സ്കൂൾ ബാഗിനുള്ളിൽ പാന്പ്; ഞെട്ടിവിറച്ച് വിദ്യാർഥികൾ
എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ നിന്നും പാന്പിനെ കണ്ടെത്തയത് സ്കൂളിനെ മുഴുവൻ പരിഭ്രാന്തിയിലാക്കി. തെലുങ്കാനയിലെ ജഗിത്യലയിലുള്ള ലന്പടിപ്പള്ളി സ്കൂളിൽ വെച്ചാണ് പ്രവീണ്‍ എന്ന വിദ്യാർഥിയുടെ ബാഗിൽ നിന്നും പാന്പിനെ കണ്ടെത്തിയത്. ബുക്കെടുക്കാനായി ബാഗിനകത്ത് കൈയിട്ട പ്രവീണിന്‍റെ കൈയിൽ തണുപ്പുള്ള എന്തോ സ്പർശിച്ചു. അത് എന്താണെന്ന് അറിയാൻ പുറത്തേക്ക് വലിച്ചെടുത്തപ്പോഴാണ് തന്‍റെ ബാഗിനകത്ത് കിടന്നത് പാന്പാണെന്ന് പ്രവീണിനു മനസിലായത്.

ഉടൻ ബാഗ് വലിച്ചെറിഞ്ഞ് അലറിക്കരഞ്ഞുകൊണ്ട് ഓടിയ കുട്ടി പാന്പ് പാന്പ് എന്നു ഉറക്കെ ഒച്ചവെച്ചപ്പോൾ ഇതു കേട്ട് സമീപ ക്ലാസുകളിലെ കുട്ടികളും ഇറങ്ങിയോടുകയായിരുന്നു. അവർക്കൊപ്പം അധ്യാപകരും. എന്നാൽ ചില അധ്യാപകർ ബാഗ് പരിശോധിച്ചപ്പോൾ പാന്പ് ബാഗിനുള്ളിൽ തന്നെയുണ്ടെന്ന് മനസിലാക്കി. ഇവർ അറിയിച്ചതനുസരിച്ചെത്തിയ പാന്പ് പിടുത്തക്കാരാണ് പാന്പിനെ പിടികൂടിയത്. കുട്ടിയുടെ വീട്ടിൽവച്ചാകാം പാന്പ് ബാഗിൽ കയറിയതെന്നാണ് കരുതുന്നത്.