ജൂഡിനോട് മേയർ: മാന്യമായി സംസാരിക്കാൻ അറിയാത്തവർ എങ്ങനെ സാമൂഹ്യ പ്രതിബദ്ധത തെളിയിക്കും?
Friday, April 7, 2017 3:21 AM IST
സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിനെതിരേ നൽകിയ പരാതിക്ക് വിശദീകരണവുമായി കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്ത്. വിഷയത്തിൽ ജൂഡ് ഫേസ്ബുക്കിലൂടെ നടത്തിയ വിശദീകരണത്തിനുള്ള മറുപടിയും സംഭവത്തിൽ തനിക്ക് പറയാനുള്ളതുമാണ് സൗമിനി വ്യക്തമാക്കിയിരിക്കുന്നത്.

ജൂഡ് നല്ലൊരു സംവിധായകനാണെന്ന മുഖവുരയോടെ തുടങ്ങുന്ന വിശദീകരണത്തിൽ മികച്ച തിരക്കഥ തയാറാക്കി ഇരയെ വേട്ടക്കാരനാക്കാനും അദ്ദേഹത്തിന് കഴിവുണ്ടെന്ന് സൗമിനി ആരോപിക്കുന്നു. കുട്ടികൾക്കെതിരേ നടക്കുന്ന ആക്രണങ്ങൾക്ക് വേണ്ടിയുള്ള ബോധവത്കരണത്തിനായി ഹ്രസ്വചിത്രം ഷൂട്ട് ചെയ്യുന്നതിന് സുഭാഷ് പാർക്ക് ആവശ്യപ്പെട്ട് ജൂഡ് വന്നപ്പോൾ തനിക്കുണ്ടായത് ദുരനുഭവമാണെന്ന് സൗമിനി പറയുന്നു.

ജൂഡ് ആദ്യം വന്നപ്പോൾ തന്നെ പാർക്ക് വിട്ടുതരുന്നതിനുള്ള തടസം താൻ അറിയിച്ചിരുന്നു. പിന്നീട് മന്ത്രിയുടെ ശിപാർശ കത്തുമായി വന്നപ്പോഴും നഗരസഭാ കൗണ്‍സിലാണ് സുഭാഷ് പാർക്ക് ഷൂട്ടിംഗിന് വിട്ടുകൊടുക്കേണ്ട എന്ന തീരുമാനമെടുത്തിരിക്കുന്നതെന്ന് താൻ അറിയിച്ചതാണ്. എന്നാൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് കാണിച്ചുതരാമെന്നും ആരുടെ അനുമതി വാങ്ങാതെയും താൻ ഷൂട്ടിംഗ് നടത്തുമെന്നും ഭീഷണി മുഴക്കിയാണ് ജൂഡ് തന്‍റെ ഓഫീസ് മുറിവിട്ടത്.

തന്‍റെ സഹപ്രവർത്തകരുടെ മുന്നിൽ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചതുകൊണ്ടാണ് താൻ പരാതി നൽകിയത്. ജൂഡ് മുൻപ് മറ്റ് പലരെയും ഫേസ്ബുക്കിലൂടെ ആക്ഷേപിച്ച കാര്യവും സൗമിനി ഓർമിപ്പിക്കുന്നു. മന്ത്രി എം.എം.മണിയെയും ഫേസ്ബുക്കിൽ തന്‍റെ പോസ്റ്റിനെതിരേ പ്രതികരിച്ച ഒരാളുടെ പിതാവിന് പറഞ്ഞതും എല്ലാം താങ്കളുടെ സ്വഭാവ വൈകല്യം തെളിയിക്കുന്നതാണെന്നും സൗമിനി ആരോപിക്കുന്നു.

ഒരു സ്ത്രീയെന്ന ഒറ്റക്കാരണത്താൽ തന്നെ അപമാനിച്ച വ്യക്തി സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ ഹ്രസ്വചിത്രം എടുത്ത് ബോധവത്കരണം നടത്തുന്നത് വിരോധാഭാസമാണെന്നും സൗമിനി ജെയിൻ പരിഹസിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.