അന്ന്..., ഫാത്തിമയിലെ ഓക്ക് മരത്തിനു മീതെ
1917 -ലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവം ഏതെന്നു ചോദിച്ചാൽ റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം എന്നായിരിക്കും മിക്കവരുടെയും ഉത്തരം. എന്നാൽ പോർച്ചുഗീസുകാരിൽ-പ്രത്യേകിച്ച്, അക്കാലത്തു ജീവിച്ചിരുന്നവരിൽ-മിക്കവരുടെയും ഉത്തരം അതായിരിക്കില്ല. 1917-ലെ എന്നല്ല, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ചരിത്ര സംഭവം നടന്നത് അവരെ സംബന്ധിച്ചിടത്തോളം പോർച്ചുഗലിലെ ഫാത്തിമയിലാണ്.

ഫാത്തിമ എന്ന ഗ്രാമത്തെക്കുറിച്ചു പോർച്ചുഗലിൻറെ മറ്റുഭാഗങ്ങളിലുള്ളവർ അന്നുവരെ കേട്ടിട്ടുപോലുമുണ്ടാവില്ല. തലസ്ഥാനമായ ലിസ്ബണിൽനിന്ന് ഏതാണ്ട് ഇരുനൂറു കിലോമീറ്റർ മാത്രം അകലെയാണെങ്കിലും ഗതാഗതസൗകര്യം തീരെക്കുറഞ്ഞ, അവികസിതമായ ആ മലന്പ്രദേശത്തേക്കു നഗരവാസികളുടെ ശ്രദ്ധ നീണ്ടിരുന്നില്ല. അവിടെ മനുഷ്യരെക്കാൾ കൂടുതൽ എത്തിയിരുന്നതു കന്നുകാലികളും ആടുകളുമായിരുന്നോ

1916. ഫാത്തിമയുടെ സമീപത്തുള്ള അൽജസ്ട്രൽ ഗ്രാമത്തിലെ വസന്തത്തിനു സാധാരണയിൽക്കവിഞ്ഞ സൗരഭ്യമുണ്ടായിരുന്നോയെന്നു കുട്ടികളോടു ചോദിക്കുകയാവും നന്ന്. കാരണം, വയലുകളിലും പുൽമേടുകളിലും മലഞ്ചെരിവുകളിലും ആടുകളുമായി അലഞ്ഞിരുന്നത് അവരാണ്. പത്തു വയസു കഴിഞ്ഞേ മിക്ക കുട്ടികളും സ്കൂളിൽ പോയിത്തുടങ്ങുമായിരുന്നുള്ളൂ-പ്രത്യേകിച്ച്, സാന്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾ.

മാർത്തോയും സാൻറോസും ബന്ധുകുടുംബങ്ങളായിരുന്നു. അൻറോണിയോ സാൻറോസിനും മരിയ റോസയ്ക്കും ആറു പെണ്‍മക്കളും ഒരു മകനും. കുട്ടികളിൽ ഇളയവളായ ലൂസിയ ആടുകളെ മേയ്ക്കാൻ മിക്കപ്പോഴും പോയിരുന്നത് അടുത്തുതന്നെ താമസിക്കുന്ന മാനുവൽ മാർത്തോയുടെയും ഒളിന്പിയയുടെയും മക്കളായ ഫ്രാൻസിസ്കോയുടെയും ജസീന്തയുടെയും ഒപ്പമാണ്. കുട്ടികളുടെ എണ്ണത്തിൽ മാർത്തോ കുടുംബം സാൻറോസിനു തുല്യം. ഏഴു മാർത്തോ കുട്ടികളിൽ ഇളയവരായിരുന്നു ഫ്രാൻസിസ്കോയും ജസീന്തയും.




1916

1916-ൽ ലൂസിയയ്ക്ക് ഒൻപതും ഫ്രാൻസിസ്കോയ്ക്ക് എട്ടും ജസീന്തയ്ക്ക് ആറും വയസ്. ഉറങ്ങുന്ന ജ്യേഷ്ഠ·ാരുടെ വായിൽ ചരൽക്കല്ലോ മുളകോ ഇടുക, ചേച്ചിമാരുടെ തലമുടിത്തുന്പുകൾ തമ്മിൽ കെട്ടിയിടുക തുടങ്ങിയ കുസൃതികളുണ്ടായിരുന്നെങ്കിലും ഫ്രാൻസിസ്കോ സൗമ്യശീലനായിരുന്നു. തനിക്കെതിരേ ആരെങ്കിലും കള്ളക്കളി കളിച്ചാലും പരിഭവമില്ല. ഇഷ്ടപ്പെട്ട സാധനങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുക്കാൻ മടിയുമില്ല. ഒരിക്കൽ ഫ്രാൻസിസ്കോയുടെ കൂട്ടുകാരൻ ഒരു പക്ഷിയെ പിടികൂടി കൂട്ടിലാക്കി. താൻ അതുവരെ സ്വരുക്കൂട്ടിയ പണം കൊടുത്തു ഫ്രാൻസിസ്കോ പക്ഷിയെ വാങ്ങി. പക്ഷിക്കൊരു തലോടലും ഉമ്മയും കൊടുത്തശേഷം അവൻ അതിനെ മുകളിലേക്കു പറത്തിവിട്ടു. ആകാശത്തു ചിറകടിക്കുന്പോൾ പക്ഷി ഫ്രാൻസിസ്കോയ്ക്കു നന്ദി പറഞ്ഞിരിക്കാം.

ഫ്രാൻസിസ്കോയെക്കാൾ രണ്ടു വയസിന് ഇളയതായ ജസീന്തയ്ക്ക് ഒരിടത്തിരിക്കുന്ന ശീലമില്ലായിരുന്നു. ഇരിക്കുന്പോഴും നടക്കുന്പോഴുമെല്ലാം ഡാൻസ് ചെയ്തിരുന്ന ജസീന്ത അതിൻറെ പേരിൽ വികാരിയച്ചൻറെ വഴക്കു കേട്ടിട്ടുണ്ട്. ലൂസിയയായിരുന്നു അവൾക്ക് ഏറ്റവുമടുത്ത കളിക്കൂട്ടുകാരി. ലൂസിയയ്ക്കു കളിപ്രായം കഴിഞ്ഞുവെന്നും ആടുകളെ മേയ്ക്കാൻ പ്രായമായെന്നും അവളുടെ മാതാപിതാക്കൾ നിശ്ചയിച്ചതോടെ ജസീന്തയ്ക്കു കൂട്ടില്ലാതെയായി. ലൂസിയയോടും ഫ്രാൻസിസ്കോയോടുമൊപ്പം ആടുകളെ മേയ്ക്കാൻ മാതാപിതാക്കളിൽനിന്ന് അനുവാദം നേടിയെടുത്തപ്പോഴാണ് ജസീന്തയ്ക്ക് ആശ്വാസമായത്.

അങ്ങനെ 1916 വസന്തത്തിലെ ഒരു ആടുമേയ്ക്കൽ. അൽജസ്ട്രലിൽനിന്നു കുറെയകലെ ലൂസിയയുടെ തലതൊട്ടപ്പനു കുറച്ചുസ്ഥലമുള്ള ചൗസ വെൽഹ എന്ന കുന്നിലേക്കാണ് ആടുകളും കുഞ്ഞാടുകളും മൂന്നു കുഞ്ഞാട്ടിടയരും പുറപ്പെട്ടത്. രാവിലെതന്നെ അവിടത്തെ ഒലിവുതോട്ടത്തിൽ എത്തി. കുറെക്കഴിഞ്ഞു മഴ തുടങ്ങിയപ്പോൾ കുട്ടികൾ ഒരു പാറയുടെ കീഴിൽ കയറിയിരുന്നു. അവിടെ മഴയെ കൊതിപ്പിച്ച് അതിൻറെ മുന്നിൽ അവർ കൊത്തുകളിച്ചു.

മഴ മാറി ആകാശം തെളിഞ്ഞിട്ടും കുട്ടികൾ പാറയിടുക്കിൽനിന്ന് ഇറങ്ങിയില്ല. കളി തീർക്കാതൊക്കുമോ ഒരു വിധത്തിൽ കളി തീർന്നപ്പോഴേക്കും വിശപ്പു റെഡി. പൊതികളഴിച്ചു വിശപ്പും തീർത്തു. ഉച്ചന്ധക്ഷണം കഴിയുന്പോഴെല്ലാം കൊന്ത ചൊല്ലണമെന്നു വീട്ടിൽനിന്നു നിർദേശമുണ്ട്. നല്ല കുട്ടികളായ തങ്ങൾ അനുസരണക്കേടു കാട്ടില്ല. അവർ ജപമാല ചൊല്ലി. അന്പത്തിമൂന്നുമണിജപം തീർത്തു നല്ല കുട്ടികൾ കല്ലുകളി പുനരാരംഭിച്ചു.

മഞ്ഞുപോലൊരു മാലാഖ

ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴാണതു സംഭവിച്ചത്. ശക്തമായൊരു കാറ്റ്. ഒലിവുമരങ്ങളും മറ്റു മരങ്ങളും കാറ്റിലാടുന്നതു കണ്ട് കുട്ടികൾ പുറത്തിറങ്ങി. ആകാശം തെളിഞ്ഞിരിക്കേ ഇത്ര പെട്ടെന്നൊരു കൊടുങ്കാറ്റോ എന്ന് അദ്ഭുതപ്പെട്ടു നോക്കിനിൽക്കേ കിഴക്ക് മരങ്ങൾക്കു മുകളിലൂടെ ഒരു പ്രകാശം കടന്നുവരുന്നത് അവർ കണ്ടു.

ക്രമേണ ആ പ്രകാശം മനുഷ്യരൂപം പ്രാപിച്ചു. ഒരു യുവാവ്, പക്ഷേ മഞ്ഞുപോലെ, കണ്ണാടിപോലെ, സുതാര്യം. ആ രൂപം ആകാശത്തുനിന്നു വന്നിറങ്ങുന്നതു തങ്ങളുടെ മുന്നിലാണെന്നു കണ്ടപ്പോൾ കുട്ടികൾ ഭയന്നു. ഭയത്താൽ അവർക്കു സംസാരിക്കാനോ അനങ്ങാനോ കഴിയാതായി. ആ രൂപം അവരോടു പറഞ്ഞു: പേടിക്കേണ്ട. ഞാൻ സമാധാനത്തിൻറെ മാലാഖയാണ്. എന്നോടു ചേർന്നു പ്രാർഥിക്കൂ എന്നു പറഞ്ഞുകൊണ്ട് ആ രൂപം മുട്ടുകുത്തി, നെറ്റി നിലത്തുമുട്ടിച്ചു. തങ്ങൾക്കു ചലിക്കാൻ കഴിയുമെന്നു കുട്ടികൾക്ക് അപ്പോൾ തോന്നി. മാലാഖ ചെയ്തതുപോലെ മൂവരും മുട്ടുകുത്തി, കുന്പിട്ടു. മാലാഖ ചൊല്ലിക്കൊടുത്ത പ്രാർഥന അവർ ഏറ്റുചൊല്ലി: എൻറെ ദൈവമേ, അങ്ങിൽ ഞാൻ വിശ്വസിക്കുന്നു, അങ്ങയെ ആരാധിക്കുന്നു, അങ്ങയെ സ്നേഹിക്കുന്നു, അങ്ങിൽ പ്രത്യാശിക്കുന്നു. വിശ്വസിക്കാത്തവർക്കും ആരാധിക്കാത്തവർക്കും പ്രത്യാശിക്കാത്തവർക്കും അങ്ങയെ സ്നേഹിക്കാത്തവർക്കുംവേണ്ടി ഞാൻ മാപ്പു ചോദിക്കുന്നു.

ഇങ്ങനെ മൂന്നു പ്രാവശ്യം ചൊല്ലി. മാലാഖ പറഞ്ഞു: ഇങ്ങനെ പ്രാർഥിക്കണം. ഈശോയുടെയും മറിയത്തിൻറെയും ഹൃദയങ്ങൾ നിങ്ങളെ കേൾക്കാൻ ഒരുങ്ങിയിരിക്കുന്നു.പൊടുന്നനേ മാലാഖ അപ്രത്യക്ഷനായി. കുട്ടികൾ മൂവരും സ്തബ്ധരായിരുന്നു. പരസ്പരം സംസാരിക്കാൻ പോലും അവർക്കു കഴിഞ്ഞില്ല. താൻ കണ്ടതും കേട്ടതും തന്നെയാണോ മറ്റ് ഇരുവരും കണ്ടതും കേട്ടതുമെന്നു ചോദിക്കാൻ ആർക്കും കഴിഞ്ഞില്ല. നീണ്ട മൗനത്തിനുശേഷം, വൈകുന്നേരം ആടുകളുമായി മടങ്ങുന്പോഴും ലൂസിയയും ഫ്രാൻസിസ്കോയും ജസീന്തയും മൗനത്തിൻറെ ബന്ധനത്തിലായിരുന്നു. അദ്ഭുതകരമായ ഒരു ബന്ധനം. വീട്ടിലുള്ളവരോടു പോലും സംഭവത്തെക്കുറിച്ചു പറയാൻ അവർക്കാർക്കും തോന്നിയില്ല. അങ്ങനെയൊരു പരസ്പരധാരണ ഉണ്ടായിരുന്നുമില്ല.

അത്യധികം കനപ്പെട്ട ഒന്ന് തങ്ങൾക്കു സംഭവിച്ചിരിക്കുന്നതായ ബോധമാവാം അവരെ മൗനത്തിൽ വരിഞ്ഞുവച്ചത്. ക്രമേണ അവരുടെ മൗനം അലിഞ്ഞെങ്കിലും അന്നത്തെ ദൃശ്യവും മാലാഖയുടെ വാക്കുകളും വളരെ വ്യക്തമായി അവരുടെ മനസിൽ ലിഖിതമായിരുന്നു. ദൈവദൂതൻ പറഞ്ഞുകൊടുത്ത പ്രാർഥന അവർ രഹസ്യമായി ദീർഘനേരം ഉരുവിട്ടുകൊണ്ടിരുന്നു. വസന്തം വേനലിനു വഴിമാറിക്കൊടുത്തു. ലൂസിയയും ഫ്രാൻസിസ്കോയും ജസീന്തയും ലൂസിയയുടെ വീടിൻറെ പരിസരത്തുള്ള തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന ഒരു പകൽ. പെട്ടെന്നാണ് അവർക്കു മുന്നിൽ മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ടത്. നേരത്തേ കണ്ട അതേ മാലാഖ.

ദൈവദൂതൻ പറഞ്ഞു: നിങ്ങൾ എന്തു ചെയ്യുകയാണ് പ്രാർഥിക്കൂ. പ്രാർഥിക്കൂ. ഈശോയുടെയും മറിയത്തിൻറെയും ഹൃദയങ്ങൾക്കു നിങ്ങളെക്കുറിച്ചു കനിവാർന്ന പദ്ധതികളുണ്ട്. പരമോന്നതനായ ദൈവത്തോടു നിങ്ങൾ പ്രാർഥിക്കണം. ത്യാഗങ്ങൾ ചെയ്യണം. എന്തു ത്യാഗം ലൂസിയ ചോദിച്ചു. എല്ലാത്തരം ത്യാഗവും. ദൈവത്തെ മുറിവേൽപ്പിച്ച പാപങ്ങൾക്കു പരിഹാരമായി, പാപികൾക്കു വേണ്ടിയുള്ള ത്യാഗങ്ങൾ. അങ്ങനെ നമ്മുടെ രാജ്യത്തിനു സമാധാനം കൈവരും. ഞാൻ പോർച്ചുഗലിൻറെ കാവൽമാലാഖയാണ്. ദൈവം നിങ്ങൾക്കു തരാൻപോകുന്ന കഷ്ടതകൾ ക്ഷമയോടെ സഹിക്കണം, മാലാഖ പറഞ്ഞു.

മാലാഖയെ കാണാൻ കഴിഞ്ഞെങ്കിലും ഫ്രാൻസിസ്കോയ്ക്കു മാലാഖയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞില്ല. മാലാഖ എന്താണു പറഞ്ഞതെന്നു പെണ്‍കുട്ടികളോട് അവൻ അന്വേഷിച്ചെങ്കിലും അവർ അന്നു നിശബ്ദരായിരുന്നു. പിറ്റേന്നാണു പെണ്‍കുട്ടികൾ ഫ്രാൻസിസ്കോയുടെ ചോദ്യത്തിനു മറുപടി നൽകിയത്.
ദൈവത്തെക്കുറിച്ചു കൂടുതൽ അറിഞ്ഞുവെന്ന ഒരു ബോധം കുട്ടികളിൽ നിറഞ്ഞിരുന്നു. ദൈവം തങ്ങളെ സ്നേഹിക്കുന്നുവെന്ന്, തങ്ങളുടെ സ്നേഹം ദൈവം എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് അവർ മനസിലാക്കി. തങ്ങൾ ത്യാഗങ്ങൾ അനുഷ്ഠിക്കണമെന്നു ദൈവം ഇച്ഛിക്കുന്നുവെന്ന അറിവ് അവരെ ആ വഴിക്കു തിരിച്ചു. തങ്ങൾക്കു വീട്ടിൽനിന്നു കിട്ടുന്ന ഭക്ഷണപ്പൊതികൾ പലപ്പോഴും അവർ ആടുകൾക്കു നൽകി. ഏറെ നേരം വെള്ളം കുടിക്കാതെ ദാഹം സഹിച്ചു.

കുട്ടികളിലെ മാറ്റം മാതാപിതാക്കൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒന്നാം ലോകയുദ്ധത്തിൻറെ കഠോരത പോർച്ചുഗലിലെ ആ മലന്പ്രദേശ ഗ്രാമത്തിൽ അനുഭവപ്പെട്ടിരുന്നില്ലെങ്കിലും സാധാരണക്കാർക്ക് ഓരോ ദിനവും ഓരോ വലിയ ഭാരവണ്ടി ആയിരുന്നു. ദിവസങ്ങളെ തള്ളിനീക്കുന്നതിന് ഏറെ കഷ്ടപ്പെട്ടിരുന്ന പാവങ്ങൾക്കു തങ്ങളുടെ കുട്ടികളിലെ നിശബ്ദമായ മാറ്റങ്ങൾ ശ്രദ്ധിക്കാൻ കഴിയുമായിരുന്നിരിക്കില്ല. വേനൽ കഴിഞ്ഞു, ശരത്കാലത്തിൻറെ അവസാന ദിനങ്ങളിലെന്നോ മാലാഖ വീണ്ടും അൽജസ്ട്രലിലെ കുട്ടികളുടെ പക്കലെത്തി. അന്നു മലഞ്ചെരിവിൽ ആടുകളോടൊപ്പമായിരുന്നു മൂന്നു കുട്ടികളും. ഇത്തവണ മാലാഖയെ കണ്ടപ്പോൾ പഴയ പരിഭ്രമമൊന്നും കുട്ടികൾക്കുണ്ടായില്ല. പ്രത്യക്ഷം ഉണ്ടായപ്പോൾത്തന്നെ അവർ മുട്ടുകുത്തുകയും ദൈവദൂതൻ നേരത്തേ പഠിപ്പിച്ച പ്രാർഥന ചൊല്ലുകയും ചെയ്തു. പലവട്ടം പ്രാർഥിച്ചപ്പോൾ തങ്ങളുടെ മുകളിൽ ഒരു പ്രകാശം കണ്ടു കുട്ടികൾ അവിടേക്കു നോക്കി. ഇടതുകൈയിൽ കാസയും വലതു കൈയിൽ ഓസ്തിയുമായി അന്തരീക്ഷത്തിൽ നിൽക്കുന്ന മാലാഖയെയാണ് അവർ കണ്ടത്. ഓസ്തിയിൽനിന്നു രക്തമൊഴുകി കാസയിലേക്കു വീഴുന്നുണ്ടായിരുന്നു.

കാസ അന്തരീക്ഷത്തിൽ നിർത്തി ദൈവദൂതൻ ഇറങ്ങിവന്നു കുട്ടികളോടൊപ്പം മുട്ടുകുത്തി. മാലാഖ ചൊല്ലിയ പ്രാർഥന കുട്ടികൾ ഏറ്റുചൊല്ലി: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റവും പരിശുദ്ധ ത്രിത്വമേ, ഞാൻ ആരാധിക്കുന്നു. ലോകമെങ്ങുമുള്ള സക്രാരികളിൽ എഴുന്നള്ളിയിരിക്കുന്ന യേശുക്രിസ്തുവിൻറെ ഏറ്റവും വിലപ്പെട്ട ശരീരവും രക്തവും ആത്മാവും ദൈവത്വവും അവിടുത്തെ മുറിവേൽപ്പിക്കുന്ന പാപങ്ങളുടെയും ദൈവദൂഷണത്തിൻറെയും നിസംഗതയുടെയും പരിഹാരത്തിനായി സമർപ്പിക്കുന്നു. അവിടുത്തെ ഏറ്റവും പരിശുദ്ധമായ ഹൃദയത്തിൻറെയും മറിയത്തിൻറെ അമലോദ്ഭവ ഹൃദയത്തിൻറെയും യോഗ്യതകളാൽ പാപികളുടെ മാനസാന്തരത്തിനുവേണ്ടി ഞാൻ യാചിക്കുന്നു.

മാലാഖ എഴുന്നേറ്റ് അന്തരീക്ഷത്തിൽനിന്നു കാസയും ഓസ്തിയും കൈയിലെടുത്തു. ഓസ്തി ലൂസിയയ്ക്ക് എഴുന്നള്ളിച്ചു നൽകി. കാസയുടെ ഉള്ളിലുണ്ടായിരുന്നതു ജസീന്തയുടെയും ഫ്രാൻസിസ്കോയുടെയും നാവിലൊഴിച്ചു. നിലത്തു കുന്പിട്ടു മൂന്നു പ്രാവശ്യം കൂടി പ്രാർഥന ചൊല്ലിയ ശേഷം മാലാഖ അപ്രത്യക്ഷനായി.
അഭൗമമായ ആ അന്തരീക്ഷത്തിൽ കുട്ടികൾ കുന്പിടുകയും പ്രാർഥിക്കുകയും ചെയ്തുകൊണ്ടിരുന്നു. പ്രാർഥന, പരിത്യാഗം. ദിവ്യകാരുണ്യവുമായി ചേർന്നിരിക്കേണ്ടതിൻറെ പ്രാധാന്യം ഇവയെക്കുറിച്ചൊക്കെ കുട്ടികളെ പഠിപ്പിച്ചു കഴിഞ്ഞിരുന്ന മാലാഖ അവർക്കു മാലാഖമാരുടെ അപ്പവും നൽകിക്കഴിഞ്ഞിരിക്കുന്നു.
വലിയൊരാൾക്കുവേണ്ടി വഴിയൊരുക്കുകയായിരുന്നു മാലാഖ. പിന്നെയുമൊരു എട്ടുമാസങ്ങളിലൂടെ വഴി ഒരുങ്ങിക്കൊണ്ടിരുന്നു. ലോകത്തിൽ സംഭവിച്ച ഒരു അത്യദ്ഭുതം മൂന്നു കുഞ്ഞുമനസുകളിൽ ഒതുങ്ങി.



ഫാത്തിമയിലേക്ക്

1917. മാർച്ചിൽ ലൂസിയയ്ക്കു പത്തു വയസും ജസീന്തയ്ക്ക് ഏഴു വയസും തികഞ്ഞു. ഫ്രാൻസിസ്കോയ്ക്ക് ജൂണിൽ ഒൻപതു വയസു പൂർത്തിയാകും. മേയ് 13. ദിവ്യകാരുണ്യമാതാവിൻറെ ദിനം. കുട്ടികൾ മൂവരും അന്ന് ആടുകളെ നയിച്ചത് അൽജസ്ട്രലിനു സമീപത്തുള്ള ഫാത്തിമയിലേക്കാണ്. ഫാത്തിമയിലെ ഇടവകപ്പള്ളിയിൽനിന്ന് ഒരു കിലോമീറ്റർ അകലെ മലകൾക്കിടയിൽ കോവ ഡ ഐറിയ എന്നൊരു താഴ്ന്ന പ്രദേശം ലൂസിയയുടെ പിതാവിൻറേതായി ഉണ്ടായിരുന്നു. അവിടവിടെ ഓക്ക് മരങ്ങളുള്ള പുൽപ്രദേശം. ആടുകളെ മേയാൻ വിട്ടു കുട്ടികൾ കളിച്ചു നടന്നു. ഉച്ചയായപ്പോൾ പൊതികളഴിച്ചു ഭക്ഷണം കഴിച്ചശേഷം ജപമാല ചൊല്ലി. പിന്നെയും കളിക്കാൻ തുടങ്ങുന്പോൾ ആകാശത്തൊരു മിന്നൽ വളഞ്ഞു പുളഞ്ഞു. തെളിഞ്ഞ ആകാശത്തെ മിന്നൽ ഒരു കൊടുങ്കാറ്റിൻറെ മുന്നോടിയായിരിക്കാമെന്ന് അവർ ഭയപ്പെട്ടു.

കൊടുങ്കാറ്റിനു മുന്പു വീട്ടിലെത്തണമെന്ന കണക്കുകൂട്ടലിൽ ആടുകളെ ഒന്നിച്ചു കൂട്ടിയപ്പോഴേക്കും വീണ്ടും ആകാശത്തു മിന്നൽ. അവർ ആടുകളുമായി ധൃതിപ്പെട്ടു മുന്നോട്ടു നീങ്ങുന്പോൾ വലിയൊരു ഓക്ക് മരത്തിനു മുകളിൽ മിന്നൽ. അല്പം കൂടി നടന്നപ്പോൾ, അത്രതന്നെ ഉയരമില്ലാത്ത ഒരു ഓക്ക് മരത്തിനു മുകളിലായി വെള്ളവസ്ത്രമണിഞ്ഞ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. സൂര്യനെക്കാൾ പ്രകാശിക്കുന്ന ഒരു സ്ത്രീ.

കുട്ടികൾ സ്തംഭിച്ചുനിന്നുപോയി. അവരിൽ നിന്നു നാലോ അഞ്ചോ അടിമാത്രം അകലത്തായിരുന്നു സ്ത്രീരൂപം. അതിൽനിന്നു പ്രസരിക്കുന്ന അത്യന്തം വെണ്‍മയുള്ള പ്രകാശത്തിലാണു തങ്ങൾ നിൽക്കുന്നതെന്ന് അവർ കണ്ടു. പേടിക്കേണ്ട. ഞാൻ നിങ്ങളെ ഉപദ്രവിക്കില്ല, സ്ത്രീരൂപം പറഞ്ഞു. സംസാരിക്കാനുള്ള ധൈര്യം ലൂസിയയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. എവിടെനിന്നു വരുന്നു അവൾ ചോദിച്ചു. സ്വർഗത്തിൽനിന്ന്, സ്ത്രീ രൂപം പറഞ്ഞു. ഒരു തൂവെള്ള കുപ്പായമാണു സ്ത്രീ ധരിച്ചിരുന്നത്. പാദങ്ങൾ വരെ എത്തുന്ന കുപ്പായത്തിൻറെ അരികുകൾക്കു സ്വർണനിറം. സ്ത്രീയുടെ കൈയിലൊരു ജപമാല. ജപമാലയുടെ മണികൾ നക്ഷത്രങ്ങൾ പോലെയും അതിലെ ക്രൂശിത രൂപം വജ്രം പോലെയും വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. മാലാഖയെ കണ്ടപ്പോൾ ഉണ്ടായിരുന്നതുപോലുള്ള ഭയം ഇപ്പോൾ കുട്ടികൾക്ക് ഉണ്ടായിരുന്നില്ല. മറിച്ച്, എന്തെന്നില്ലാത്ത ഒരു സന്തോഷം അവരിൽ നിറഞ്ഞുനിന്നു.

ഞാനെന്താണു വേണ്ടത് ലൂസിയ സ്ത്രീയോടു ചോദിച്ചു. അടുത്ത ആറു മാസത്തേക്ക് എല്ലാമാസവും പതിമ്മൂന്നാം തീയതി ഇതേ സമയത്ത് നിങ്ങളിവിടെ വരണം. ഞാനാരാണെന്നും എന്താണു ഞാനാഗ്രഹിക്കുന്നതെന്നും പിന്നീടു പറയാം. ഏഴാമതൊരു പ്രാവശ്യംകൂടി ഞാനിവിടെ വരും. സ്വർഗത്തിൽനിന്നെത്തിയ ആളോടു ചോദിക്കേണ്ടത് എന്തെന്ന് ലൂസിയയ്ക്കു സംശയമുണ്ടായിരുന്നില്ല. ഞാൻ സ്വർഗത്തിൽ പോകുമോ. ഉവ്വ്. പോകും, സ്വർഗത്തിൽനിന്നുള്ള സ്ത്രീ പറഞ്ഞു. ജസീന്ത പോകുമോ ലൂസിയ വീണ്ടും ചോദിച്ചു. ജസീന്തയും, സ്ത്രീ പറഞ്ഞു.

ഫ്രാൻസിസ്കോയോ ഫ്രാൻസിസ്കോയും പോകും, കുഞ്ഞേ. പക്ഷേ അതിനു മുന്പ് ആ കുട്ടി ഏറെ ജപമാലകൾ ചൊല്ലണം. ഫ്രാൻസിസ്കോയുടെ മുഖത്തേക്കു സ്ത്രീരൂപം അനുകന്പയോടെയും അല്പം ദുഃഖത്തോടെയും നോക്കിനിന്നു. ലൂസിയ പിന്നെയും ചോദിച്ചു: മരിയ നെവിസ് സ്വർഗത്തിലുണ്ടോ
ഉണ്ട്.
അമേലിയയോ
അമേലിയ ശുദ്ധീകരണസ്ഥലത്താണ്.
സ്വർഗത്തിൽനിന്നുള്ള സ്ത്രീ കുട്ടികളോടു ചോദിച്ചു: നിങ്ങൾ നിങ്ങളെ ദൈവത്തിനു സമർപ്പിക്കുമോ ദൈവം അയയ്ക്കുന്ന കഷ്ടതകൾ ദൈവത്തിനെതിരേയുള്ള പാപങ്ങൾക്കു പരിഹാരമായും പാപികളുടെ മാനസാന്തരത്തിനുവേണ്ടിയും നിങ്ങൾ സഹിക്കുമോ
ഉവ്വ്. ഉവ്വ്. ഉവ്വ്, ലൂസിയ പറഞ്ഞു.

നിങ്ങൾ വളരെ സഹിക്കേണ്ടിവരും. പക്ഷേ ദൈവത്തിൻറെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കും. ദൈവകൃപ നിങ്ങളെ ശക്തിപ്പെടുത്തും. സ്വർഗത്തിൽനിന്നുള്ള സ്ത്രീ തൻറെ കൈകൾ വിടർത്തി. ആ കൈകളിൽനിന്ന് ഒഴുകിയ സ്വർഗീയ പ്രകാശത്തിൽ കുട്ടികൾ മുങ്ങി. മൂവരും മുട്ടുകുത്തി നിലത്തു കുന്പിട്ടു പ്രാർഥിച്ചു: പരിശുദ്ധ ത്രിത്വമേ, ഞങ്ങൾ ആരാധിക്കുന്നു. ദൈവമേ, ദിവ്യകാരുണ്യത്തിൽ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു.

അവർ തലയുയർത്തിയപ്പോൾ സ്ത്രീ പറഞ്ഞു:ലോകത്തിൽ സമാധാനം ഉണ്ടാകുന്നതിനുവേണ്ടിയും യുദ്ധം അവസാനിക്കുന്നതിനായും ദിവസവും ജപമാല ചൊല്ലണം. സ്ത്രീരൂപം മെല്ലെ ഉയർന്ന് കിഴക്കേ ദിശയിൽ നീങ്ങി ആകാശത്തേക്ക് ഉയർന്നുയർന്ന് അപ്രത്യക്ഷമായി. ആ രൂപത്തെ വലയം ചെയ്തിരുന്ന പ്രകാശം ഒരു നക്ഷത്രം പോലെ ആകാശത്തൊരു നിമിഷം തങ്ങിയശേഷം അതും മാഞ്ഞു.

ആരോടും പറയാതെ

മാലാഖയെ കണ്ടശേഷം കുട്ടികളിൽ ഒരു കനം തൂങ്ങിയിരുന്നെങ്കിൽ ഈ ദർശനത്തിനുശേഷം കുട്ടികളിൽ ആനന്ദം നിറയുകയാണു ചെയ്തത്. പക്ഷേ സംഭവത്തെക്കുറിച്ച് ആരോടും യാതൊന്നും പറയരുതെന്നു ലൂസിയ മറ്റു രണ്ടുപേർക്കും ഉപദേശം നൽകി. എന്തെന്നില്ലാത്ത ആനന്ദം ഹൃദയത്തിൽ നിറഞ്ഞുനിന്നെങ്കിലും ലൂസിയയും ഫ്രാൻസിസ്കോയും ആരോടും അതെക്കുറിച്ച് ഒന്നും പറഞ്ഞില്ല. പക്ഷേ ജസീന്തയ്ക്കു പിടിച്ചുനിൽക്കാനായില്ല. അവൾ അമ്മയോടു സംഭവം പറഞ്ഞു. പക്ഷേ ജസീന്ത കള്ളം പറയുകയാണെന്നാണ് അമ്മയ്ക്കു തോന്നിയത്. സഹോദരങ്ങൾ അവളെ കളിയാക്കി.

എന്നാൽ ഉറച്ച വിശ്വാസിയായ പിതാവ് അവളെ അവിശ്വസിച്ചില്ല. തൻറെ മക്കൾ കള്ളം പറയില്ലെന്നു ടീ മാർത്തോയ്ക്ക് അറിയാം. ജസീന്ത അങ്ങനെ പറയുന്നെങ്കിൽ അതു സത്യംതന്നെ എന്ന് അദ്ദേഹം വിശ്വസിച്ചു. ഫാത്തിമാ ദർശനത്തിൻറെ ആദ്യത്തെ വിശ്വാസി ടീ മാർത്തോയാണ്. ജസീന്ത പറഞ്ഞ കഥ ലൂസിയയുടെ അമ്മയുടെ കാതിലെത്തി. അവർ മകളെ ചോദ്യം ചെയ്തു. ലൂസിയയുടെ വിവരണം അവൾ മെനഞ്ഞുണ്ടാക്കിയ കള്ളക്കഥയാണെന്ന് അവർ വിശ്വസിച്ചു. ദൈവദൂഷണം ഏറ്റുപറഞ്ഞു ദൈവത്തോടു മാപ്പിരക്കാൻ അവർ മകളോട് ആവശ്യപ്പെട്ടു. എന്നാൽ അവൾ താൻ പറഞ്ഞതിൽ ഉറച്ചുനിന്നു. അമ്മയ്ക്കു കലിയായി. പത്തുവയസുകാരി ഒരു ഉളുപ്പുമില്ലാതെ ദൈവദൂഷണം പറയുന്നു! വീട്ടിൽ ബഹളമായി. ലൂസിയയുടെ പിതാവാകട്ടെ തികഞ്ഞ നിസംഗതയിലായിരുന്നു. ദൈവികകാര്യങ്ങളിൽ വലിയ താത്പര്യമൊന്നുമില്ലാത്ത അദ്ദേഹം, മകളൊരു കഥ കെട്ടിച്ചമച്ചതിൽ എന്തിത്ര പരവശപ്പെടാൻ എന്ന നിലപാടിലായിരുന്നു.

ലൂസിയയുടെ അമ്മ അവളെ വികാരിയച്ചൻറെ പക്കൽ കൊണ്ടുപോയി, അവളുടെ ദൈവദൂഷണത്തെക്കുറിച്ചു പറഞ്ഞു. വികാരിയച്ചൻ ഉപദേശിച്ചിട്ടും ലൂസിയ തൻറെ കഥ മാറ്റിയില്ല. അതോടെ, മകൾ നന്നാകാൻ പോകുന്നില്ലെന്ന് അമ്മയ്ക്ക് ഉറപ്പായി. ജൂണ്‍ 13 ആയപ്പോഴേക്കും രണ്ടു വീട്ടുകാരും കഥ ഏറക്കുറെ വിട്ടുകളഞ്ഞിരുന്നു. എന്നാൽ ലൂസിയയും ഫ്രാൻസിസ്കോയും ജസീന്തയും തങ്ങൾ കാത്തിരുന്ന ആ തീയതിയിൽ ഫാത്തിമയിലെ കോവയിൽ എത്തി. കുട്ടികൾ പറയുന്നതിൽ എന്തെങ്കിലും കഥയുണ്ടോയെന്നു പരിശോധിക്കണമെന്നു തോന്നിയ ചിലർ അവിടെ എത്തിക്കഴിഞ്ഞിരുന്നു. കുട്ടികൾ ജപമാല ചൊല്ലിയപ്പോൾ അവരും കൂടെച്ചേർന്നു.

ജപമാല പൂർത്തിയായപ്പോൾ ഒരു മിന്നൽ തങ്ങളെ സമീപിക്കുന്നതായി കുട്ടികൾ മൂവരും കണ്ടു. കഴിഞ്ഞ പ്രാവശ്യത്തെ അതേ ഓക്ക് മരത്തിനു മുകളിൽ സ്വർഗീയാംഗനയുടെ രൂപം പ്രത്യക്ഷപ്പെട്ടു. ലൂസിയ ചോദിച്ചു: ഞങ്ങൾ എന്തു ചെയ്യണമെന്നു പറഞ്ഞുതരുമോ അടുത്ത മാസവും പതിമ്മൂന്നിനു നിങ്ങൾ ഇവിടെ വരണം. ഇപ്പോൾ ചെയ്യുന്നതുപോലെ എല്ലാ ദിവസവും കൊന്ത ചൊല്ലണം. ഓരോ രഹസ്യത്തിനും ശേഷം ഇത്രയും കൂടി പ്രാർഥിക്കണം: എന്‍റീശോയേ, ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. നരകാഗ്നിയിൽനിന്നു ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ച് അങ്ങയുടെ കാരുണ്യം ഏറ്റവും ആവശ്യമുള്ളവരെ, സ്വർഗത്തിലേക്ക് ആനയിക്കേണമേ.... നിങ്ങൾ എഴുത്തും വായനയും പഠിക്കണം. വേറെ എന്തുവേണമെന്നതു പിന്നീടു ഞാൻ പറയും.
ഞങ്ങളെ സ്വർഗത്തിലേക്കു കൊണ്ടുപോകാമോ ലൂസിയ ചോദിച്ചു.
ഫ്രാൻസിസ്കോയെയും ജസീന്തയെയും ഉടനേ കൊണ്ടുപോകും. ലൂസിയ കുറെക്കാലം കൂടി ഇവിടെ കഴിയണം. നീവഴി ഭൂമിയിൽ ഞാൻ അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നു. എൻറെ അമലോദ്ഭവ ഹൃദയത്തോടു ലോകത്തിൽ നീ ഭക്തി പരത്തണമെന്നും ഈശോ ആഗ്രഹിക്കുന്നു. ഞാൻ തനിയേ ഈ ലോകത്തിൽ കഴിയണമെന്നോ ലൂസിയ ഉത്കണ്ഠപ്പെട്ടു. തനിയേ അല്ല, കുഞ്ഞേ. നീ ദുഃഖിക്കരുത്. എന്നും ഞാൻ നിൻറെ കൂടെ ഉണ്ടാവും. എൻറെ അമലോദ്ഭവ ഹൃദയം നിൻറെ ആശ്വാസവും ദൈവത്തിലേക്കുള്ള വഴിയും ആയിരിക്കും.

തുടർന്ന്, സ്വർഗീയാംഗന തൻറെ കൈകൾ വിരിക്കുകയും ആ കൈപ്പത്തികളിൽനിന്നു തീവ്രമായ പ്രകാശം പുറപ്പെടുകയും ചെയ്തു. വലതു കൈപ്പത്തിയിൽ, മുള്ളുകൾ കുത്തിയിറങ്ങിയ ഒരു ഹൃദയം കാണപ്പെട്ടു. മനുഷ്യരുടെ പാപങ്ങളാൽ മുറിവേറ്റ അമലോദ്ഭവ ഹൃദയമാണതെന്നു കുട്ടികൾക്കു തോന്നലുണ്ടായി.
പിന്നീട്, കഴിഞ്ഞ തവണത്തേതുപോലെ ആ രൂപം ഉയർന്ന് ആകാശത്തിൻറെ അനന്തതയിൽ മറഞ്ഞു.

ദർശനത്തിനു നാന്ദിയായ മിന്നൽ അവിടെ കൂടിയിരുന്നവരും കണ്ടിരുന്നു. സൂര്യൻ മങ്ങിയതായി ചിലർക്കു തോന്നി. മേഘങ്ങളിൽ ചില വ്യത്യാസങ്ങളും ചിലർ ശ്രദ്ധിച്ചു. മറ്റൊന്നും കുട്ടികളല്ലാതെ ആരും കാണുകയോ കേൾക്കുകയോ ചെയ്തില്ല. എന്നാൽ അവിടെ എന്തൊക്കെയോ സംഭവിച്ചതായി എല്ലാവർക്കും തോന്നി.
പക്ഷേ ജൂലൈ 13 പുലർന്നപ്പോൾ കുട്ടികൾക്കു ഫാത്തിമയിലേക്കു പോകാതിരിക്കാൻ കഴിയില്ലെന്നായി. എന്തോ ഒന്ന് അവരെ അവിടേക്കു വലിച്ചു. അവർ കോവയിൽ എത്തിയപ്പോഴേക്കും കുറെയേറെ ആളുകൾ അവിടെ എത്തിക്കഴിഞ്ഞിരുന്നു. സ്വർഗീയാംഗനയോട് അപേക്ഷിക്കാൻ പല ആവശ്യങ്ങളും അവർ കുട്ടികളെ ഏൽപ്പിച്ചു.

പതിവു സമയത്തു തന്നെ, പഴയ സ്ഥലത്ത്, അതേ രീതിയിൽ ദർശനം ഉണ്ടായി. ഇത്തവണയും സംസാരിച്ചതു ലൂസിയ മാത്രം. തങ്ങൾ എന്തു ചെയ്യണമെന്ന അവളുടെ ചോദ്യത്തിനു മറുപടി ഇങ്ങനെ: അടുത്തമാസവും 13-ന് ഇവിടെ വരണം. യുദ്ധം അവസാനിക്കുന്നതിനും ലോകത്തു സമാധാനം ഉണ്ടാകുന്നതിനും വേണ്ടി ജപമാലയുടെ മാതാവിൻറെ പേരിൽ എല്ലാ ദിവസവും ജപമാല എത്തിക്കണം. അവൾക്കു മാത്രമേ അതു സാധ്യമാവൂ.

പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ആരാണെന്നറിയാൻ ആഗ്രഹിക്കുന്നുവെന്നും എല്ലാവർക്കും കാണത്തക്ക വിധത്തിൽ ഒരു അദ്ഭുതം കാട്ടണമെന്നും ലൂസിയ പറഞ്ഞപ്പോൾ, ഒക്ടോബർ ആവട്ടെ എന്നു മറുപടി.
രോഗശാന്തിക്കുവേണ്ടിയും മറ്റും ലൂസിയ കുറെപ്പേരുടെ പേരുകൾ മുന്നോട്ടുവച്ചപ്പോൾ അവയിൽ ചിലരെ മാത്രം സുഖപ്പെടുത്താമെന്ന് ഉത്തരം കിട്ടി.

പ്രവചനങ്ങൾ

പാപികൾക്കുവേണ്ടി പരിത്യാഗങ്ങൾ ചെയ്യാൻ സ്വർഗീയാംഗന വീണ്ടും ഉപദേശിച്ചു. ഞാൻ പറയുന്നതു നിങ്ങൾ ചെയ്യുകയാണെങ്കിൽ പല ആത്മാക്കളും രക്ഷപ്രാപിക്കും. സമാധാനം ഉണ്ടാവും. ഇപ്പോഴത്തെ യുദ്ധം അവസാനിക്കും. എന്നാൽ, മനുഷ്യർ പാപങ്ങളിൽ തുടരുകയാണെങ്കിൽ കൂടുതൽ ഭയാനകമായ മറ്റൊരു യുദ്ധം പതിനൊന്നാം പീയുസ് മാർപാപ്പയുടെ കാലത്ത് ആരംഭിക്കും. അസാധാരണവും അജ്ഞാതവുമായ പ്രകാശം തെളിയുന്ന ഒരു രാത്രി കാണുന്പോൾ അറിയുക, യുദ്ധവും വിശപ്പും കൊണ്ടു ദൈവം ലോകത്തെ ശിക്ഷിക്കാൻ പോവുകയാണെന്ന്.

സഭയും പരിശുദ്ധപിതാവും പീഡിപ്പിക്കപ്പെടും. എൻറെ ആഗ്രഹങ്ങൾ നിറവേറ്റിയാൽ റഷ്യ മാനസാന്തരപ്പെടുകയും സമാധാനം സ്ഥാപിക്കപ്പെടുകയും ചെയ്യും. ഇല്ലെങ്കിൽ റഷ്യ അവളുടെ തെറ്റുകൾ ലോകമാകെ പരത്തുകയും പുതിയ യുദ്ധങ്ങളും സഭാപീഡനവും ഉണ്ടാവുകയും ചെയ്യും. നല്ലവർ രക്തസാക്ഷികളാക്കപ്പെടും. പരിശുദ്ധപിതാവ് ഏറെ സഹിക്കേണ്ടിവരും. ചില രാജ്യങ്ങൾ ഇല്ലാതാകും. എന്നാൽ, അവസാനം എൻറെ അമലോദ്ഭവ ഹൃദയം വിജയിക്കും. റഷ്യ മാനസാന്തരപ്പെടുകയും ലോകത്തു സമാധാനത്തിൻറെ കാലഘട്ടം വരുകയും ചെയ്യും... ഇക്കാര്യങ്ങൾ നിങ്ങൾ ഫ്രാൻസിസ്കോയോടല്ലാതെ ആരോടും പറയരുത്. പഴയ മട്ടിൽത്തന്നെ സ്വർഗീയാംഗന ആകാശത്തു മറഞ്ഞു. ദർശനത്തെക്കുറിച്ച് ആളുകൾ ചോദിച്ച ചോദ്യങ്ങൾക്കൊന്നും കുട്ടികൾ മറുപടി കൊടുത്തില്ല.

ദർശനത്തിനിടയിൽ ലൂസിയ നിലവിളിച്ചതെന്തിന് എന്നു പലരും അന്വേഷിച്ചു. താൻ നിലവിളിച്ചതായി ലൂസിയയ്ക്ക് ഓർമയുണ്ടായിരുന്നില്ല. എന്നാൽ, നരകദർശനവേളയിൽ നിലവിളിച്ചിരിക്കാമെന്നു ലൂസിയയ്ക്കു തോന്നിയെങ്കിലും തങ്ങൾ കണ്ടതോ കേട്ടതോ ആയ കാര്യങ്ങളൊന്നും കുട്ടികൾ ആരോടും വെളിപ്പെടുത്തിയില്ല.
കുട്ടികൾ കണ്ടതും അറിഞ്ഞതും എന്തെന്നറിയാൻ അവരുടെ കുടുംബാംഗങ്ങളും അയൽക്കാരും വൈദികരുമൊക്കെ നടത്തിയ ശ്രമങ്ങൾ വിഫലമായതേയുള്ളൂ. സർക്കാരാകട്ടെ കടുത്ത സന്ധാവിരുദ്ധ നിലപാടുള്ളതായിരുന്നു. ഫാത്തിമയിലെ ദർശനം കെട്ടുകഥയോ മതിന്ധ്രമമോ ആണെന്നു വരുത്താൻ അവർ എല്ലാ ശ്രമവും നടത്തി. തങ്ങൾ കള്ളംപറഞ്ഞതാണെന്നു കുട്ടികളെക്കൊണ്ട് ഏറ്റുപറയിക്കാൻ പോലീസ് ഏറെ ശ്രമിച്ചു.

ഓഗസ്റ്റ് 13നു പുലർച്ചയ്ക്കു ജില്ലാ മേയർ കുട്ടികളുടെ വീടുകളിലെത്തി. ഇടവക വികാരി കുട്ടികളെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തൻറെ വാഹനത്തിൽ അവരെ അവിടെ എത്തിക്കാമെന്നും പറഞ്ഞ് മേയർ അവരെ കൊണ്ടുപോയി. എന്നാൽ കുട്ടികളെ ജില്ലാ ആസ്ഥാനത്തെത്തിച്ച് അവരെ ഭീഷണിപ്പെടുത്തുകയും അവർ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ കസ്റ്റഡിയിലെടുക്കുകയുമാണു ചെയ്തത്. അതറിയാതെ ഫാത്തിമയിലെ കോവയിൽ എത്തിയ ആൾക്കൂട്ടം ഉച്ചസമയത്ത് കഴിഞ്ഞമാസം 13-ലേതു പോലുള്ള മാറ്റങ്ങൾ ആകാശത്തു കണ്ടു മടങ്ങി. യഥാർഥത്തിൽ ദർശനം നടന്നില്ലെന്നത് അവർ അറിഞ്ഞില്ല.

രണ്ടുദിവസം കഴിഞ്ഞാണു കുട്ടികളെ മേയർ തിരിച്ചുകൊണ്ടുവന്നത്. കുട്ടികളുമായി വന്ന മേയറും ഡ്രൈവറും രോഷാകുലരായ നാട്ടുകാരുടെ കൈയിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ഓഗസ്റ്റ് 19നു വൈകുന്നേരം നാലിനു ലൂസിയയും ഫ്രാൻസിസ്കോയും വലിൻഹോ എന്ന സ്ഥലത്ത് ആടുകളുമായി നടക്കുന്പോൾ, ദർശനമുണ്ടാകാൻ പോകുന്നതായി ലൂസിയയ്ക്കു പെട്ടെന്നു തോന്നി. ഉടനേ അവൾ ജസീന്തയെ വരുത്തി. ജസീന്ത എത്തിയയുടൻ പതിവുപോലുള്ള അടയാളങ്ങളോടെ ദിവ്യദർശനമുണ്ടായി.

തീർഥാടകരിൽനിന്നു കിട്ടിയിരിക്കുന്ന പണം എന്തു ചെയ്യണമെന്നു ലൂസിയ ചോദിച്ചപ്പോൾ ഇടവകപ്പള്ളിയിലേക്കു ചില വസ്തുക്കൾ വാങ്ങിക്കൊടുക്കുകയും ബാക്കിയുള്ള പണം കോവയിലെ ദർശന സ്ഥലത്തു ചാപ്പൽ പണിയുവാനായി സൂക്ഷിക്കുകയും ചെയ്യാൻ ഉപദേശമുണ്ടായി. സുഖപ്പെടുത്തേണ്ട ചില രോഗികളുടെ പേരുകൾ ലൂസിയ പറഞ്ഞപ്പോൾ അവരിൽ ചിലരെ മാത്രം ഒരുവർഷത്തിനുള്ളിൽ സുഖപ്പെടുത്താമെന്നേറ്റു. ഇതിനകം പോർച്ചുഗലിലെങ്ങും ഫാത്തിമാ ദർശനങ്ങൾ പ്രസിദ്ധമായിരുന്നു. സെപ്റ്റംബർ 13-ലെ ദർശനം കാണാൻ മുപ്പതിനായിരത്തിലേറെപ്പേർ കോവയിൽ എത്തി.




സമാധാനത്തിനു ജപമാല

കുട്ടികൾ മാസങ്ങളായി ചെയ്തുവരുന്ന പരിത്യാഗങ്ങളിൽ ദൈവം സംപ്രീതനാണെന്ന് അന്നത്തെ ദർശനത്തിൽ സ്വർഗീയാംഗന പറഞ്ഞു. യുദ്ധം അവസാനിക്കുന്നതിനുവേണ്ടി ജപമാല തുടരണം. യുദ്ധം താമസിയാതെ അവസാനിക്കും. അടുത്തമാസത്തെ ദർശനത്തിൽ നമ്മുടെ കർത്താവും വ്യാകുലമാതാവും ഉണ്ണിയേശുവുമായി വിശുദ്ധ യൗസേഫും സന്നിഹിതരാകും.

ലൂസിയ നിർദേശിച്ച രോഗികളിൽ കുറെപ്പേരെ സുഖപ്പെടുത്താമെന്നും അടുത്ത ദർശനത്തിൽ എല്ലാവർക്കും കാണത്തക്ക അദ്ഭുതം കാട്ടാമെന്നും വാഗ്ദാനം ചെയ്തു സ്വർഗീയാംഗന മറഞ്ഞു. ഒക്ടോബർ 12 രാത്രി മുതൽ വലിയ മഴ പെയ്തുകൊണ്ടിരുന്നു. ഫാത്തിമയിലെ കോവയിലേക്കുള്ള ഇടുങ്ങിയ പാത ചെളിയിൽ ആണ്ടിരുന്നുവെങ്കിലും പ്രഭാതം മുതൽ കോവയിലേക്ക് ആളുകൾ പ്രവഹിച്ചു. നടന്നും ചെറിയ വണ്ടികളിലുമാണ് ആളുകൾ എത്തിക്കൊണ്ടിരുന്നത്. വിശ്വാസികൾ മാത്രമല്ല അവിശ്വാസികളും പത്രക്കാരും ജിജ്ഞാസുക്കളും ശാസ്ത്രകുതുകികളും ഒക്കെ എത്തുന്നുണ്ടായിരുന്നു. മഴയിൽനിന്നു രക്ഷപ്പെടാൻ മിക്കവരും ഹാറ്റ് ധരിച്ചിരുന്നു. ഉച്ചയടുത്തപ്പോഴാണു മഴ നിലച്ചത്.

ആളുകളുടെ വാച്ചുകളിൽ പന്ത്രണ്ടു മണിയായിട്ടും ദർശനമുണ്ടായില്ല. പക്ഷേ അതു രാജ്യത്തിൻറെ ഒൗദ്യോഗിക സമയമായിരുന്നു. ആളുകളുടെ തലയ്ക്കു നേർമുകളിൽ സൂര്യൻ എത്തിയപ്പോൾ പതിവു രീതിയിൽ കുട്ടികൾക്കു ദിവ്യദർശനമുണ്ടായി. തൻറെ പേരിൽ ആ സ്ഥലത്ത് ഒരു ചാപ്പൽ പണിയണമെന്നും എല്ലാദിവസവും കൊന്ത ചൊല്ലണമെന്നും യുദ്ധം ഉടനേ അവസാനിക്കുമെന്നും സ്വർഗീയാംഗന അവരോടു പറഞ്ഞു. എന്താണു പേരെന്നു പറയുമോ ലൂസിയ ചോദിച്ചു.
ഞാൻ ജപമാലയുടെ മാതാവാണ്.
ആളുകൾ നല്കിയിരുന്ന അപേക്ഷകൾ ലൂസിയ മാതാവിൻറെ മുന്നിൽ സമർപ്പിച്ചു.
ചിലതു നിറവേറ്റാം. ചിലതു നിറവേറ്റില്ല. ആളുകൾ ജീവിതത്തിൽ മാറ്റം വരുത്തുകയും പാപങ്ങൾക്കു മാപ്പപേക്ഷിക്കുകയും ചെയ്യണം. കർത്താവിനെ ഇനി മുറിവേൽപ്പിക്കരുത്. ഇപ്പോൾത്തന്നെ ഏറെ മുറിവേൽപ്പിച്ചുകഴിഞ്ഞു, മാതാവ് പറഞ്ഞു.

മാതാവു പതിവുപോലെ ആകാശത്തേക്കു കിഴക്കു ദിശയിൽ ഉയരുന്പോൾ കൈത്തലങ്ങൾ ആകാശത്തേക്കുയർത്തി. മഴനിലച്ചിരുന്നുവെങ്കിലും ആകാശത്തു കാർമേഘങ്ങൾ നിറഞ്ഞിരുന്നു. മാതാവ് കൈകൾ ഉയർത്തിയതോടെ പെട്ടെന്നു സൂര്യൻ കാർമേഘങ്ങൾക്കു പിന്നിൽനിന്നു പുറത്തുവന്നു. പക്ഷേ അത് എന്നും കാണുന്ന ജ്വലിക്കുന്ന സൂര്യനായിരുന്നില്ല. ഒരു വെള്ളിത്തളികപോലെ അതിലേക്ക് ആർക്കും ഉറ്റുനോക്കാമായിരുന്നു. ആ സൂര്യൻ കറങ്ങുന്നുമുണ്ടായിരുന്നു.
സൂര്യനെ നോക്കൂ! ലൂസിയ വിളിച്ചുപറഞ്ഞു.
അപ്പോഴാണ് ആളുകൾ സൂര്യനെ ശ്രദ്ധിച്ചത്. സൂര്യൻറെ നിറംമാറ്റം അവരെ അദ്ഭുതപ്പെടുത്തി. പൂർണചന്ദ്രനെയെന്നവണ്ണം ഇപ്പോൾ സൂര്യനെ നോക്കിനിൽക്കാം. സൂര്യൻ നൃത്തം ചെയ്യുന്നതുപോലെ.
മിനിറ്റുകൾക്കുള്ളിൽ സൂര്യൻ പൂർവസ്ഥിതിയിലായപ്പോഴാണ് ആളുകൾക്ക് ആശ്വാസമായത്. ആ സൗര പ്രതിഭാസം എട്ടോ പത്തോ മിനിറ്റുമാത്രമേ നീണ്ടുനിന്നുള്ളൂ.

ആ സമയം ലൂസിയയും ജസീന്തയും ഫ്രാൻസിസ്കോയും കണ്ടുകൊണ്ടിരുന്നതു മറ്റൊരു ദൃശ്യമാണ്. ജപമാല രാജ്ഞി ആകാശത്തു മറഞ്ഞതിനെത്തുടർന്നു കൈയിൽ ഉണ്ണിയേശുവുമായി വിശുദ്ധ യൗസേഫും വെളുത്ത കുപ്പായത്തിനുമേൽ നീല മേലങ്കിയണിഞ്ഞു പരിശുദ്ധ മാതാവും ആകാശത്തു പ്രത്യക്ഷപ്പെടുന്നതായാണ് അവർ കണ്ടത്. ഉണ്ണിയേശുവും യൗസേഫ് പിതാവും കുരിശിൻറെ ആകൃതിയിൽ കൈകൾ ചലിപ്പിച്ചു ലോകത്തെ അനുഗ്രഹിച്ചു. അതിനുശേഷം യേശുവും വ്യാകുലമാതാവും ചേർന്നു പ്രത്യക്ഷരായി ലോകത്തെ അനുഗ്രഹിച്ചു.
അതാണ് ലൂസിയ ജസീന്ത ഫ്രാൻസിസ്കോമാർക്കുണ്ടായ അവസാനത്തെ ദിവ്യദർശനം.

അസാധാരണ മാറ്റങ്ങൾ

സൂര്യൻറെ അസാധാരണ പ്രകടനങ്ങൾ കോവയിലും പരിസരത്തുമായി എഴുപതിനായിരംപേർ കണ്ടുവെന്നാണു കരുതുന്നത്. നാല്പതു കിലോമീറ്റർ അകലെ ചിലരും ആകാശത്തു ചില അസാധാരണതകൾ ശ്രദ്ധിച്ചുവെങ്കിലും അവ അവരെ അദ്ഭുതപ്പെടുത്താൻ പോന്നതായില്ല. കോവയിൽ അദ്ഭുത പ്രതിഭാസത്തിനു സാക്ഷ്യംവഹിച്ച പല അവിശ്വാസികളും വിശ്വാസികളായിത്തീർന്നു. ഫാത്തിമയിലെ രണ്ടു പള്ളികളിലും പ്രാർഥിച്ചശേഷമാണു മിക്കവരും ഗ്രാമംവിട്ടത്.

ദിവ്യദർശനങ്ങൾ പൂർത്തിയായി ഏതാനും മാസങ്ങൾക്കുശേഷം ഫ്രാൻസിസ്കോ സ്കൂളിൽ ചേർന്നു. പക്ഷേ, പല ദിവസങ്ങളിലും സ്കൂളിൽ പോകാതെ പള്ളിയിൽ സക്രാരിക്കുമുന്നിൽ കഴിച്ചുകൂട്ടുകയാണു ചെയ്തത്. ആരായിത്തീരാനാണ് ആഗ്രഹമെന്നു ചിലർ ചോദിച്ചപ്പോൾ ഫ്രാൻസിസ്കോ മറുപടി പറഞ്ഞത്, എനിക്ക് ആരുമായിത്തീരേണ്ട. എനിക്കു മരിച്ചു സ്വർഗത്തിൽ പോകണം എന്നാണ്.

ഫ്രാൻസികോയുടെയും ജസീന്തയുടെയും മരണം

ജപമാല മാതാവു പറഞ്ഞതുപോലെ, ഒന്നാം ലോകയുദ്ധം പിറ്റേവർഷം (1918) അവസാനിച്ചു. ആ വർഷം ഓഗസ്റ്റിൽ ഫ്രാൻസിസ്കോയ്ക്കും ജസീന്തയ്ക്കും ഇൻഫ്ളുവൻസ ബാധിച്ചു. രോഗമുക്തനായിട്ടും ഫ്രാൻസിസ്കോയ്ക്കു പഴയ ആരോഗ്യം തിരിച്ചുകിട്ടിയില്ല. 1919 ഏപ്രിൽ ആദ്യം ആ പതിനൊന്നുകാരൻ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു. ഏപ്രിൽ നാലിനു ഫ്രാൻസിസ്കോ താൻ ആഗ്രഹിച്ചിരുന്നിടത്തേക്കു യാത്രയായി, ചെറിയൊരു പുഞ്ചിരിയോടെ. ഫാത്തിമയിലെ ഇടവക ദേവാലയത്തിൻറെ സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. പിന്നീടു ദിവ്യദർശനസ്ഥലത്തു പള്ളി നിർമിക്കപ്പെട്ടപ്പോൾ ഫ്രാൻസിസ്കോയുടെ ഭൗതികാവശിഷ്ടങ്ങൾ അവിടേക്കു മാറ്റി.

ദിവ്യദർശനങ്ങൾക്കുശേഷം ജസീന്ത മിക്കപ്പോഴും പ്രാർഥനയിലാണു കഴിഞ്ഞിരുന്നത്. തങ്ങൾക്കുവേണ്ടി പ്രാർഥിക്കണമെന്നാവശ്യപ്പെട്ടു പലരും ജസീന്തയെ സമീപിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ കാട്ടിൽ അകപ്പെട്ടുപോയ ഒരാളുടെ രക്ഷയ്ക്ക് അയാളുടെ ബന്ധുക്കൾ ജസീന്തയുടെ പ്രാർഥനാസഹായം തേടി. ജസീന്ത വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. കാട്ടിലകപ്പെട്ടയാൾ തത്സമയം ജസീന്തയെ തൻറെയരികിൽ കാണുകയും അവളുടെ കൈപിടിച്ചു കാടിനു പുറത്തു കടക്കുകയും ചെയ്തതായി ഒരു കഥയുണ്ട്.

ജസീന്തയ്ക്ക് ഇൻഫ്ളുവൻസ ബാധിച്ചപ്പോൾ വീട്ടുകാർ അവളെ ആശുപത്രിയിലാക്കി. ജസീന്ത രണ്ട് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുമെങ്കിലും രോഗം സുഖപ്പെടില്ലെന്നു പരിശുദ്ധ മാതാവു പറഞ്ഞിരുന്നതുപോലെ സംഭവിച്ചു. രണ്ടാമതായി ജസീന്ത പ്രവേശിപ്പിക്കപ്പെട്ടതു ലിസ്ബണിലെ ഒരു അനാഥാലയത്തോടു ചേർന്നുള്ള ആശുപത്രിയിലാണ്. ജസീന്തയ്ക്കു ക്ഷയരോഗമാണെന്നു കണ്ടെത്തിയെങ്കിലും ചികിത്സ ഫലപ്പെട്ടില്ല. രോഗക്കിടക്കയിൽ ഇരുന്നുകൊണ്ടു പള്ളിയിലെ ദിവ്യബലിയിൽ പങ്കുകൊള്ളാമെന്നതായിരുന്നു അവളുടെ സന്തോഷം. ആശുപത്രിയിൽനിന്ന് 1920 ഫെബ്രുവരി 20-നു പത്താം വയസിൽ ജസീന്ത യേശുവിൻറെയും പരിശുദ്ധ മാതാവിൻറെയും നിത്യവസതിയിലേക്കു താമസം മാറി. ദിവ്യദർശനസ്ഥലത്തു പിന്നീടു നിർമിക്കപ്പെട്ട ദേവാലയത്തിലാണു ജസീന്തയുടെയും ഭൗതികാവശിഷ്ടങ്ങൾ ഇപ്പോഴുള്ളത്.

ഏഴാമത്തെ ദർശനം

ഫ്രാൻസിസ്കോയുടെയും ജസീന്തയുടെയും മരണശേഷം 1920-ൽ ലൂസിയയ്ക്കു പരിശുദ്ധ മാതാവിൻറെ ഒരു ദർശനംകൂടിയുണ്ടായി. മുൻപു മാതാവു നിർദേശിച്ചിരുന്നതുപോലെ വിദ്യാഭ്യാസം നേടാൻ തീരുമാനിച്ച ലൂസിയ കുറെയകലെയൊരു ബോർഡിംഗ് സ്കൂളിലേക്കു താമസം മാറ്റുന്നതിനുമുന്പ് ഫാത്തിമയിലെ കോവയിൽ പ്രാർഥിക്കാൻ എത്തിയപ്പോഴാണ് ഏഴാമത്തെ ദിവ്യദർശനം ഉണ്ടായത്. ജീവിതം പൂർണമായി കർത്താവിനുവേണ്ടി സമർപ്പിക്കണമെന്നു ലൂസിയയോടു പരിശുദ്ധ മാതാവ് ആവശ്യപ്പെട്ടു.

ലൂസി മഠത്തിലേക്ക്

1925 ഒക്ടോബറിൽ ലൂസിയ സ്പെയിനിലെ ടൂയിയിൽ സിസ്റ്റേഴ്സ് ഓഫ് സെൻറ് ഡൊറോത്തി എന്ന സന്യാസിനീസഭയിൽ ചേർന്നു. 1928-ൽ പ്രഥമ വ്രതവാഗ്ദാനം. 1934-ൽ നിത്യവ്രതവാഗ്ദാനം നടത്തുകയും വ്യാകുലമാതാവിൻറെ മേരി എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1930 ഒക്ടോബർ 13-ന് ലെയ്റിയ - ഫാത്തിമയിലെ ബിഷപ്, ഫാത്തിമയിൽ മൂന്നു കുട്ടികൾക്കുണ്ടായ ദർശനങ്ങൾ വിശ്വാസയോഗ്യമായി പ്രഖ്യാപിക്കുകയും ജപമാലയുടെ മാതാവിനു പരസ്യമായ വണക്കം അനുവദിക്കുകയും ചെയ്തു.

കർമലീത്താ സഭാംഗം

1946-ൽ ലൂസിയ കൂടുതൽ ധ്യാനാത്മകമായ ജീവിതത്തിനുവേണ്ടി കോയിംബ്രയിലെ സെൻറ് തെരേസ കർമലീത്ത മഠത്തിലേക്കു മാറി. 1949 മേയ് 31-ന് നിഷ്പാദുക കർമലീത്താ സഭാംഗമായി ചേരുകയും യേശുവിൻറെയും അമലോദ്ഭവഹൃദയത്തിൻറെയും സിസ്റ്റർ മരിയ ലൂസിയ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.

1967-ൽ ഫാത്തിമാ ദർശനത്തിൻറെ 50-ാം വാർഷികത്തിൽ ലൂസിയ ഫാത്തിമയിലെത്തി. പിന്നീട് 1982, 1991 എന്നീ വർഷങ്ങളിൽ ജോണ്‍പോൾ മാർപാപ്പയുടെ സന്ദർശനവേളകളിലും സിസ്റ്റർ ലൂസിയ അവിടെയെത്തി. അവസാനത്തെ ഫാത്തിമാസന്ദർശനം 2000-ൽ ജോണ്‍പോൾ മാർപാപ്പ ജസീന്തയെയും ഫ്രാൻസിസ്കോയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ആയിരുന്നു.

ഓർമകൾ

സിസ്റ്റർ ലൂസിയ രണ്ടു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. 1941-ൽ ഫാത്തിമയിലെ ബിഷപ്പിൻറെ നിർദേശപ്രകാരം എഴുതിയ ഓർമകൾ എന്ന ഗ്രന്ഥത്തിലാണു ലൂസിയ ആദ്യമായി ഫാത്തിമാദർശങ്ങളെക്കുറിച്ച് പരസ്യമായി വിവരണം നടത്തിയത്. ജപമാലരാജ്ഞി തൻറെ മൂന്നാമത്തെ ദർശനത്തിൽ നല്കിയ രഹസ്യങ്ങളിൽ രണ്ടെണ്ണം സിസ്റ്റർ ലൂസിയ വെളിപ്പെടുത്തിയതും ഈ പുസ്തകത്തിലൂടെയാണ്. നരകത്തിൻറെ ദൃശ്യവും റഷ്യയെക്കുറിച്ചുള്ള പ്രവചനവുമായിരുന്നു അവ. മൂന്നാമത്തെ രഹസ്യം സിസ്റ്റർ ലൂസിയ എഴുതി കവറിൽ സീൽ ചെയ്തു ബിഷപ്പിനെ ഏൽപ്പിച്ചു. ബിഷപ്പാകട്ടെ അതു വായിക്കാതെ പന്ത്രണ്ടാം പീയുസ് മാർപാപ്പയ്ക്ക് അയച്ചുകൊടുക്കുകയാണു ചെയ്തത്. 2000-ൽ ജോണ്‍പോൾ മാർപാപ്പയാണു മൂന്നാമത്തെ രഹസ്യം പ്രസിദ്ധപ്പെടുത്തിയത്. ജോണ്‍പോൾ മാർപാപ്പയ്ക്കുനേരേ 1981-ൽ നടന്ന വധശ്രമം പ്രവചിക്കുന്നതായിരുന്നു ആ രഹസ്യം.

ജപമാലയുടെ മാതാവിനോടും മാതാവിൻറെ അമലോദ്ഭവഹൃദയത്തോടുമുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന നിയോഗം ഫാത്തിമാദർശനത്തിൽ ലഭിച്ച ലൂസിയ ജീവിതാന്ത്യംവരെ ആ നിയോഗത്തോടു നീതിപുലർത്തി. 2005 ഫെബ്രുവരി 13-ന് 98 വർഷം നീണ്ട ആ ജീവിതം അവസാനിക്കുന്പോൾ സ്വർഗകവാടത്തിൽ ജപമാലയുടെ രാജ്ഞി പ്രിയമകളെ സ്വീകരിക്കാൻ കാത്തുനിൽക്കുകയായിരുന്നിരിക്കും.

ജോണ്‍ ആന്‍റണി