വിശന്നുവലഞ്ഞ് ഭക്ഷണം തേടി ആനയും കുഞ്ഞും വീട്ടുപടിക്കൽ; വീഡിയോ വൈറൽ
Monday, December 4, 2017 3:47 AM IST
രാത്രി അതിക്രമിച്ചു വീട്ടിൽ കയറിയ രണ്ട് ആനകൾ ഭക്ഷണം തേടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കോയന്പത്തൂരിലെ പെരിയാനിക്കൻപാളയത്താണ് സംഭവം. ഒരു പിടിയാനയും കുട്ടിയാനയുമാണ് ഇവിടെ എത്തിയത്. ഭക്ഷണത്തിനായി അൽപ്പസമയം ഇവിടെ തിരഞ്ഞതിനു ശേഷം ഒന്നും ലഭിക്കാത്തതിനാൽ ഇവർ മടങ്ങി പോകുകയായിരുന്നു. നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്.





ലോകത്ത് ഏറ്റവും കൂടുതൽ ഏഷ്യൻ ആനകളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ എഴുപത് ശതമാനത്തോളം ആനകൾക്ക് മതിയായ വാസസ്ഥലം ലഭ്യമല്ല. മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ആനകൾ എത്തുവാനുള്ള പ്രധാനകാരണമിതാണ്. ഇത്തരം സംഭവങ്ങൾ നടക്കുന്നത് പ്രധാനമായും ആസാം, തമിഴ്നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ്. എന്നാൽ ഓരോവർഷവും ആനയുടെ ആക്രമണത്തിൽ നൂറു പേർ ഇന്ത്യയിൽ മരിക്കുന്നുമുണ്ട്. അതിനൊപ്പം തന്നെ മനുഷ്യരുടെ ആക്രമണത്തിൽ ആനകളും ക്രൂരമായി കൊല്ലപ്പെടുന്നുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുന്പ് ബെംഗാളിലെ ബംൻകുരയിലെ പ്രദേശവാസികൾ ആനയുടെയും കുട്ടിയാനയുടെയും ശരീരത്തിൽ തീകൊളുത്തിയ സംഭവം വലിയ വാർത്തയായിരുന്നു. തീയാളുന്ന ശരീരവുമായി പ്രാണവേദനയോടെ ഇരുവരും ഓടുന്നതിന്‍റെയു ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ കത്തിപ്പടർന്നിരുന്നു. "നരകം ഇവിടാണ്' എന്ന തലക്കെട്ടോടെ വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ ബിപ്‌ലബ് ഹസ്റ പങ്കുവെച്ച ചിത്രത്തിന് മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം അദ്ദേഹത്തിനു നേടിക്കൊടുക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.