17,540 അടി ഉയരത്തിൽ അഞ്ജന പാറിച്ചു..,മൂവർണക്കൊടി
17,540 അടി ഉയരത്തിലെ ലഡാക്ക് മഞ്ഞുമലയിൽ പന്തളംകാരി അഞ്ജന ഭാരതത്തിന്‍റെ ത്രിവർണ പതാക പാറിച്ചപ്പോൾ നിശ്ചയദാർഢ്യത്തിന്‍റെ വിജയാവേശമാണ് മുഴങ്ങിയത്. ഇടയ്ക്കെപ്പോഴൊക്കെ പിൻമാറാൻ ആഗ്രഹിച്ചപ്പോഴും മനസിന്‍റെ അടിത്തട്ടിൽ നിന്ന് ഉ‍യർന്നുവന്ന ആവേശം അതാണ് ലഡാക്ക് മലനിരകൾ കീഴടക്കാൻ ഈ 18 കാരിക്ക് ഊർജമായത്. ഏറ്റെടുത്ത വെല്ലുവിളികളിലെ മഞ്ഞുമലകൾ തട്ടിത്തെറിപ്പിച്ച് അഞ്ജനയും കൂട്ടരും മുന്നേറിയത് റിക്കാർഡുകളുടെ പെരുമഴയിലേക്കുമായിരുന്നു.

ഹിമാലയ പർവതനിരകൾ കേട്ടുകേഴ്്‌വിയും പഠനഭാഗങ്ങളിലെ കണ്ടറിവും മാത്രമായിരുന്ന ഒരു പെൺകുട്ടി ഇത്തരത്തിലൊരു നേട്ടം കൈവരിച്ചത് മനക്കരുത്തിന്‍റെ പിൻബലത്തിൽ മാത്രമാണ്. പന്തളം എൻഎസ്എസ് കോളജിൽ എൻസിസി കേഡറ്റായ അഞ്ജന ടി. ചന്ദ്രൻ പക്ഷേ മടിച്ചില്ല. ചെറുപ്പം മുതൽക്കേ എന്തും നേരിടാനുള്ള ഒരു മനസിനുടമയാണ് ഈ കുട്ടിയെന്ന് മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.

ലഡാക്ക് മലനിരകൾ കീഴ്പെടുത്തുന്ന മലയാളിയായ ആദ്യ 18 കാരി എന്ന റിക്കാർഡിനുടമയാണ് ഇന്ന് അഞ്ജന ടി.ചന്ദ്രൻ. 17 വർഷത്തിനുശേഷം കേരളത്തിൽ നിന്ന് ഒരു എൻസിസി കേഡറ്റ് ഈ ദൗത്യം പൂർത്തീകരിച്ചുവെന്നത് മറ്റൊരു നേട്ടം. 18 അംഗ സംഘത്തിൽ ആദ്യം ലഡാക്ക് മലനിര കീഴടക്കിയ നാലുപേരിൽ ഒരാളായി അഞ്ജന മാറിയതും മറ്റൊരു ചരിത്രനേട്ടം.

കഴിഞ്ഞ ജൂലൈ രണ്ടിന് രാത്രിയിലായിരുന്നു തികച്ചും സാഹസികമായിരുന്ന പർവതാരോഹണം. മണാലിയിലെ ക്യാന്പിൽ നിന്നും കയറാനുള്ളത് 17,540 അടി ഉയരം. മഞ്ഞുമൂടിയ പർവതനിരകൾ. ഒരുക്കം തുടങ്ങിയപ്പോൾ ചില വെല്ലുവിളികൾ. അസഹനീയമായ തണുപ്പും ശരീരത്തിന്‍റെ അസ്വസ്ഥതകളും പിന്നിലേക്കു ചിന്തിപ്പിച്ചു. എന്നാൽ ഓഫീസർമാർ നൽകിയ പ്രോത്സാഹനം വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു.

ലഡാക്ക് യാത്രയെക്കുറിച്ച് അഞ്ജന...

ജൂലൈ രണ്ടിനു രാത്രി 12.30ന് 18 അംഗ സംഘം ബേസിക് ക്യാന്പായ മണാലി ലേഡിലേക്കിൽ നിന്നു യാത്ര തുടങ്ങുന്നു. ക്യാപ്റ്റൻ അരുന്ധതി, സൺബേർസിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് പർവതാരോഹണം. സംഘത്തിൽ ഏക മലയാളി ഞാൻ മാത്രം. സംസാരം ഹിന്ദിയിൽ മാത്രം. മറ്റു ഭാഷകൾ ഒന്നും ഉപയോഗിക്കാൻ പാടില്ല. തീവ്രമായ പരിശീലനത്തിലൂടെ ലഭിച്ച അറിവുകൾ കൈമുതലായുണ്ട്. വീട്ടിലേക്കു വിളിച്ച് അമ്മയോടു യാത്ര തുടങ്ങുന്ന വിവരം പറഞ്ഞു. മുകളിലേക്കു കയറിക്കഴിഞ്ഞാൽ പിന്നീട് ആരുമായും ബന്ധപ്പെടാനാകില്ല. പരസ്പരം സന്ദേശങ്ങൾ നൽകാം. യാത്രയിലെ തടസങ്ങൾ കൈമാറാം. ഇതു ക്യാപ്റ്റൻ മുഖാന്തിരം അറിയിച്ച് പരിഹാരങ്ങളുണ്ടാകും. വടവും മഞ്ഞ് വെട്ടിമുറിച്ച് നീങ്ങാനുള്ള ആയുധവും കൈയിലുണ്ട്.

സംരക്ഷണവലയത്തിൽ പ്രത്യേക വസ്ത്രങ്ങൾ, ജാക്കറ്റ്, ഹെൽമറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളോ ടെയുമുള്ള യാത്ര. ആഹാരം ഉൾപ്പെടെയുള്ളവ പുറത്തെ ബാഗിൽ കരുതിയിരുന്നു. മഞ്ഞിൽ നടക്കുന്പോൾ കാൽ വഴുതാതിരിക്കാൻ ക്രബോൺ പിടിപ്പിച്ച ഷൂസും ധരിച്ചിരുന്നു. എന്നാൽ ഇവ ഇടയ്ക്ക് ഷൂസിൽ നിന്ന് ഇളകിപ്പോകുന്നതു ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. മഞ്ഞുമല കയറാനുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിലും പിടിച്ചുകയറുന്പോൾ പാറ അടർന്നു പോകുന്നതും മലകളുടെ ഉറപ്പില്ലാത്ത പ്രതലവും വെല്ലുവിളിയായിരുന്നു. സാധാരണ രീതിയിലുള്ള നടത്തം സാധ്യമായിരുന്നില്ല. മലകയറ്റത്തിനിടെ മഞ്ഞുപ്രതലത്തിന്‍റെ ഉറപ്പ് പരിശോധിക്കാൻ മാർഗങ്ങൾ പരിശീലിപ്പിച്ചിരുന്നത് തുണയായി. ഐസ് ആക്സ് എന്ന ഒരു ആയുധമാണ് ഇതിനായി കൈയിൽ കരുതിയിരുന്നത്. ഇതുപയോഗിച്ച് മഞ്ഞുപ്രതലത്തിൽ കുത്തിനോക്കുന്പോൾ ഉറപ്പ് അറിയാനാകും. കുത്തുന്ന ഭാഗത്തുനിന്ന് നീല വെളിച്ചമാണ് കാണുന്നതെങ്കിൽ മഞ്ഞുപ്രതലം ഉറപ്പ് കുറവുള്ളതായിരിക്കും. ഇത് അപകടമുള്ള പ്രതലമായതിനാൽ വേഗത്തിൽ മാറിനടക്കേണ്ടിവരും. കറുപ്പ് വെളിച്ചമാണ് പുറത്തേക്കുള്ളതെങ്കിൽ പാറയ്ക്കു മുകളിലെ മഞ്ഞാണെന്നു മനസിലാക്കാം. ഇതിലൂടെ കൂടുതൽ സുരക്ഷിതമായി നടന്നു കയറാം. ഇത്തരത്തിൽ നടക്കുന്പോൾ ഐസ് ആക്സും കാലും കൂടി ഒരുമിച്ച് വച്ച ഞങ്ങളുടെ കൂട്ടത്തിലെ ഒരു പെൺകുട്ടി താഴേക്ക് പതിച്ചു. നെഞ്ചോളം താഴ്ന്നുപോയ പെൺകുട്ടിയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. നടന്നുകയറുന്നതിനിടെ താനും മഞ്ഞിനു മുകളിലേക്കു വീണു. നോക്കിയപ്പോൾ നീല വെളിച്ചമാണ് വരുന്നത്. ഉറപ്പില്ലാത്ത മഞ്ഞുമലയിൽ നിന്ന് തന്നെ വടം ഉപയോഗിച്ചാണ് സംഘാംഗങ്ങൾ പുറത്തെടുത്തത്. മഞ്ഞുപ്രതലം ഉറപ്പില്ലാത്തതിനാൽ പാറകൾ പോലെ ഇതു കാറ്റടിക്കുന്പോൾ താഴെ വീഴും. മഞ്ഞുപാറ അടർന്നു വീണപ്പോൾ ആദ്യം ഭയന്നു. പിന്നീടുള്ള കയറ്റത്തിലും ഇത് ഇടയ്ക്കു ഭീഷണിയായി. എല്ലാം സഹിച്ചു മല മുകളിലെത്തിയപ്പോൾ പിറ്റേന്നു രാവിലെ 11.30. തുടർന്നുള്ള കയറ്റത്തിൽ മഞ്ഞ് ഉറപ്പില്ലെന്ന് ടീം ലീഡർ അറിയിച്ചു. യാത്ര ഇവിടെ അവസാനിപ്പിക്കാൻ നിർദേശം. ഇനി 20 അടി മാത്രമാണ് മുകളിലേക്കുള്ളത്. ലഡാക്ക് മലനിരകളിൽ നിന്ന് താഴേക്ക് നോക്കുന്പോൾ തനിക്കൊപ്പം നാലുപേർ മാത്രം. തങ്ങൾ നാലുപേർ ചേർന്ന് ദേശീയ പതാക ഉയർത്തുന്പോൾ വല്ലാത്തൊരു അഭിമാനബോധം. പിന്നാലെ മറ്റുള്ളവർ കൂടി ലക്ഷ്യം കണ്ടു. പിന്നീടുള്ള മടക്കയാത്രയും അതിസാഹസികമായിരുന്നു. കയറിയതിനേക്കാൾ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു മടക്കം. പലയിടത്തും മഞ്ഞിനുപുറത്തുകൂടി നിരങ്ങി ഇറങ്ങേണ്ടിവന്നു. താഴെ ക്യാന്പിലെത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമായി. ഒരാഴ്ചയോളം ക്യാന്പിൽ കഴിച്ചുകൂട്ടേണ്ടിവന്നു. പുറത്തേക്ക് ഇറങ്ങാൻ പോലുമാകാത്ത സ്ഥിതി. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകാനാകുന്നില്ല, കൈ കഴുകാനും കുടിക്കാനുമൊക്കെ വെള്ളം ചൂടാക്കിയെടുക്കണം. കുളിക്കാൻ കഴിയുന്നില്ല. ഒരാഴ്ചയ്ക്കുശേഷം വെള്ളം ചൂടാക്കി തലയിൽ മാത്രം ഒഴിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ആകെപ്പാടെ ജീവിതത്തിൽ ഒരു മാറ്റം. ഈ യാത്ര ജീവിതത്തിൽ സമ്മാനിച്ച അനുഭവങ്ങളേറെയാണ്.

ലക്ഷ്യം സൈനികസേവനം

അഞ്ജന ടി. ചന്ദ്രൻ ലക്ഷ്യംവയ്ക്കുന്നത് സൈനിക സേവനമാണ്. എൻസിസിയിൽ അംഗമായതും സാഹസികദൗത്യങ്ങൾ ഏറ്റെടുക്കാൻ തയാറാകുന്നതും നല്ലൊരു സൈനിക ഓഫീസറാകണമെന്ന ലക്ഷ്യത്തോടെയാണെന്ന് അഞ്ജന പറയുന്നു.
പന്തളം എൻഎസ്എസ് കോളജിൽ ഡിഗ്രിക്കു ചേർന്ന വർഷംതന്നെ എൻസിസിയിൽ ചേർന്ന് സജീവപങ്കാളിത്തം ഉരപ്പുവരുത്തി. ഇതിനിടെയാണ് പർവ്വതാരോഹണത്തിൽ താത്പര്യമുള്ളവരെ സംഘടിപ്പിച്ച് ചെങ്ങന്നൂരിലെ എൻസിസി കേരള പത്താം ബറ്റാലിയൻ പരിപാടി സംഘടിപ്പിച്ചത്. വിവരമറിഞ്ഞപ്പോൾതന്നെ അഞ്ജന അപേക്ഷനൽകി. തുടർന്ന് എഴുത്തുപരീക്ഷയും അഭിമുഖത്തിനും ശേഷം പ്രാഥമിക യോഗ്യത ലഭിച്ചു. എൻസിസി ബറ്റാലിയൻ ഓഫീസർ നന്പ്യാർ സാറും മറ്റും നൽകിയ പ്രോത്സാഹനം ഏറെ പ്രയോജനപ്രദമായി.

ന്യൂഡൽഹിയിൽ ആരോഗ്യ-കായികക്ഷമത പരീക്ഷയായിരുന്നു ആദ്യ പരിശീലന ഘട്ടം. ഇതിനായി എൻസിസി ഓഫീസർമാർക്കൊപ്പം കഴിഞ്ഞ മേയ് 10നാണ് ഡൽഹിയിലേക്ക് തീവണ്ടി കയറിയത്. ലഡാക്ക് യാത്ര സ്വപ്നം കണ്ട് വണ്ടികയറിയ അഞ്ജന വിജയശ്രീലാളിതായായി തിരികെയെത്തണമേയെന്ന പ്രാർഥനയിലാണ് മാതാപിതാക്കൾ യാത്രയാക്കിയത്. ഡൽഹിയിലെ 10 ദിവസത്തെ പരിശീലനം പൂർത്തീകരിച്ചു. മലകയറുന്പോൾ വഹിക്കേണ്ട ഭാരിച്ച ബാഗുമായി 10 കിലോമീറ്റർ ദിവസവും നടക്കണമായിരുന്നു.17 കിലോഗ്രാമായിരുന്ന ബാഗിന്‍റെ ഭാരം. ഇതോടൊപ്പം മെഡിക്കൽ പരിശോധനകളും കൃത്യമായി നടന്നു. ഭക്ഷണത്തിലും മറ്റും പ്രത്യേക ചിട്ടകളുണ്ടായിരുന്നു. ശരീരഭാരം ക്രമീകരിക്കാൻ കഴിയുന്ന രീതിയിൽ ഭക്ഷണം ശീലമാക്കി. ക്യാന്പിലും ഹിന്ദിയിലായിരുന്നു സംസാരം.

പരിശീലനത്തിന്‍റെ ഭാഗമായി പാരച്യൂട്ട് ജംപിഗും വശമാക്കി. പരിശീലനത്തിന് 51 പേർ അടങ്ങുന്ന സംഘമാണ് ആദ്യമുണ്ടായിരുന്നത്. ഇതിലും ഏക മലയാളി അഞ്ജന മാത്രം. പരിശീലനം പൂർത്തിയായപ്പോൾ ഇതിൽ നിന്ന് 20 പേരായി ചുരുക്കപ്പെട്ടു. പരിശീലനത്തിന്‍റെ ഭാഗമായുള്ള ആദ്യയാത്ര മണാലിയിലേക്കായിരുന്നു. ആറു മലകൾ അനായാസം താണ്ടി യോഗ്യത തെളിയിച്ചു. മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കി. ഇതിൽ രണ്ടു പേർ പരാജയപ്പെട്ടതോടെ 18 അംഗമായി സംഘം ചുരുങ്ങി. മണാലിയിലെ പരിശീലനത്തിനുശേഷം ബേസിക് ക്യാന്പായ ലേഡിലേക്കിലേക്കു കൊണ്ടുപോകുകയായിരുന്നു. അവിടെനിന്ന് തണുത്തുറഞ്ഞു കിടക്കുന്ന ബ്രിഗുവിൽ കൊണ്ടുപോയി പരിശീലനം നൽകി. വിവിധഘട്ടങ്ങളിലുള്ള മഞ്ഞുമലകളിലൂടെയുള്ള യാത്ര ഇങ്ങനെയാണ് പരിശീലിപ്പിച്ചത്.

അഞ്ജനയുടെ കുടുംബം


തട്ട പടുക്കോട്ടുങ്കൽ വേലൻപറന്പിൽ ചന്ദ്രൻ - തങ്കമണി ദന്പതികളുടെ മകളാണ് അഞ്ജന. പന്തളം പെരുന്പുളിക്കലാണ് താമസം. അച്ഛൻ വെറ്റില കർഷകനാണ്. കുടുംബത്തിന്‍റെ ഏകവരുമാനവും ഇതാണ്. സഹോദരൻ അരുണിന് വർക്ക്ഷോപ്പിൽ ചെറിയ ജോലിയുണ്ട്. ചെറുപ്പം മുതൽ മക്കൾ അച്ഛനെ കൃഷികാര്യങ്ങളിൽ സഹായിച്ചിരുന്നു. എന്തുജോലിയും ചെയ്യാനുള്ള താത്പര്യം അഞ്ജനയ്ക്കു ചെറുപ്പം മുതൽ ഉണ്ടായിരുന്നു. പന്തളം എൻഎസ്എസ് സ്കൂളിലായിരുന്നു 12-ാം ക്ലാസ് വരെ പഠനം. സ്പോർട്സിലും കന്പമുണ്ടായിരുന്നു. കോളജിൽ ഡിഗ്രിക്കു ചേർന്നതോടെ എൻസിസി കേഡറ്റായി മാറിയ അഞ്ജനയിലെ കഴിവുകൾ ഓഫീസർമാർ ശ്രദ്ധിച്ചു. റിപ്പബ്ലിക്ദിന പരേഡിലേക്കു പരിഗണിച്ചിരുന്നു.

കഥകളിയും തായ്ക്വാൻഡയും അഭ്യസിക്കുന്നുണ്ട്. തട്ട ഉണ്ണികൃഷ്ണൻ ആശാന്‍റെ കീഴിലാണ് കഥകളി അഭ്യസിക്കുന്നത്. അരങ്ങേറ്റം കുറിച്ച അഞ്ജന നിരവധി വേദികളിൽ വേഷം കെട്ടിയിട്ടുണ്ട്. ലഡാക്ക് യാത്രയിലെ ഇടവേളയിലും അഞ്ജന കെട്ടി ആടിയ ശിവതാണ്ഡവം ഒപ്പമുള്ളവരുടെ പ്രശംസപിടിച്ചുപറ്റി. പെരുന്പുളിക്കലെ തേയ്ക്കാത്ത രണ്ടുമുറി വീടിനുള്ളിൽ കഴിഞ്ഞുവരുന്ന ഈ ബഹുമുഖ പ്രതിഭ രാഷ്ട്രത്തിന്‍റെ സ്വത്താണ്. വെല്ലുവിളികൾ ഏറ്റെടുക്കാൻ ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നു പ്രഖ്യാപിക്കാനും ഈ 18 കാരിക്കു കഴിയുന്നു.

ബിജു കുര്യൻ