ലാലേട്ടനെ ആക്ഷേപിച്ച് വീണ്ടും കെ.ആർ.കെ; ട്വിറ്ററിൽ ആരാധകരുടെ പൊങ്കാല
ചോട്ടാ ഭീമിനെ പോലിരിക്കുന്ന മോഹൻലാൽ ഭീമനായി അഭിനയിച്ച് നിർമാതാവിന്‍റെ കാശ് കളയണോ എന്ന ട്വീറ്റിന് ശേഷം കമാൽ ആർ. ഖാൻ (കെ.ആർ.കെ) വീണ്ടും ആരാധകരെ പ്രകോപിപ്പിച്ച് രംഗത്ത്. ആദ്യത്തെ ട്വീറ്റിനോട് കടുത്ത രോഷത്തോടെ പ്രതികരിച്ച ആരാധകരെ കൂടി അധിക്ഷേപിച്ചാണ് രണ്ടാം ട്വീറ്റ് വന്നിരിക്കുന്നത്.

രാംഗോപാൽ വർമയുടെ സിനിമകളിലൂടെയാണ് മോഹൻലാലിനെ പരിചയം. ആ സിനിമകളിൽ അദേഹത്തെ കാണാൻ ജോക്കറെ പോലെയുണ്ടെന്നാണ് കെ.ആർ.കെയുടെ പുതിയ കണ്ടെത്തൽ. അതിനാൽ ലാലിനെ ചോട്ടാ ഭീം എന്നു വിളിച്ചാൽ എന്താണ് കുഴപ്പമെന്നുമാണ് പുതിയ ട്വീറ്റിൽ കെ.ആർ.കെ ചോദിക്കുന്നത്.



മാത്രമല്ല ലാലേട്ടൻ ആരാധകരെ ഇഡിയറ്റ്സ് എന്നും കെ.എർ.കെ പരിഹസിക്കുന്നു. മോഹൻലാലിന് ട്വിറ്ററിൽ 1.7 മില്യണ്‍ ഫോളോവേഴ്സുണ്ടെങ്കിൽ തനിക്ക് 3.7 മില്യണ്‍ പേരുണ്ടെന്നും കണക്കുകൂട്ടിയാൽ ആരാണ് വലിയ സ്റ്റാർ എന്ന് ബോധ്യമാകുമെന്നും കെ.ആർ.കെ പറയുന്നു.

എന്നാൽ ട്വീറ്റ് വന്നതിന് പിന്നാലെ ലാലേട്ടൻ ഫാൻസ് കെ.ആർ.കെയുടെ ട്വിറ്റർ പേജിൽ പൊങ്കാല തുടങ്ങി. തനി മലയാളത്തിൽ പച്ചത്തെറിയാണ് കെ.ആർ.കെയ്ക്ക് ആരാധകർ സമ്മാനിക്കുന്നത്.