എന്തിന് ഇങ്ങനെയൊക്കെ ചെയ്യുന്നു..‍? ആമി വിവാദത്തിൽ കമൽ മറുപടി പറയുന്നു
Saturday, February 18, 2017 1:16 AM IST
മഞ്ജുവാര്യരെ ആമിയിൽ നായികയാക്കരുതെന്ന് നടൻ ദിലീപ് ആവശ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചരണം പച്ചക്കള്ളമാണെന്ന് സംവിധായകൻ കമൽ ദീപികയോട് പറഞ്ഞു.

കമലിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ആമി. അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ(മാധവിക്കുട്ടി) ജീവിത കഥ പറയുന്ന ചിത്രമാണിത്. കമലാസുരയ്യയുടെ വേഷം ചെയ്യാൻ ആദ്യം തയാറായ ബോളിവുഡ് നടി വിദ്യാ ബാലൻ ചിത്രത്തിൽനിന്ന് പിൻമാറിയിരുന്നു. ഈ സാഹ ചര്യത്തിലാണ് ഏറെ അന്വേഷണങ്ങൾക്കൊടുവിൽ മഞ്ജു വാര്യരെ ആമിയാക്കാൻ കമൽ തീരുമാനിച്ചത്.

മഞ്ജുവാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ആമിയെന്ന് ഇതിനോടകം തന്നെ സിനിമാ മേഖല വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ജുവാര്യരുടെ മുൻ ഭർത്താവ് കൂടിയായ നടൻ ദിലീപ് ആമിയായി മഞ്ജുവിന് അവസരം നൽകരുതെന്ന് കമലിനോട് പറഞ്ഞതായും കമൽ ദിലീപിന്‍റെ ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടർന്ന് ഇരുവരും വഴക്കിട്ടെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചത്.

ദിലീപ് നേതൃത്വം നൽകുന്ന സംഘടനയുടെ അധീനതയിലാണ് കേരളത്തിലെ തിയറ്ററുകളെല്ലാം. അതുകൊണ്ട് ചിത്രം തിയറ്ററുകളിലെത്തുന്പോൾ ദിലീപ് ചിത്രത്തെ പരാജയ പ്പെടുത്താൻ ശ്രമിക്കുമെന്നും കിംവദന്തികൾ പ്രചരിച്ചു.

എന്നാൽ പുറത്തുവരുന്ന വാർത്തകളെല്ലാം പച്ചക്കള്ള മാണെന്നാണ് കമൽ പറയുന്നത്. ദിലീപ് പ്രഷണൽ നടനാണ്. മഞ്ജുവാര്യർ പ്രഫഷണൽ നടിയും. ഇരുവരും അഭിനയത്തെ പ്രഫഷണലായി മാത്രം കാണുന്നയാളുകളാണ്. എന്‍റെ ചിത്രത്തിൽ മഞ്ജുവിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആവശ്യപ്പെടുന്നയാളല്ല ദീലീപ്. ഞങ്ങൾ തമ്മിൽ വഴക്കിട്ടെന്ന വാർത്തകളൊക്കെ ആരോ പടച്ചുവിടു ന്നതാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്..- കമൽ പറയുന്നു.

കമലിന്‍റെ സംവിധാന സഹായിയായാണ് ദിലീപ് സിനിമയിൽ തുടക്കം കുറിക്കുന്നത്. കമൽ ദിലീപിനു ഗുരുതുല്യനാണ്. മഞ്ജുവാര്യരുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ച ദിലീപ് അടുത്തിടെയാണ് നടി കാവ്യാമാധവനെ വിവാഹം കഴിച്ചത്.

ദീർഘനാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കമൽ ആമിയിലെ നായികയെ തീരുമാനിച്ചത്. വിദ്യാ ബാലനാണ് ആമിയുടെ വേഷത്തിലെത്തുന്നതെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ചിത്രീകരണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ വിദ്യ ചിത്രത്തിൽ നിന്നും പിൻമാറി. വിദ്യ ചിത്രത്തിൽ നിന്ന് എന്തിനാണ് പിൻമാറിയതെന്ന് ഇതുവരെ കമലിന് അറിയില്ല. തുടർന്ന് പല നടിമാരെയും ആമിയാകാൻ പരിഗണി ച്ചെങ്കിലും മഞ്ജുവാര്യരിലേക്ക് തന്നെ കമൽ എത്തിപ്പെടുകയായിരുന്നു. ആമിയാകാൻ തീരുമാനിച്ച മഞ്ജുവാര്യർ അതിനായുള്ള തയാറെടുപ്പിലുമാണ് ഇപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.