പ്രിയ, അശോകന്‍റെ സ്വന്തമായിട്ട് മൂന്ന് പതിറ്റാണ്ട്...
Friday, February 10, 2017 5:32 AM IST
നിഷ്കളങ്കത നിറഞ്ഞ നർമരംഗങ്ങളിലൂടെ മലയാളിയെ മനസറിഞ്ഞു ചിരിപ്പിച്ച ഹരിശ്രീ അശോകൻ വിവാഹ ജീവിതത്തിന്‍റെ മൂന്ന് പതിറ്റാണ്ട് പിന്നിട്ടതിന്‍റെ സന്തോഷത്തിലാണ്. പക്ഷേ, 30-ാം വാർഷികം തന്‍റെ പ്രിയതമയ്ക്ക് ഒപ്പം ആഘോഷിക്കാൻ കഴിയാത്തതിന്‍റെ ചെറിയ വിഷമവും അദ്ദേഹത്തിനുണ്ട്. നവാഗതനായ ടോണി ചിറ്റേട്ടുകളം സംവിധാനം ചെയ്യുന്ന "ചക്കരമാവിൻ കൊന്പത്ത്' എന്ന ചിത്രത്തിന്‍റെ പാലക്കാട്ടെ സെറ്റിൽ വച്ചായിരുന്നു ആഘോഷം നടന്നത്. ഭാര്യയുടെ അസാന്നിധ്യത്തിലും ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആഘോഷം പൊടിപൊടിച്ചു.

ഷൂട്ടിംഗിനിടയിൽ തിടുക്കത്തിൽ സംഘടിപ്പിച്ചതുകൊണ്ടാണു തന്‍റെ ഭാര്യ പ്രിയയ്ക്കു ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നു ഹരിശ്രീ അശോകൻ പറഞ്ഞു. മൂന്ന് വർഷം മുൻപത്തെ വിവാഹ വാർഷികം അമേരിക്കയിലാണ് ഇരുവരും ആഘോഷിച്ചത്. ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയിൽ പോയപ്പോഴായിരുന്നു വിവാഹ വാർഷിക ദിവസമെത്തിയത്. അടുത്ത സുഹൃത്തായ സംവിധായകൻ നാദിർഷ അവിടെ ആഘോഷം സംഘടിപ്പിച്ചു. ഷോയ്ക്കെത്തിയ 1,500 ഓളം പേർ എഴുന്നേറ്റ് നിന്ന് തങ്ങൾക്ക് ആശംസ അറിയിച്ചത് ഇന്നും മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് അശോകൻ പറയുന്നു.



ഒരിടവേളയ്ക്കുശേഷം ഹരിശ്രീ അശോകൻ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചക്കരമാവിൻ കൊന്പത്ത്. പത്രപ്രവർത്തകനായിരുന്ന ടോണി ചിറ്റേട്ടുകളത്തിന്‍റെ ആദ്യ സംവിധാന സംരഭമാണിത്. ജോയ് മാത്യു, മീര വാസുദേവ്, കിഷോർ, ബിജുക്കുട്ടൻ, അഞ്ജലി നായർ, മാസ്റ്റർ ഗൗരവ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഏപ്രിലിൽ ചിത്രം തീയറ്ററുകളിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.