻ. മുറ്റത്ത് വീടിന്റെ ഓരം പറ്റി അമ്മ. ആകെയുള്ള രണ്ടു പ്ലാസ്റ്റിക് കസേരകൾ ആഗതർക്കായി റിസർവ് ചെയ്തിട്ടുണ്ട്. അച്ഛൻ, അമ്മ, അമ്മാവൻ, വല്യമ്മ... എല്ലാവരെയും ഒന്നിച്ചുതാങ്ങി വിഷമിക്കുന്ന ചുവരിനടുത്തേക്ക് കിരണും ചേർന്നുനിന്നു.

തോട്ടയ്ക്കാട്ടുവച്ച് കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ ഈഗിൾ ഫിറ്റ്നസ് ആൻഡ് ജിമ്മിന്റെ സഹകരണത്തിൽ നടത്തിയ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലാണ് കിരൺ ജേതാവായത്. അഭിനന്ദനങ്ങൾകൊണ്ട് വീർപ്പുമുട്ടി മിസ്റ്റർ കോട്ടയം. ഇപ്പോഴും നാട്ടിലും വിദേശത്തുമുള്ള നിരവധിപേർ നേരിട്ടും ഫോണിലൂടെയും അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. എല്ലാവരും പറഞ്ഞു ഇനിയും മുന്നോട്ടു പോകണം, ജനുവരിയിൽ കൊല്ലത്തു നടക്കുന്ന സംസ്‌ഥാനതല മത്സരത്തിൽ പങ്കെടുക്കണം, എന്നും ജിമ്മിൽ പോകണം, വർക്ക് ഔട്ട് മുടക്കരുത് അങ്ങനെ പ്രോത്സാഹന വാക്കുകൾ. പക്ഷേ, ഒരു സിക്സ് പായ്ക്ക് ആഘോഷ രാവിനപ്പുറം ജീവിതമെന്ന യാഥാർഥ്യം പകൽപോലെ തെളിഞ്ഞുകിടക്കുന്നു.
എടുത്തുയർത്താൻ പ്രതിസന്ധികളുടെ വെയ്റ്റുകൾ ഇനിയും ബാക്കി.

മുണ്ടക്കയത്തെ സ്വപ്നം

ഇപ്പോൾ താമസിക്കുന്നത് അമ്മയുടെ വീട്ടിലാണ്. മുണ്ടക്കയത്തായിരുന്നു കുടുംബവീട്. മൂന്നു സെന്റ് സ്‌ഥലത്ത് സർക്കാർ സഹായത്തോടെ പാതി പണിത വീട് അവിടെ വെറുതെ കിടക്കുകയാണ്. ഇവിടെ വല്യപ്പനും വല്യമ്മയും അമ്മാവനുമുണ്ട്. എല്ലാവരും കിരണിനു പിന്തുണ നല്കുന്നുണ്ട്. അതുകൊണ്ടാ പിടിച്ചുനിന്നത്. ഇപ്പോൾ രാവിലെ മുതൽ വൈകിട്ടുവരെ ജിമ്മിലാണ്. പുതിയ യുവാക്കൾക്കു പരിശീലനം നല്കുകയും ചെയ്യും.

ബോഡി ബിൽഡിംഗിലുള്ള ആഗ്രഹം തുടങ്ങിയത് എപ്പോഴാണെന്ന് ഓർമയില്ല. പക്ഷേ, ഓർമവച്ചതുമുതൽ ഇതിഷ്ടമായിരുന്നെന്നറിയാം. ചെറുപ്പത്തിൽ അമ്മവീട്ടിൽ വരുമ്പോൾ അമ്മാവൻ രാജൻ കസർത്തടിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. പിന്നെ വീട്ടിൽ ചെന്ന് ചെയ്തുനോക്കി. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സിനിമകളിലെ നായകന്മാരുടെ മസിലുകണ്ട് ആരാധനയായി. മനസിന്റെ ഭിത്തിയിൽ അവരെ ഒട്ടിച്ചുവച്ചു.

ഇതിനിടെ യോഗയും പഠിച്ചു. അതേക്കുറിച്ചുള്ള പുസ്തകങ്ങളൊക്കെ വാങ്ങി വായിച്ചു. മുണ്ടക്കയത്തെ വീടിനടുത്തുണ്ടായിരുന്ന കണ്ണൻ എന്ന ചേട്ടൻ ഒരിക്കൽ ജിമ്മിൽ കൊണ്ടുപോയി. അദ്ദേഹം അവിടെ വണ്ണം കുറയ്ക്കാൻ പോകുന്നതായിരുന്നു. ജിംനേഷ്യം ആദ്യമായിട്ടാണ് കണ്ടത്. അന്ന് അതൊരു അത്ഭുതലോകമായിരുന്നു. സിനിമകളിൽ കണ്ടതുപോലെ മസിലു പെരുപ്പിച്ചു നില്ക്കുന്ന സുന്ദരന്മാർ വിവിധ വ്യായാമങ്ങൾ ഏർപ്പെട്ടിരിക്കുന്നു. കോരിത്തരിച്ചുപോയി. മിസ്റ്റർ കോട്ടയമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഭിനന്ദിക്കാനെത്തിയവരിൽ മുണ്ടക്കയത്തെ ജിമ്മിലെ ഇൻസ്ട്രക്ടറുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് ഒരു ദിവസത്തെ പരിചയം മാത്രം. എന്നിട്ടും അദ്ദേഹം തിരിച്ചറിഞ്ഞു.

അയർക്കുന്നത്തെ കസർത്ത്

അമ്മാവന്റെ കസർത്തു കണ്ട് ചെറുപ്പത്തിൽ ആവേശഭരിതനായിരുന്ന കിരൺ അതേ വീട്ടിലെത്തി. അയർക്കുന്നത്തു വന്നതോടെയാണ് ബോഡി ബിൽഡിംഗ് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുമ്പെട്ടിറങ്ങിയത്. ഒരു കസിൻ ബ്രദർ റാംബോ മൾട്ടി ജിമ്മിലേക്കു കൂട്ടിക്കൊണ്ടുപോയി. അതൊരു തുടക്കമായിരുന്നു. പരിശീലനം നല്ലരീതിയിൽ മുന്നോട്ടുപോയി. ഇതിനിടെ വീട്ടിലെ പ്രാരാബ്ധങ്ങൾ കൂടിയതോടെ പരിശീലനം നിർത്തി കൊല്ലത്ത് ഹോട്ടൽ ജോലിക്കുപോയി. മുന്നു വർഷം മൂന്നു ഹോട്ടലുകളിലായി സപ്ലയറായി പണിയെടുത്തു. 12 മണിക്കൂർ ജോലിയെടുത്തു കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴും ഒരു ജിംനേഷ്യത്തിന്റെ പശ്ചാത്തലമായിരുന്നു മനസു നിറയെ. ഹോട്ടലിലെ ഭക്ഷണമൊക്കെ കഴിച്ച് തൂക്കവും കൂടി. 85 കിലോ. ഇങ്ങനെ പോയാൽ പറ്റില്ലെന്നു തോന്നി. രാത്രികളിൽ കണ്ടിരുന്ന ബോഡിബിൽഡിംഗ് സ്വപ്നങ്ങൾ പട്ടാപ്പകലും കൂടെ നടന്നുതുടങ്ങി. പിന്നെ ജോലി ഉപേക്ഷിച്ച് അയർക്കുന്നത്തേക്കു പോന്നു. പ്ലസ് ടുവും ഹോട്ടൽ മാനേജ്മെന്റും പഠിച്ച മകൻ ജോലികളഞ്ഞ് വീട്ടിലേക്കു വന്നപ്പോഴും അച്ഛൻ രാമചന്ദ്രനും അമ്മ പൊന്നമ്മയും പരാതിയൊന്നും പറഞ്ഞില്ല.

ആദ്യം കാശുണ്ടാക്കണം. അറിയാവുന്ന പണിയൊക്കെ ചെയ്തു. കാറ്ററിംഗിനും സ്റ്റേജ് ഡെക്കറേഷനും ആശാരിപ്പണിക്കുമൊക്കെ കിരൺ പോയി. വീട്ടിലെ കാര്യങ്ങൾ നടത്താൻ വേറെ കാശുവേണം. ആരോഗ്യമുള്ള ദിവസങ്ങളിൽ അച്ഛൻ പണിക്കുപോയി, അമ്മ പൈനാപ്പിൾ സൊസൈറ്റിയിലെ ജോലി ചെയ്തു, വല്യമ്മ തവിയുണ്ടാക്കി വിറ്റു.

എല്ലാം മറന്നു ലക്ഷ്യത്തിലേക്ക്

രണ്ടുതവണ ശ്രമിച്ചിട്ടും നടക്കാതെ പോയ മിസ്റ്റർ കോട്ടയം കിരീടം പിടിക്കാൻ നാലു മാസം മുമ്പ് കിരൺ വീണ്ടും ജിമ്മിലിറങ്ങി. രാവിലെ ഒരു മണിക്കൂർ നടത്തം. 8.30നു ജിമ്മിലെത്തും. രണ്ടര മണിക്കൂർ തുടർച്ചയായി വ്യായാമവും പരിശീലനവും. അതു കഴിഞ്ഞ് ഉടനെ ഭക്ഷണം കഴിക്കും. പിന്നെ വിശ്രമം. മിക്കവാറും ജിമ്മിൽ തന്നെ കിടക്കും. മൂന്നിനു വീണ്ടും തുടങ്ങും പരിശീലനം. രണ്ടര മണിക്കൂർ മറ്റെല്ലാം മറക്കും. പിന്നെ പുതിയ ആളുകൾക്കു പരിശീലനം നല്കും. തീർന്നില്ല, രാത്രി 10 മുതൽ വയറൊതുക്കാനുള്ള വ്യായാമങ്ങളാണ്. ഇങ്ങനെ നാലു മാസം. ഈ കഠിനാധ്വാനത്തിന് അടുത്തറിയാവുന്നവരെല്ലാം പിന്തുണ നല്കി. റാംബോയിലെ പരിശീലനം സൗജന്യമായിരുന്നെന്നു മാത്രമല്ല, ഉടമ ജയൻ കുരുവിള ജിമ്മിന്റെ താക്കോൽതന്നെ കൈയിൽ തന്നു. എപ്പോൾ വേണമെങ്കിലും തുറക്കാം, അടയ്ക്കാം. മത്സരം അടുക്കുന്തോറും ആവേശം കിരണിനു മാത്രമായിരുന്നില്ല. റാംബോയിലെ കൂട്ടുകാരും പ്രോത്സാഹിപ്പിച്ചു. വെറുതെ വർത്തമാനമല്ല. ദിവസവുമുള്ള ഭക്ഷണത്തിന്റെ വലിയ ചെലവ് അവരൊക്കെയാണ് മിക്കവാറും വഹിച്ചത്. ഇറച്ചിയും മുട്ടയും സപ്ലിമെന്റ്ഫുഡുമൊക്കെയായി ദിവസം 500 രൂപ ചെലവുണ്ട്. അതിയായ ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ബാക്കിയെല്ലാം തനിയെ വരുമെന്ന് കിരൺ തിരിച്ചറിഞ്ഞു. പണത്തിന്റെ ആവശ്യമുണ്ടായപ്പോഴും സഹായിക്കാൻ സുഹൃത്തുക്കളെത്തി. വിപിൻ, വിൽസൺ, വിപിൻ ബിജു, ജോസ് ജേക്കബ് എന്ന ജോസേട്ടൻ...അങ്ങനെ നിരവധിപേർ.

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു തയാറെടുപ്പ്. ആദ്യം ഇഷ്ടമുള്ളതെല്ലാം തിന്നു വണ്ണവും തൂക്കവും കൂട്ടി. പിന്നെ ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ആ ഫാറ്റെല്ലാം മസിലാക്കി. അതോടെ ശരീരത്തിന്റെ വലിപ്പം കുറയാതെ തൂക്കം കുറയും. മൂന്നാമത്തെ ഘട്ടം വാട്ടർ കട്ടാണ്. മത്സരത്തിന്റെ നാലു ദിവസം മുമ്പ് അതു തുടങ്ങി. എന്നുവച്ചാൽ വെള്ളംകുടി കുറയ്ക്കും. മത്സരദിവസം തുള്ളി വെള്ളം കുടിക്കില്ല. വിദഗ്ധനിർദേശമനുസരിച്ചാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.

നവംബർ 12ന് തോട്ടയ്ക്കാട് അമ്പലക്കവല എസ്എൻഡിപി ഹാളിൽ നൂറിലേറെ മത്സരാർഥികൾ അണിനിരന്നപ്പോൾ അതിലൊരാളായിരുന്നു കിരൺ. മറ്റുള്ളവരുടെ മുഖത്തും മസിലിലും നോക്കി മനസു വിയർക്കാൻ സമയം കൊടുത്തില്ല. എല്ലാ ശ്രദ്ധയും സ്വന്തം ശരീരത്തിലാക്കി. 60–65 കിലോ വിഭാഗത്തിലെ കഴിഞ്ഞ വർഷങ്ങളിൽ നഷ്ടപ്പെട്ടുപോയ കിരീടം കൈയിലെടുക്കണം എന്നതു മാത്രമായിരുന്നു ചിന്ത. വൈകുന്നേരം ആറു മണിക്കു തുടങ്ങിയ മത്സരം രാത്രി 10 വരെ നീണ്ടു. പ്രഖ്യാപനം വന്നപ്പോൾ ടൈറ്റിൽ കിരീടം കിരൺ ചന്ദ്രന്. കരഞ്ഞുപോയി. അത്രയ്ക്കായിരുന്നു സന്തോഷം.

വിജയത്തെക്കുറിച്ചു ചോദിച്ചാൽ കിരണിനു പറയാനുള്ളത് കഠിനാധ്വാനത്തെക്കുറിച്ചു മാത്രമാണ്. ബോഡി ബിൽഡിംഗിന്റെ കാര്യത്തിൽ മാത്രമല്ല, പഠനം ഉൾപ്പെടെ ജീവിതത്തിലെ ഏതു കാര്യത്തിലും നേട്ടമുണ്ടാക്കണമെങ്കിൽ കഠിനമായി അധ്വാനിക്കണം. പരാജയങ്ങളുണ്ടായാലും പിന്മാറരുതെന്നല്ല, അതേക്കുറിച്ചു ചിന്തിക്കുകപോലും അരുത്. പലതവണ മത്സരിച്ചിട്ടും രക്ഷയില്ലാതെ വന്നപ്പോൾ സത്യത്തിൽ കരഞ്ഞുപോയി. പക്ഷേ, ഇട്ടിട്ടു പോയില്ല. മനസറിഞ്ഞുള്ള ശ്രമം തന്നെ എത്ര സന്തോഷകരമാണ്. എന്നെങ്കിലും നിനക്കിതു കിട്ടുമെടാന്നാ അച്ഛനും അമ്മാവനുമൊക്കെ പറഞ്ഞത്. ഏറെ പ്രയാസങ്ങളിലൂടെയാണ് കടന്നുപോയതെങ്കിലും കഴിഞ്ഞ നാലു മാസം ആവേശകരമായിരുന്നു. ഒരു വലിയ കാര്യത്തിനുവേണ്ടി ശ്രമിക്കുകയാണെന്ന ബോധ്യം വരുമ്പോൾതന്നെ ജീവിതത്തിന് ഒരു വിലയായി. അഞ്ചു സെന്റ് പുരയിടത്തിലെ നിന്നു തിരിയാൻ ഇടമില്ലാത്ത മുറിയിൽനിന്നു കിരൺ പൊട്ടിച്ചിരിച്ചു.

അപ്പോഴേക്കും കിരണേ എന്നു നീട്ടിവിളിച്ചുകൊണ്ട് പഞ്ചായത്തു മെമ്പർ ബിജു എത്തി. മെത്രാൻചേരി പള്ളി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകുന്നേരം മൂന്നിനു മിസ്റ്റർ കോട്ടയത്തിനു പൗരസ്വീകരണം. ഒരുക്കങ്ങളൊന്നുമായില്ല തിരക്കുണ്ടെന്നു പറഞ്ഞ് മെമ്പർ യാത്ര പറഞ്ഞു.
സംസ്‌ഥാനതല മത്സരത്തിന്റെ കാര്യം ചോദിച്ചപ്പോൾ കിരൺ പറഞ്ഞു: ‘ശ്രമിക്കണമെന്നുണ്ട്.’
പിന്നെ ചെറിയൊരു നിശബ്ദത.

‘ഭക്ഷണത്തിനുതന്നെ ദിവസം 500 രൂപ ചെലവാകും. ജനുവരി വരെ അതൊക്കെയൊന്നു സ്പോൺസർ ചെയ്യാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒന്നു നോക്കാമായിരുന്നു.’ ഉള്ള കാര്യം മസിലുപിടിക്കാതെ കിരൺ പറഞ്ഞു.

വിജയം പോലെ ആവേശകരമാണ് അതിനായുള്ള ശ്രമവുമെന്നു വിശ്വസിക്കുന്ന കിരൺ പ്രതീക്ഷയിലാണ്. ഇവിടെവരെ എത്തിയില്ലേ...എല്ലാം നടക്കും. റോഡിലേക്കു കയറാൻ തൊണ്ടിലേക്കിറങ്ങുമ്പോൾ മിസ്റ്റർ കോട്ടയത്തിനു പിന്നിൽ കോട്ടപോലെ അച്ഛനും അമ്മയും അമ്മാവനുമൊക്കെ നില്ക്കുന്നു. മുന്നിൽ വഴികാട്ടാൻ അലൻ സന്തോഷ് ഉൾപ്പെടെയുള്ള കൂട്ടുകാരും.

ജോസ് ആൻഡ്രൂസ്
ഫോട്ടോ: കെ.ജെ. ജോസ്